സൂഫികളുടെ നാട്ടിലൊരു നോമ്പുതുറ
ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മുസ്ലിങ്ങൾ ആയ തുർക്കിയിലെ നോമ്പ് തുറ വ്യത്യസ്തമായ ഒരു അനുഭവം ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു, ഈ നോമ്പ് കാലത്ത് തുർക്കിയിൽ യാത്ര ചെയ്ത ലേഖിക.

മെഡിറ്ററേനിയൻ തീരത്തെ പുരാതന നഗരമായ അന്ഥാല്യ (Antalya) യിൽ നിന്നും റൂമിയുടെയും സൂഫികളുടെയും നഗരമായ കോന്യയിലേക്കുള്ള ബസ് യാത്രയിലാണ് ബെയ്സയെ പരിചയപ്പെടുന്നത്. അന്ന് നോമ്പ് ഒന്നായിരുന്നു. ബസ് ബർദുർ എന്ന ചെറിയ പട്ടണത്തിലെത്തിയപ്പോൾ വെളുത്ത് കൊലുന്നനെയുള്ള ഹിജാബ് ധരിച്ച ഒരു പെൺകുട്ടി കയറി. തനിയെ ഒരു സീറ്റിൽ കാലും കയറ്റി വച്ച് മൊബൈൽ നോക്കിക്കൊണ്ടിരുന്ന അവൾ മലപ്പുറത്തോ കോഴിക്കോട്ടോ ഉള്ള ഒരു താത്തക്കുട്ടിയെ ഓർമ്മിപ്പിച്ചു.
പിന്നീട് ബസിലെ പയ്യൻ 'ഡെപ്യൂട്ടി' (യാത്രക്കാർക്ക് വെള്ളം, കാപ്പി, സ്നാക്ക്സ് ഒക്കെ വിതരണം ചെയ്യുന്ന ആൾ, ഒരു "ഗ്ലോറിഫൈഡ്" കിളി അതാണ് ഡെപ്യൂട്ടി) യുമായി സംസാരിക്കേണ്ടി വന്നു. അവനും ഞങ്ങളും തമ്മിൽ ടർക്കിഷും ആംഗ്യഭാഷയുമായി കലമ്പൽ കൂട്ടിയപ്പോൾ Do you speak English? എന്നൊരു ചോദ്യവുമായി നമ്മുടെ താത്തക്കുട്ടി സഹായത്തിനെത്തി. അവൾ ഞങ്ങൾക്ക് വേണ്ടി ഡെപ്യൂട്ടിയോട് സംസാരിച്ചു .
ബർദുർ നഗരത്തിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയാണ് ബെയ്സ. നോമ്പ് ആയതുകൊണ്ട് കുറച്ചു ദിവസത്തെ അവധിയിൽ കോന്യയിലെ വീട്ടിലേക്ക് പോകുകയാണ് അവൾ. ഞങ്ങളും അവളും ഡെപ്യൂട്ടിയും കൂടെ ഇന്ത്യയെപ്പറ്റിയും തുർക്കിയെപ്പറ്റിയും നോമ്പിനെപ്പറ്റിയും ഹിന്ദി സിനിമയെപ്പറ്റിയും ഇന്ത്യൻ ഭക്ഷണത്തെപ്പറ്റിയും മറ്റും സംസാരിച്ചു. കോന്യയിൽ ഞങ്ങൾക്ക് താമസിക്കാനായി ചില ഹോട്ടലുകളിൽ വിളിച്ചു വിവരങ്ങൾ ഒക്കെ അന്വേഷിച്ചു തന്നു അവൾ. (തുർക്കിയിൽ ഇംഗ്ലീഷ് അറിയുന്നവരെ കാണുന്നത് വലിയ ആശ്വാസം ആയിരുന്നു.) കോന്യ ഓട്ടോഗറിൽ (ബസ് ടെർമിനൽ) എത്തിയപ്പോൾ ഞങ്ങൾക്ക് അവിടത്തെ യാത്ര കാർഡ് എടുത്തുതന്ന് ഞങ്ങൾക്ക് പോകേണ്ട മെവ് ലാന (റൂമിയെ മെവ് ലാന എന്നാണ് തുർക്കികൾ വിളിക്കുക. നമ്മുടെ മൗലാന തന്നെ) എന്ന സ്റ്റോപ്പിലേക്കുള്ള ട്രാമിൽ കയറ്റിവിട്ട ശേഷമാണ് അവൾ പോയത് (ഓരോ നഗരത്തിലും അവിടത്തെ ട്രാവൽ കാർഡ് എടുത്താൽ ബസ്, ട്രാം, മെട്രോ, ബോട്ട് തുടങ്ങി എല്ലാ വാഹനങ്ങളിലും സഞ്ചരിക്കാം) ഫോട്ടോ എടുത്ത് നമ്പരൊക്കെ വാങ്ങി ഞങ്ങൾ ചിരപരിചിതരെ പോലെ പിരിഞ്ഞു. മെവ് ലാനയിൽ ട്രാം ഇറങ്ങിയ ഞാനും ഭർത്താവും ഹോട്ടൽ റൂമി എന്ന് പേരുള്ള ഒരു ഹോട്ടലിലാണ് മുറി എടുത്തത്. വാടക അല്പം കൂടുതൽ ആയിരുന്നെങ്കിലും ഒരു poetic justice ന് വേണ്ടിയാണ് ആ ഹോട്ടൽ തന്നെ തെരഞ്ഞെടുത്തത്.
മെവ് ലാന ജലാലുദീൻ റൂമി
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജലാലുദീൻ റൂമി, പേർഷ്യൻ കവിയും തത്വചിന്തകനും സൂഫിസത്തിലെ മെവ് ലാന വിഭാഗത്തിന്റെ പരമാചാര്യനുമായിരുന്നു. അഫ്ഗാനിലെ ബാൽക്കൻ പ്രവിശ്യയിൽ ജനിച്ച ജലാലുദീൻ റൂമി അന്നത്തെ സെൽജൂക് സുൽത്താന്റെ ക്ഷണപ്രകാരം കോന്യയിൽ സ്ഥിരതാമസമാക്കുകയും അവിടെ സൂഫി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. റൂമിയുടെ ശവകുടീരം കോന്യയിലെ മെവ് ലാന ആശ്രമത്തിലാണ്. മെവ് ലാന മ്യുസിയം, മെവ് ലാന കൾച്ചറൽ സെന്റർ എന്നിവയും റൂമിയുടെ ഓർമ്മക്കായി നിലകൊള്ളുന്നു. സൂഫിസത്തെ പറ്റിയുള്ള രേഖകളും അനുബന്ധ വിവരങ്ങളുമാണ് മെവ് ലാന എന്ന ഈ സ്ഥലത്തെ പ്രധാന കാഴ്ചയും അറിവും എല്ലാം. മതവിഷയങ്ങളിൽ വളരെ അയഞ്ഞ സമീപനം ഉള്ള തുർക്കിയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി യാഥാസ്ഥികമായ ഒരു ചുറ്റുപാടാണ് കോന്യയിൽ.
സെമ ഫെസ്റ്റിവൽ
മറ്റൊരു പ്രധാന കാഴ്ച മെവ് ലാന കൾച്ചറൽ സെന്ററിൽ ശനിയാഴ്ച തോറും നടക്കുന്ന സെമ ഫെസ്റ്റിവൽ ആണ്. സൂഫി ഡെർവീഷുകളുടെ ആരാധനയായ സെമ എന്ന അനുഷ്ഠാനം ഒരുതരം ആരാധനയും അതോടനുബന്ധിച്ചുള്ള ശരീരം ചുറ്റിച്ചുകൊണ്ടുള്ള പ്രത്യേക തരം നൃത്തവുമാണ്. (ലോകം മുഴുവൻ whirling dervishes എന്നറിയപ്പെടുന്നത് നിരന്തരമായ ആരാധനാ പരിശീലനം നേടിയ ഈ സൂഫീ ശിഷ്യന്മാരാണ്.) തുർക്കി യാത്ര പ്ലാൻ ചെയ്തു തുടങ്ങിയപ്പോൾ മുതൽ ശനിയാഴ്ച ദിവസം മെവ് ലാന കൾച്ചറൽ സെന്ററിൽ തന്നെ ഈ നൃത്തം കാണണമെന്ന് ഭർത്താവിന് നിർബന്ധമായിരുന്നു.

മുറിയിൽ ചെന്ന് ഒരു പകൽ നീണ്ട യാത്രയുടെ ക്ഷീണം ഒരു കുളിയിൽ ഒഴുക്കി ഞങ്ങൾ മെവ് ലാന കൾച്ചറൽ സെന്ററിൽ എത്തി. അപ്പോഴാണ് നോമ്പ് മൂലം പരിപാടി രാത്രി 9 മണിയിലേക്ക് നീക്കി വച്ച വിവരം അറിയുന്നത്. ഒമ്പത് മണി വരെ കറങ്ങി നടക്കുകയും വൈകിട്ടത്തെ ഭക്ഷണം കഴിക്കുകയും ചെയ്യാമെന്ന തീരുമാനത്തിൽ ഞങ്ങൾ പുറത്തിറങ്ങി. അടുത്തൊരു പള്ളിയിൽ നിന്ന് ബാങ്ക് വിളി മുഴങ്ങി. നാട്ടിലെ പോലെ പള്ളിയിൽ ഭക്ഷണവിതരണം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും അനക്കമറ്റ് കിടക്കുന്ന പള്ളിയങ്കണം നിരാശപ്പെടുത്തി. ഞങ്ങൾ ഒരു ചെറിയ ഭക്ഷണശാല കണ്ടുപിടിച്ചു. കോന്യയിലെ പ്രത്യേക ഭക്ഷണമായ etly ekmek (ഇറച്ചി ചേർത്ത ഒരു തരം ചപ്പാത്തി) എന്ന പലഹാരമാണ് അവിടെ ഉണ്ടാക്കുന്നത്. ഗോതമ്പ് മാവ് കുഴച്ചുരുട്ടി നീളത്തിൽ പരത്തി, കൊത്തിനുറുക്കിയ ഇറച്ചി മസാല അതിന്റെ പുറമെ നിരത്തിയ ശേഷം തുഴ പോലുള്ള വലിയ ചട്ടുകത്തിൽ നിരത്തി ചൂളയിൽ ചുട്ടെടുക്കുന്നു. നമ്മൾ റൊട്ടി ഉണ്ടാക്കുന്ന ആളുമായി ചങ്ങാത്തം കൂടി. ബീഫ് കഴിച്ചാൽ അലർജി ഉണ്ടെന്നും എനിക്ക് ചീസും മുട്ടയും ചേർത്ത് ഒരു റൊട്ടി ഉണ്ടാക്കി തരാമോ എന്നും ആംഗ്യത്തിലും എനിക്കറിയാവുന്ന മുറി ടർക്കിഷിലും അയാൾക്കറിയാവുന്ന മുറി ഇംഗ്ലീഷിലും ഒക്കെ പറഞ്ഞു മനസിലാക്കി കഴിഞ്ഞപ്പോൾ "യുറേക്കാ" എന്ന് ആർത്തുവിളിക്കാൻ തോന്നി. ഞങ്ങൾ ഒരുമിച്ചു തന്നെ ചൂളയിൽ അത് ചുട്ടെടുത്തു. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും പ്രത്യേക സ്നേഹം. പിന്നെ ഹോട്ടലിലെ എല്ലാ ജോലിക്കാരും ഞങ്ങളും ഒരു മേശക്ക് ചുറ്റുമിരുന്നു ഭക്ഷണം കഴിച്ചു. മുൻപേ കഴിച്ചു കഴിഞ്ഞവർ ഞങ്ങൾക്ക് കട്ടൻ ചായയും മറ്റു വിഭവങ്ങളും വിളമ്പിത്തന്നു. അപ്പോൾ അതൊരു ഹോട്ടലിൽ നിന്നും ഒരു ഇഫ്താർ സംഗമം ആയി മാറി! നോമ്പിന്റെ സന്തോഷം, ഒരുമിച്ചു കൂടലും പങ്കുവെച്ചു കഴിക്കലും ഒക്കെയാണല്ലോ. അങ്ങനെ നോക്കുമ്പോൾ നോമ്പ് എടുത്തില്ലെങ്കിലും നോമ്പിന്റെ സത്ത മുഴുവനും ഉൾക്കൊണ്ടു എന്ന് തോന്നി. ഇനിയെന്നെങ്കിലും ഇവരെയൊക്കെ കാണുമോ എന്നു ചിന്തിച്ചുകൊണ്ട് സന്തോഷകരമായ ഒരു നോമ്പ് തുറ അനുഭവവുമായി ഞങ്ങൾ തിരികെപ്പോന്നു.
മെവ് ലാന കൾച്ചറൽ സെന്ററിൽ എത്തുമ്പോൾ സെമ തുടങ്ങാനുള്ള amphitheatre പോലുള്ള വേദി തയ്യാറായിരുന്നു. ഡെർവിഷുകളുടെ ആരാധന തുടങ്ങി. നോമ്പ് ആയതുകൊണ്ട് പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു. അല്പം വിഷാദച്ഛവി കലർന്ന വാദ്യ സംഗീതവും വരികളും. സ്വയം മറന്നുള്ള ദേഹ ചലനങ്ങൾ. എല്ലാം കൂടി നമ്മളെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചേർക്കുന്ന സമയമായിരുന്നു അത്. ഒരാൾ തന്റെ അഹം വെടിഞ്ഞു സംഗീതത്തിന്റെ അകമ്പടിയിൽ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദൈവത്തെ കണ്ടെത്തുകയും ചെയ്യുന്ന അവസ്ഥ. ഇസ്ലാം മതത്തിന്റെ യാഥാസ്ഥിതിക നിലപാടുകളിൽ നിന്നും സംഗീതം, നൃത്തം, തത്വചിന്ത ഒക്കെക്കൂടി വ്യത്യസ്തമായ ഒരനുഭവം ആയി സെമ.
ഒരു ടർക്കിഷ് ഭവനത്തിൽ
പിറ്റേ ദിവസം മെവ് ലാനയിലെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ ബെയ്സയുടെ മെസ്സേജ്. നോമ്പ് തുറക്കാൻ അവളുടെ വീട്ടിലേക്കുള്ള ക്ഷണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾക്ക് വളരെ സന്തോഷമായി. തുർക്കിയിലേക്ക് യാത്ര ചെയ്യുമ്പോൾ തന്നെ ഒരു ടർക്കിഷ് കുടുംബത്തെ സന്ദർശിച്ചാൽ കൊള്ളാം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അവൾ വീട്ടിനടുത്തെ ട്രാം സ്റ്റേഷനും വീട്ടിലേക്കുള്ള വഴിയും അയച്ചു തന്നു. നമ്മൾ സാധാരണ കുട്ടികളൊക്കെയുള്ള ഒരു വീട്ടിലേക്ക് പോകുമ്പോൾ എന്ന പോലെ ഒരു മധുരപ്പൊതിയും വാങ്ങി യഥാസമയം ട്രാം സ്റ്റേഷനിൽ എത്തി, ഗൂഗിൾ മാപ് നോക്കി നടന്നു ചെല്ലുന്ന വഴിയിൽ തന്നെ ബെയ്സ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നഗരപ്രാന്തത്തിലുള്ള ഒരു ഇടത്തരം ഫ്ലാറ്റ് ആയിരുന്നു അവളുടെ വീട്. ഷൂസ് ഊരി വീടിനകത്തേക്ക് കയറുമ്പോൾ തന്നെ അകത്ത് ഇടാൻ തുണികൊണ്ടുള്ള ചെരുപ്പുകൾ തന്നു.(തുർക്കികൾ പാദരക്ഷകൾ നിർബന്ധമായും പുറത്ത് വെക്കുന്നു, നിലത്തിട്ട കമ്പളം അഴുക്കാകാതിരിക്കാൻ. വീടിനകത്ത് ഇടുന്ന മൃദുവായ ചെരുപ്പുകൾ തണുപ്പിൽ നിന്ന് രക്ഷ തരുകയും ചെയ്യുന്നു). വീടിനകത്ത് സുഖകരമായ ഇളം ചൂട്. അതുകൊണ്ട് തന്നെ ജാക്കറ്റ് ഒക്കെ ഊരി വെക്കാം. അതൊക്കെ അവളും 10 ഉം 7 ഉം വയസുള്ള കുഞ്ഞനുജത്തിമാരും കൂടി വാങ്ങി യഥാസ്ഥാനത്ത് കൊണ്ട് വച്ചു. അവളുടെ മാതാപിതാക്കളും രണ്ടു അനുജത്തിമാരുമാണ് അവിടെ ഉള്ളത്, പിന്നെ വല്ലിമ്മയും. മൂത്ത ചേച്ചി അന്ഥാല്യയിൽ പഠിക്കുകയാണ്. മറ്റൊരു രാജ്യക്കാരെ കണ്ട സന്തോഷവും അങ്കലാപ്പും ഉണ്ടെങ്കിലും ബെയ്സയുടെ translation ന്റെ ബലത്തിൽ അവർ ഒത്തിരി വീട്ടുകാര്യവും നാട്ടുകാര്യവും ഒക്കെ പങ്കുവെച്ചു. ഞങ്ങൾ കരുതിയ മധുരപ്പൊതി അവളുടെ അനുജത്തിമാർ പൂച്ചക്കണ്ണുകളിലെ തിളക്കത്തോടെ കൈപ്പറ്റി.

അവളുടെ അച്ഛൻ കുറച്ച് മുറി ഇംഗ്ലീഷ് സംസാരിക്കും. അദ്ദേഹം ഒരു ഇലക്ട്രീഷൻ ആണ്. നാലു പെൺകുട്ടികൾ ഉള്ള ഒരു ഇടത്തരക്കാരൻ പിതാവ്. തുർക്കിയിലെ വിലക്കയറ്റത്തെക്കുറിച്ച് അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അവളുടെ ഉമ്മ സൗമ്യമായ കണ്ണുകളുള്ള ഒരു സാധാരണക്കാരി വീട്ടമ്മ. മുഖം നിറയെ പുഞ്ചിരിയും വായ് നിറയെ വർത്താനങ്ങളുമായി മുഴുവൻ നേരവും എന്നെ ചേർത്ത് പിടിച്ചിരുത്തി അവളുടെ വല്ലിമ്മ (ഉമ്മയുടെ ഉമ്മ). പറയുന്നതിന്റെ വാച്യാർത്ഥം അറിഞ്ഞില്ലെങ്കിലും മറുപടിയൊക്കെ ഞാൻ മലയാളത്തിൽ പറഞ്ഞു കൊടുത്തു. വല്ലിമ്മമാരൊക്കെ എല്ലാ നാട്ടിലും ഒരു പോലെ തന്നെ.
പിന്നീട് ചായ സൽക്കാരം ആയിരുന്നു. "കുനാഫ" എന്ന പ്രസിദ്ധമായ മധുരപലഹാരമായിരുന്നു പ്രധാന വിഭവം. പിന്നെ പലതരം മധുരങ്ങൾ, നോമ്പ് കാലത്തെ സ്പെഷ്യൽ ആയ ഒരു തരം വലിയ പരന്ന റൊട്ടി, ഉണക്കപ്പഴങ്ങൾ, സൂര്യകാന്തിയുടെയും മത്തന്റെയും വിത്തുകൾ (പലതരം വിത്തുകൾ ഉണക്കി വറുത്തത് തുർക്കിയിൽ പ്രധാന സ്നാക്ക് ആണ്). വേറൊരു വിഭവം റംസാൻ കാലത്ത് തുർക്കിയിൽ വിശേഷമായി കുടിക്കുന്ന ഒട്ടോമൻ ഷർബത്ത് ആണ് (നമ്മുടെ സർബത്ത് തന്നെ). മുന്തിരിയും ചെറിയും പഞ്ചസാരയും കറുവപ്പട്ടയും എല്ലാം ചേർത്ത് വാറ്റിയെടുക്കുന്ന വിശേഷ പാനീയമാണ് ഒട്ടോമൻ ഷർബത്ത്. പിന്നെ ചായ, അത് കട്ടൻ ചായയാണ്. ഡിക്കോഷൻ തയ്യാറാക്കി വച്ച് യഥേഷ്ടം ചൂട് വെള്ളം ചേർത്ത് കുടിക്കുന്നതാണ് രീതി. ഇഷ്ടം പോലെ ഒഴിച്ച് തരും. മധുരം ആവശ്യാനുസരണം ചേർത്ത് കുടിക്കണം. അങ്ങനെ ഒന്നര മണിക്കൂറോളം ഞങ്ങൾ ഭക്ഷണ മേശയിൽ പങ്കിട്ടു. പത്ത് മണി ആയപ്പോൾ ഇനി പോകണ്ടേ എന്നായി ഞങ്ങൾ. എത്ര പാതിരാ ആയാലും വണ്ടി കിട്ടാൻ ബുദ്ധിമുട്ടില്ല എന്ന് അവരും. മനസില്ലാ മനസോടെ ഞങ്ങൾ അവരോട് യാത്ര പറഞ്ഞു. അവളുടെ ഉമ്മയും വല്ലിമ്മയും എന്നെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. ബെയ്സയും അച്ഛനും കുഞ്ഞനിയത്തിയും ഞങ്ങളെ ട്രാം സ്റ്റേഷൻ വരെ കൊണ്ട് വന്നാക്കി. സ്നേഹവും സംഗീതവും കൊണ്ട് ദൈവത്തെ കണ്ടെത്തിയ റൂമിയുടെ നാട്ടിൽ നിന്നൊരു സ്നേഹബന്ധം. ഞങ്ങൾക്കായി കരുതിയ മധുരപ്പൊതിയും അതിലേറെ മധുരം ഹൃദയത്തിലും വാങ്ങി പോരുമ്പോൾ വളരെ അടുത്ത ഒരു ബന്ധു വീട്ടിൽ നിന്നും പോരുന്നത് പോലെ തോന്നി.
ബ്ലൂ മോസ്കിന്റെ മുറ്റത്ത്
ഇസ്താംബൂളിൽ ബോസ്ഫറസിന്റെ കരയോട് ചേർന്ന് കിടക്കുന്ന കുന്നിൻ മുകളിലെ ഒരു റമദാൻ വൈകുന്നേരം. പ്രസിദ്ധമായ ഹാഗിയ സോഫിയ (തുർക്കിഷ് ഉച്ചാരണം ഹയാ സോഫിയ)യ്ക്കും ബ്ലൂ മോസ്ക്കിനും ഇടയിലുള്ള വലിയ മൈതാനം. വീട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞെടുത്ത് വന്ന് കുടുംബസമേതം മൈതാനത്തെ (മൈതാനത്തിന് മെയ്ദാൻ എന്നാണ് ടർക്കിഷ് ഭാഷയിൽ) ബെഞ്ചുകളിലും പുൽത്തകിടിയിലും നോമ്പുതുറ സമയം കാത്തിരിക്കുന്ന ജനങ്ങൾ. അതിൽ എല്ലാ മതക്കാരുമുണ്ട്. നോമ്പുള്ളവരും നോമ്പില്ലാത്തവരും കൗതുകത്തിനു വന്നവരും ഒക്കെയുണ്ട്. എല്ലാത്തിനും ഇടയിൽ കൂറ്റൻ നായ്ക്കളും കൊച്ചു പുലികളെ പോലെയുള്ള പൂച്ചകളും ധാരാളം കറങ്ങി നടക്കുന്നു. തുർക്കി യാത്രയിൽ വീണു കിട്ടിയ ഒരു അവസരമായിരുന്നു ഞങ്ങൾക്കത്. ആകാശത്ത് ചുവപ്പ് രാശി പരന്നു തുടങ്ങി. മഞ്ഞുകാലം കഴിഞ്ഞയുടനെയുള്ള ദിവസങ്ങൾക്ക് നീണ്ട പകലുകളാണ്. സൂര്യൻ വളരെ വൈകിയാണ് യാത്രയാകുന്നത്. 7 .4 5 നാണ് നോമ്പ് തുറ. ബോസ്ഫറസിൽ നിന്നും ഉയർന്നു പൊങ്ങുന്ന കടൽപക്ഷികളും ബ്ലൂ മോസ്കിന്റെ മിനാരങ്ങളിൽ നിന്നും പറന്നുനീങ്ങുന്ന വെൺപ്രാവുകളും കലപില കൂട്ടുന്ന അന്തരീക്ഷം. ഹയാ സോഫിയ പള്ളിയുടെ മുറ്റത്ത് നിർത്തിയിട്ട വലിയ വാനുകളിലും മറ്റുമായി നോമ്പുതുറ വിഭവങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഞങ്ങളും പോയി ക്യൂവിൽ നിന്നു. തുർക്കി പോലൊരു രാജ്യത്തെ നോമ്പനുഭവം യാത്രക്കാരായ ഞങ്ങൾക്കും അസുലഭം തന്നെ. ക്യൂ നിന്നു വാങ്ങിയ വിഭവങ്ങളുമായി ഞങ്ങളും ഒരു ബെഞ്ചിൽ ഇടം പിടിച്ചു.

അല്ലാഹു അക്ബർ...!!! സംഗീതാത്മകമായി ബാങ്ക് വിളി മുഴങ്ങുകയാണ്. (തുർക്കിയിൽ ബാങ്ക് വിളി ഈണത്തിലും സമയമെടുത്തുമാണ്) ആദ്യം ബ്ലൂ മോസ്കിൽ നിന്നും തൊട്ടു പിറകെ ഹയാ സോഫിയയിൽ നിന്നും ബാങ്ക് വിളി ഉയർന്നു. ബ്ലൂ മോസ്കിന്റെ മിനാരങ്ങൾക്കിടയിൽ ആകാശത്ത് നിന്നും തൂക്കിയിട്ടത് പോലെ അലങ്കാരവിളക്കുകളിൽ വലിയ അക്ഷരങ്ങൾ തെളിഞ്ഞു HAK DIN ISLAM DIR (സത്യമുള്ള മതം ഇസ്ലാം മതം) ഈത്തപ്പഴവും വെള്ളവും കഴിച്ച് വിശ്വാസികൾ നോമ്പ് തുറന്നു. ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങൾക്കു മുന്നിലെ ക്യൂ ഇപ്പോഴും തീർന്നിട്ടില്ല. തുർക്കിയിലെ പ്രത്യക തരം സ്നാക്ക് ആയ സിമിറ്റ് എന്ന റൊട്ടി, ചെറിയ തരം കേക്ക്, ബർഗർ പോലെ ഉള്ളിൽ ഇറച്ചി നിറച്ച ഒരു വിഭവം, വലിയ കോപ്പ നിറയെ പരിപ്പ് സൂപ്പ്, വെള്ളം, ഈത്തപ്പഴം ഒക്കെയാണ് വിഭവങ്ങൾ.
സുൽത്താനഹ്മത് ചത്വരം
ഹയാ സോഫിയ, ബ്ലൂ മോസ്ക് എന്നീ ഇരട്ട പള്ളികൾ ഇരിക്കുന്ന സ്ഥലത്തിന് പേര് സുൽത്താനഹ്മത് (Sultanahmet) എന്നാണ്.
1603 മുതൽ 1617 വരെയുള്ള കാലത്തെ ഒട്ടോമൻ സുൽത്താൻ ആയിരുന്ന സുൽത്താൻ അഹമ്മദ് 1 ന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ബ്ലൂ മോസ്ക് പണി കഴിപ്പിച്ചത് അദ്ദേഹമാണ്. ബ്ലൂ മോസ്കിന്റെ മറ്റൊരു പേര് സുൽത്താൻ അഹമ്മദ് ജാമി എന്നാണ് (ജാമി എന്നാൽ പള്ളി എന്നർത്ഥം). സുൽത്താനഹ്മത് ചത്വരത്തിന്റെ ഒരു ഭാഗത്ത് പള്ളികളും മറുഭാഗത്ത് ഒരു വലിയ മൈതാനവുമാണ്. ഈ മൈതാനം അറിയപ്പെടുന്നത് "ഹിപ്പൊഡ്രോം ഓഫ് കോൺസ്റ്റാന്റിനോപ്പിൾ" എന്നാണ്. പുരാതന ഈജിപ്ത്തിൽ നിന്നുള്ള സ്മാരകങ്ങളും നാലാം നൂറ്റാണ്ടിൽ നിന്നുള്ള ചില സ്തൂപങ്ങളും നിയോ ബൈസന്റൈൻ ശൈലിയിൽ പണിത ഫൗണ്ടൈനും മറ്റും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. അടുത്ത് വട്ടത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ ഞങ്ങൾക്ക് അവർ വീട്ടിൽ നിന്ന് കൊണ്ട് വന്ന മധുരപലഹാരങ്ങൾ തന്നുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞവർ പാർക്ക് ചെയ്ത വാഹനങ്ങളിലേക്കു നടക്കുന്നു. ബാക്കിയുള്ളവർ സംഭാഷണങ്ങളിൽ മുഴുകി നേരം പോക്കുന്നു. ഇരുട്ട് വീണുതുടങ്ങി, തണുപ്പും.
തുർക്കിയിലെ സിറിയൻ അഭയാർത്ഥികൾ
സുൽത്താനഹ്മത്തിൽ നിന്നും ട്രാം കയറി എമിനോനു എന്നൊരു ഹബിൽ എത്തി. ബോട്ടും ബസും ട്രാമും മെട്രോയും ഒക്കെ വന്നു ചേരുന്നൊരു ഹബ് ആണ് എമിനോനു. അവിടുന്ന് വേണം ഞങ്ങൾ താമസിക്കുന്ന തക്സിം സ്ക്വയറിനടുത്തേക്കുള്ള ബസ് പിടിക്കേണ്ടത്. ഒമർ ഹയാം (Omer Hayyam) എന്നാണു ഞങ്ങളുടെ ബസ് സ്റ്റോപ്പിന്റെ പേര്. (നമ്മുടെ ആ ഉമർ ഖയ്യാം തന്നെ!)
പോകുന്ന വഴിയിൽ എന്റെ ജാക്കറ്റിന് പിന്നിൽ ദുർബലമായ ഒരു സ്പർശം. ഒരു ചെറിയ ബാലൻ ആണ്. ഞാൻ നോക്കിയപ്പോൾ അവൻ കുറച്ചു ദൂരേക്ക് വിരൽ ചൂണ്ടി. അവന്റെ അമ്മയും രണ്ടു ചെറിയ കുട്ടികളും വഴിയോരത്തിരിക്കുന്നു. സൗജന്യമായി ആവോളം ഭക്ഷണം വിതരണം ചെയ്യുന്ന ഒരിടത്തുനിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ ദൂരത്തിൽ ഈ നോമ്പ് തുറ സമയത്ത് തണുത്തും വിശന്നും ഇരിക്കുന്ന ആ അമ്മയും മക്കളും മനസ്സിനെ നോവിച്ചു. പെട്ടെന്നാണ് ഓർത്തത് നോമ്പ് തുറ വിഭവങ്ങളിൽ പലതും ഞങ്ങളുടെ ബാഗിലുണ്ട്. വേഗം അതെടുത്തു അവന്റെ കയ്യിൽ കൊടുത്തു. കൂടാതെ ഞാൻ വഴിക്ക് കഴിക്കാൻ കരുതിയിരുന്ന കുറച്ച് ഉണക്കപ്പഴങ്ങളും. അവനതും വാങ്ങി അമ്മക്കരികിലേക്ക് ഓടി. തുർക്കിയിൽ പലയിടത്തും കാണാനിടയായ സിറിയൻ അഭയാർഥികളിൽ പെട്ടവരാണ് അവരും. സിറിയയിൽ നിന്നുള്ള ലക്ഷക്കണക്കിന് അഭയാർഥികളാണ് തുർക്കിയിൽ ഉള്ളത്. ലോകത്തു നടക്കുന്ന അധിനിവേശങ്ങൾക്കും പലായനങ്ങൾക്കും ഇരയാവുന്നത് ഇത്തരം പാവങ്ങളാണല്ലോ.
തുർക്കിയിലെ നോമ്പ്
തുർക്കി യാത്രയ്ക്കിടയിലെ നോമ്പനുഭവങ്ങൾ വ്യത്യസ്തമായിരുന്നു. 90 ശതമാനത്തിലധികം മുസ്ലിങ്ങൾ ആണെങ്കിലും വസ്ത്രധാരണത്തിലും ആചാരങ്ങളിലും യാഥാസ്ഥിതികരായ വളരെ കുറച്ച് ആളുകളെ മാത്രമേ കണ്ടുള്ളു. മിക്കവാറും ആളുകൾ, ഹിജാബ് ധരിച്ചവർ അടക്കം ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ കാശ്മീരിൽ പണ്ടൊരു നോമ്പ് കാലത്ത് വലിയ ടാർപ്പായ കൊണ്ട് മറച്ച നാടൻ ചായക്കടയിൽ മറഞ്ഞിരുന്നു ഭക്ഷണം കഴിക്കുന്ന ഗ്രാമീണരെ ഓർമ്മ വന്നു. നോമ്പ് കാലമാണെങ്കിലും അന്നാട്ടുകാർ വിനോദയാത്ര പോകുകയും പൊതുസ്ഥലങ്ങളിൽ ഇഫ്താറിന് ഒരുമിച്ചു കൂടുകയും ഒക്കെ ചെയ്യുന്നുണ്ട്. യാത്രക്കാർക്കും നോമ്പ് ഇല്ലാത്തവർക്കും പകൽ സമയത്ത് ഭക്ഷണം കിട്ടുന്നതിനും ഒന്നും തടസമില്ല. ഭാഷ ഒഴികെ പുറം നാട്ടുകാർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവാനിടയില്ല തുർക്കിയിൽ. ബോസ്ഫറസിനപ്പുറം മാർമാര കടലിലെ prince's island ലൂടെ നടക്കുമ്പോൾ ഒരു ആൾക്കൂട്ടം കണ്ട് ചെന്ന് നോക്കിയതാണ്. അവിടെ മുനിസിപ്പാലിറ്റി വക റൊട്ടി വിതരണം ആണ്. നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ഒക്കെയുണ്ട് അതിന്റെ പങ്ക്.
പുകവലി
ലോകത്തിൽ ഏറ്റവും അധികം പുകവലിയന്മാരുള്ള തുർക്കിയിൽ പൊതുസ്ഥലത്ത് പകൽ സിഗരറ്റ് വലിക്കുന്ന സ്ത്രീപുരുഷന്മാരെ കണ്ടാൽ ഇവിടത്തെ നോമ്പിന് സിഗരറ്റ് ഒഴിവാക്കി കൊടുത്തിട്ടുണ്ടോ എന്ന് തോന്നും. സ്ത്രീ പുരുഷ ഭേദമില്ലാതെ വളരെ വ്യാപകമായി പുകവലിക്കുന്ന ആളുകളെ ഇഷ്ടംപോലെ കണ്ടു. പിന്നെ നഗരത്തിലെ നാലും കൂടിയ മുക്കിലൊക്കെ (town square) കട്ടൻ ചായയും കുടിച്ച് സിഗരറ്റും വലിച്ച് സൊറ പറഞ്ഞിരിക്കുന്ന വൃദ്ധന്മാർ ഒരു രസമുള്ള കാഴ്ചയായിരുന്നു. എനിക്കേറ്റവും ഇഷ്ടമായത് അതിൽ പ്രായമായ സ്ത്രീകളും ധാരാളം ഉണ്ടെന്നുള്ളതാണ്. നമ്മുടെ നാട്ടിലെ സൈനു താത്തയും അമ്മിണിയമ്മയും ഒക്കെ പാന്റും വലിയ നീളൻ കോട്ടും ഒക്കെയിട്ട് മുക്കിലെ ചായപ്പീടികയിൽ ചായയും കുടിച്ചു ബീഡിയും വലിച്ചിരിക്കുന്നത് ചുമ്മാ സങ്കല്പിച്ചു നോക്കീ.
അത്താഴം മുട്ട്
ഒരു കാലത്ത് മലബാറിൽ വ്യാപകമായി ഉണ്ടായിരുന്ന, "അത്താഴം മുട്ട്" (നോമ്പ് കാലത്ത് രാത്രി ഭക്ഷണം കഴിക്കുന്നതിനായി ആളുകളെ ദഫ് പോലെയുള്ള വാദ്യം മുട്ടി ഉണർത്തുന്ന രീതി) തുർക്കിയിൽ കേട്ടു എന്നത് അതിശയകരമായിരുന്നു. നോമ്പ് കാലത്ത് ഞങ്ങൾ താമസിച്ച കോന്യ, കപ്പഡോക്കിയ, ഇസ്താംബൂൾ എല്ലായിടത്തും ഈ പതിവുണ്ടായിരുന്നു. ഒരു മൂന്നു മണി സമയത്ത് പുറത്ത് തെരുവിൽ ആരോ നടക്കുന്നതും കേൾക്കാം മുട്ടിന്റെ ശബ്ദവും കേൾക്കാം. മുട്ടി മുട്ടി ആ ശബ്ദം ദൂരേക്ക് ദൂരേക്ക് പോകും. എണീറ്റ് പോയി നോക്കാൻ ഉറക്കവും തണുപ്പും അനുവദിച്ചില്ല. വളരെ ദിവസങ്ങൾക്ക് ശേഷമാണ് അത് തിരിച്ചറിഞ്ഞത് തന്നെ.
ഏകദേശം നാലാഴ്ചയോളം നീണ്ട തുർക്കി യാത്രയിൽ, ഓരോ സ്ഥലങ്ങളിലും ഭാഷയും വഴിയും ഒക്കെ അറിയാതെ ബുദ്ധിമുട്ടിയ നേരത്തെല്ലാം അങ്ങോട്ട് ചോദിക്കാതെ തന്നെ സഹായവുമായി വന്ന ഒത്തിരി ആളുകളുണ്ട്. പൊതുവെ സഹായമനസ്കരായ ആളുകൾ, ഇന്ത്യക്കാരാണെന്ന് അറിയുമ്പോൾ പ്രത്യേക സ്നേഹവും കരുതലും കാണിച്ചു. ഉപവാസവും പ്രാർത്ഥനകളും കൊണ്ട് നോമ്പ് കാലത്ത് വിശ്വാസികൾ ആത്മാവിൽ പുതുക്കപ്പെടുന്നു. അതു പോലെ, യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും കൊണ്ട് യാത്രികനും നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു...