പാപികളുടെ തീരത്ത് പതിനാല് പ്രഭാതങ്ങൾ
ഒരു കടൽ നെറച്ചുമുള്ള അനുഭവങ്ങളുണ്ട്, കൂടെ പോരാൻ. എപ്പോഴും അടിച്ചുകൊണ്ടിരിക്കുന്ന തിരകളുള്ള, തീർത്തും പ്രവചനാതീതമായ, കിറുക്കുള്ള കടലുണ്ട് ഇന്റെ ഉള്ളില്. കഴിഞ്ഞ പതിനാല് ദിനരാത്രങ്ങൾ അത്ഭുതങ്ങളുടേതായിരുന്നു, പടച്ചോന്റെ. ഇനിക്ക് അനുഗ്രഹത്തിന്റെയും, ഉന്മാദത്തിന്റെയും..!

ആമുഖം: The Beach of Sinners
വാക്കടവ് പാപികളുടെ കടൽ തീരമാണ്. അതോണ്ടാവും ഇനിക്ക് ഇവിടം വീടായി തോന്നുന്നത്. അതെ ഞാൻ പാപിയാണ്. ചെയ്യാത്ത പാപങ്ങളില്ല. പടച്ചോൻ വിലക്കിയതെല്ലാം ഞാൻ തേടിപ്പോയി. ചെയ്തു. "തിന്മ"യുടെ കെണിയിൽ അകപ്പെട്ടുപോയി ഞാൻ.
ആ കഥക്ക് മുന്നേ, ഞാൻ വാക്കടവിന്റെ കഥ പറയാം. കടലുണ്ടിയുടെ സാംസ്കാരിക മണ്ഡലത്തിൽ വാക്കടവിന്റെ പ്രാധാന്യത്തെ പറ്റി പറയാം. പേടിയാട്ട് കുന്നിലെ അമ്മയാണ് കടലുണ്ടിക്കാരുടെ ഏറ്റവും പ്രധാനപെട്ട ഭഗവതി. അമ്മക്ക് ഒരുപാട് മക്കളുണ്ട്. അവരിൽ ഒരാളായിരുന്നു ജാദവൻ. ജാദവൻ ഇന്റെ പോലെയായിരുന്നു. അയാളൊരു പാപിയായിരുന്നു. മനസ്സിൽ സ്നേഹമുള്ള പാപി. അയാൾ കുടിയനായിരുന്നു. കഞ്ചാവ് വലിക്കുമായിരുന്നു. വൃത്തിയില്ലാതെ മുടി നീട്ടി കുളിക്കാതെ നടക്കുമായിരുന്നു. ഒരിക്കലും സമൂഹത്തിന്റെ കൈയടിക്ക് വേണ്ടി അയാള് ഒന്നും ചെയ്തില്ല. അയാള് സത്യം തേടി നടന്ന സന്ദേഹിയായ വിശ്വാസിയായിരുന്നു.
പക്ഷേ ഏറെ താമസിയാതെ, നാട്ടുകാരുടെ കുത്തുവാക്കുകൾ അമ്മയുടെയും ചെവിയിൽ എത്തി. ഒരൂസം കള്ള് കുടിച്ച് രാത്രി വീട്ടിലേക്ക് കേറി വന്ന ജാദവനെ അമ്മ ആട്ടിപ്പുറത്താക്കി. അമ്മയെ ജീവന് തുല്യം സ്നേഹിച്ച ജാദവന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മൂപ്പര് കരഞ്ഞു കാലുപിടിച്ചു. ദയവ് ചെയ്ത് പുറത്താക്കരുതെന്ന് കെഞ്ചി. അമ്മ നല്ല ദേഷ്യത്തിലായിരുന്നു. വീട് വിട്ട് പോവാൻ മൂപ്പര് കൂട്ടാക്കിയില്ല. വീട് നഷ്ടപ്പെടുന്നതിനേക്കാൾ ഏറെ മൂപ്പർക്ക് അമ്മയെ പിരിയാനുള്ള പ്രയാസമായിരുന്നു. അമ്മക്കും മോനോട് സ്നേഹമുണ്ടായിരുന്നു. ഓന്റെ സ്വഭാവം മാറാൻ വേണ്ടി ഇത് അനിവാര്യമായിരുന്നെന്ന് അമ്മക്ക് നന്നായി അറിയാമായിരുന്നു. എന്നാലും സ്നേഹം കൊണ്ട് അമ്മ പറഞ്ഞു, അനക്ക് കൊല്ലത്തിൽ ഒരിക്കൽ ഇന്നെ കാണാം. തുലാം പത്തിന്, ദീപാവലിയുടെ അടുത്ത ദിവസം നീ കടലിൽ പോയി കുളിച്ച് പാപം കഴുകി വരുമ്പോ, ഞാൻ പുറത്തിറിങ്ങി നിക്കാം. അന്ന് അനക്ക് ഇന്നെ ഒരു നോട്ടം കാണാം.

സങ്കടത്തോടെ, മനസ്സില്ലാ മനസോടെ ജാദവൻ എവിടെക്കെന്നില്ലാതെ നടന്നു. ആ പുറത്താക്കലിന് ശേഷം ജാദവൻ നീണ്ട തപസ്സു ചെയ്തു. ആത്മാവ് ശുദ്ധമാവാൻ. ജാദവൻ തപസ്സു ചെയ്ത ആ ഇടം പിന്നീട് ജാദവൻ കോട്ടയെന്ന് അറിയപ്പെട്ടു.
ജാദവൻ വാക്കടവിൽ വന്ന് കടലിൽ കുളിച്ച് ആത്മാവും ശരീരവും ശുദ്ധീകരിച്ച് അമ്മയെ കാണാൻ വരുന്ന ആ വരവാണ് കടലുണ്ടിക്കാർക്ക് വാവുത്സവം. ആണ്ടിൽ ഒരിക്കൽ നടക്കുന്ന ഈ ഉത്സവം തന്നെയാണ് കടലുണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവും. ഒരു ദേശത്തിന്റെ ഉത്സവം.
ഇന്നിപ്പോ ഞാൻ രാവിലെ നടക്കാൻ പോവാറ് വാക്കടവിലേക്കാണ്. എന്നും രാവിലെ എന്തൊക്കെയോ ആലോയിച്ച് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. കടൽവെള്ളത്തിൽ കാല് കഴുകി സ്വയം വൃത്തിയാക്കും. എന്നും ഉള്ള ഈ നടത്തതിനെ ഇന്റെ പാപങ്ങൾ കഴുകി കളയാനുള്ള നടത്തമായാണ് ഇനിക്ക് തോന്നാറ്. ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഇത് ഇന്നെപ്പോലെയുള്ള പാപികളുടെ തീരമാണെന്ന്. അത് കൊണ്ടാവും ഇനിക്കിവിടം ഇത്രക്ക് ഇഷ്ടം. കഴുകിക്കളയാൻ പറ്റാത്ത കറകളില്ലല്ലോ. ഞാനും ജാദവനും പാപികളായിരുന്നു. കാലത്തിനു മായ്ക്കാൻ പറ്റാത്ത വല്ല കറകളുമുണ്ടോ?! പാടുകളുണ്ടോ?! പാപങ്ങളുണ്ടോ?!
വാക്കടവിൽ അലഞ്ഞു നടന്ന ആ പതിനാല് പ്രഭാതങ്ങളിൽ ഞാനൊരു മജ്നൂനായി മാറി. കാഴ്ച്ചക്ക് കാണാത്ത അർത്ഥങ്ങൾ കിട്ടാൻ തുടങ്ങി. എല്ലാത്തിലും പടച്ചോന്റെ പ്രണയം കാണാൻ തുടങ്ങി. ദുനിയാവിലേക്ക് അലിയാൻ തുടങ്ങി.
ഒന്നാം നാള്. Soul Connections
ജാനീസ് വിളിച്ചിരുന്നു സുബ്ഹിക്ക്. നാല്പതു പ്രണയ നിയമങ്ങൾ തൊട്ട് തുടങ്ങിയ വർത്താനം ഉറ്റവരുടെ മരണങ്ങൾ വരെ സഞ്ചരിച്ചു. റൂഹ്കൾ തമ്മിലുള്ള ബന്ധത്തെ പറ്റിയായിരുന്നു അന്ന് മനസിലായത്. ആരും ഞമ്മളെ ജീവിതത്തിലേക്ക് വെറുതെ വരുന്നില്ല. എല്ലാ കണ്ടുമുട്ടലുകളിലും കൂടിച്ചേരലുകളിലും പടച്ചോന്റെയൊരു കൈയുണ്ട്. സന്ദേശമുണ്ട്. ഞമ്മക്ക് ഒരുപാട് ദൂരം സഞ്ചരിക്കുമ്പോ ചില ബന്ധങ്ങളുടെ പൊരുൾ മനസിലാവും. ചിലത് എത്ര പോയാലും തിരിയൂല. എന്തെങ്കിലും ഒന്ന് അവശേഷിപ്പിക്കാതെ ഒരു തിരയും കര വിട്ട് പോവാത്ത പോലെ, ആരും വെറും കയ്യോടെ ഞമ്മളെ ജീവിതത്തിലേക്ക് കടന്നുവരുന്നില്ല. കടന്നു പോവുന്നില്ല..!
രണ്ടാം നാള്. Fanaa
കടൽത്തീരത്തൊരു മീൻപിടുത്തക്കാരൻ. അയാള് കടലിലേക്ക് ഇറങ്ങി തിരയിൽ കുളിച്ച് കൊറേ നേരമായി ഒരേ നിൽപ്പ് നിക്കുന്നു. കഴുത്തിന്റെ പുറകിലേക്ക് തോളിലൂടെ ഇട്ടു പിടിച്ചിരിക്കുന്നൊരു വലയുണ്ട് മൂപ്പരെ കയ്യിൽ. ഇടയ്ക്കെപ്പോഴോ ഇനിക്ക് അയാളെ കണ്ടിട്ട്, കടലിൽ ഒരുപാട് കാലമായിട്ട് ഉള്ളൊരു പ്രതിമയെ പോലെ തോന്നി. കൊറേ നേരം അയാളെ നോക്കിയിരുന്നപ്പോഴാണ് മനസിലായത് അയാള് കടലിൽ അലിഞ്ഞു പോയിരിക്കുന്നെന്ന്. വല എയ്യാൻ പോലും മറന്നു പോയിരിക്കുന്നെന്ന്. ചിലർ അങ്ങനെയാണ്. പടച്ചോനോട് അടുത്ത് നിക്കും. ചില സമയം അങ്ങനെയാണ്. കടലിലും തിരയിലും നുരയിലും പതയിലും പടച്ചോനെ കണ്ട്, ഞമ്മള് തരിച്ചുപോവും.
മൂന്നാം നാള്. Eye of Majnun
മഴ പെയ്ത ആ പെരുന്നാൾ പുലരിയിൽ ഞാൻ പാപികളുടെ തീരത്തായിരുന്നു. മഴയിൽ കുളിച്ച് ഒരുപാട് നേരം അങ്ങോട്ടും ഇങ്ങോട്ടും ഞാൻ നടന്നു. കാഴ്ച്ചക്ക് എന്തൊക്കെയോ മാറ്റം വന്നപോലെ. ഓരോ മണൽ തരിയിലും ഓരോ തിരയിലും ഓരോ മഴത്തുള്ളിയിലും ഞാൻ പടച്ചോനെ കണ്ടു...
എന്തൊരു സൗന്ദര്യമാണ് മജ്നൂന്റെ കണ്ണിലൂടെ നോക്കുമ്പോൾ പടച്ചോന്. ഞമ്മള് ഇനി പ്രാർത്ഥിക്കുമ്പോ ഇങ്ങനെ ദുആറക്കണം... "യാ അല്ലാഹ്, അന്റെ ദുനിയാവ് കാണാൻ ഇനിക്ക് ഇയ്യ് മജ്നൂന്റെ കണ്ണ് തരണേന്ന്". ആ കാഴ്ച കിട്ടിയാൽ ഓരോ അണുവിലും ഓരോ പടപ്പിലും ഓരോ നിമിഷത്തിലും ഇങ്ങക്ക് പടച്ചോനെ കാണാം.

ദുനിയാവിനെ ലൈലയെ പോലെ കണ്ട് പ്രണയിക്കുക, പിരാന്തമായി. കടലും തിരയും തീരവും ഇനിക്കിപ്പോ ഉന്മാദമാണ്. ഞാനൊരു മജ്നൂനായി മാറിയത് പോലെ. മഴ ചോർന്നു. പെട്ടെന്നു കടലിനു മുകളിലൊരു മഴവില്ല് ഞാൻ കണ്ടു. പ്രണയത്തിന്റെ ഏഴു നിറമുള്ള മഴവില്ല്. ഞാൻ ഉറക്കെ ഒരു പിരാന്തനെ പോലെ വിളിച്ചു കൂവി, അൽഹംദുലില്ലാഹ്..!
നാലാം നാള്. Waves of Life
ഇന്ന് കടൽ പതിവിലേറെ പ്രക്ഷുബ്ധമാണ്. പാപികളുടെ തീരത്തേക്ക് ഇന്നലെ കടൽകേറി. കടൽ കെട്ട് തകർത്ത് കടൽത്തീരത്തുള്ള വീട്ടിലേക്ക് കേറിവന്നിട്ടുണ്ട്. കാണുമ്പോ തന്നെ പേടി തോന്നുന്നു. പിന്നെ ആലോയിച്ചപ്പോ കടലിന്റെ ഭാഗത്തൊരു തെറ്റുമില്ലെന്നു തോന്നി. ഞമ്മളെ എല്ലാരെയും പോലെ കടലിനുമുണ്ട് തിരകളെ പോലൊരു മനസ്. താന്നും പൊന്തിയും കളിക്കുന്നൊരു മനസ്. കടലിന്റെ ഫിലോസഫിയും അതാണ്. തിരകളുടെ ഫിലോസഫിയും. ഞമ്മളെ എല്ലാവരുടെയും ജീവിതം പോലെ. പടച്ചോൻ ഖുർആനിൽ പറഞ്ഞപോലെ, തീർച്ചയായും ഒരു ഞെരുക്കത്തിനൊപ്പം ഒരു എളുപ്പമുണ്ടാവും... കേറ്റത്തിനൊരു ഇറക്കവും.
അഞ്ചാം നാള്. Ecstasy of the Persistence
ന്യൂനമർദ്ദം കഴിഞ്ഞ് കടൽ വീണ്ടും ശാന്തമായിരിക്കുന്നു. തീരത്തെങ്ങും ആരെയും കാണുന്നില്ല. രണ്ടു ദിവസത്തെ അതിശക്തമായ കടൽക്ഷോഭത്തിൽ തീരം ആകെ മാറിപ്പോയിരിക്കുന്നു. മണൽ ഒലിച്ചു പോയിട്ട് അതിന്റെ അടിയിൽ മറഞ്ഞു കിടന്ന ഒരുപാട് കല്ലുകളും, മരങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തീർത്തും പുതിയൊരു സ്ഥലം പോലെ തോന്നിയെനിക്ക്. ഒരുപാട് നേരം ഞാനൊരു മരത്തിന്റെ മോളിൽ കേറിയിരുന്നു. കടലെന്നും പുതിയതാണ്. ആകാശവും. തീരവും അതെ. എന്നും ഒരേ സ്ഥലത്തേക്ക് തന്നെ വന്നിട്ടും, ഇനിക്കും തീരം എന്നും പുതിയൊരു അനുഭവം തന്നെയായിരുന്നില്ലേ സമ്മാനിച്ചത്?! അന്നെനിക്കൊരു കാര്യം മനസിലായി,

എല്ലാ തിരയും ഒന്നല്ല,
ഓരോന്നും പുതുമയുള്ളതാണ്.
പക്ഷേ, ഓരോ തിരയിലും
കടലിന്റെ ഒരു കണ്ടമുണ്ട്.
അതുപോലെ, തന്നെയാണ്
ഞമ്മളെ ഓരോ ദിവസവും.
ഒരേ കാര്യം ചെയ്യുമ്പോൾ
മടുപ്പ് അല്ല വേണ്ടത്,
സ്ഥിരതയാണ്!
സ്ഥിരതയിൽ ആനന്ദം
കണ്ടെത്താൻ പറ്റിയാൽ
ഞമ്മള് കൈച്ചിലായി..!
ആറാം നാള്. Overcome Your Fear

പേടികളെ ഇനിക്ക് തിരകൾ മുറിച്ചു കടക്കുന്ന പോലെ മറികടക്കണം...
പേടിക്കടലിൽ ഇറങ്ങാതെ വേറെ വഴിയില്ല,
ഒളിച്ചോടി ഇനി കാലം കഴിക്കാൻ പറ്റൂല്ല...
കടലിൽ ഒരു ചെറിയ തോണിയുമായി
ഇറങ്ങി പതുക്കെ തുഴയണം...
പടിപടിയായി ഓരോ പേടികളെ മുറിച്ചു കടക്കണം,
ധൈര്യത്തിന്റെ മറുകര പിടിക്കണം...
പേടിയുടെയും ഒളിച്ചോട്ടത്തിന്റെയും ഇക്കരയിൽ നിന്നും
ഉറപ്പുള്ള വിശ്വാസത്തിന്റെ അക്കരയിൽ എത്തണം...
ഏഴാം നാള്. Endless Seekings
കരയിൽ തിര വരച്ചത്ര
ഭംഗിയുള്ള ചിത്രങ്ങളൊന്നും
ഇതുവരെ ആരും വരച്ചിട്ടില്ല..!
ഓരോ വരകളും മായ്ച്ചു മായ്ച്ചു
വീണ്ടും വരച്ചുകൊണ്ടേയിരിക്കുന്ന
പിരാന്തനായ വരക്കാരനാണ് തിര..!
ഒരിക്കലും തൃപ്തി ആവാത്ത,
വരച്ചു തീർക്കാൻ പറ്റാത്ത
ഒരു ചിത്രമാണ് തിര വരയ്ക്കാൻ നോക്കുന്നത്..!
പൂർണതയിലല്ല കാര്യം,
ആ പോക്കിലാണ്, തേടലിലാണ്,
ഒരിക്കലും നിർത്താത്ത ആ വരയിലാണ്..!
എട്ടാം നാള്. Fruit of Patience
ഇന്ന് രാവിലെ കടലിനും ആകാശത്തിനും ഇന്റെ മനസിനും ഒരു നെരച്ച ഗ്രേ നിറമായിരുന്നു. തീർത്തും മൂകമായ ഉദയങ്ങളിൽ ഒന്നായിരുന്നു ഇന്ന്. ആകപ്പാടെ ഉന്മേഷക്കുറവ്. ഇനിക്കും പ്രകൃതിക്കും. ആ മൂഡ് ദിവസം മൊത്തം നിറഞ്ഞു നിന്നു. ഒന്നിനും ഒരു ഉഷാർ ഇല്ലായ്മ.
പക്ഷേ, ഞാൻ കാത്തിരുന്നു. പ്രതീക്ഷയാണിപ്പോ, വിശ്വാസമാണിപ്പോ. പടച്ചോന്റെ അത്ഭുതങ്ങളെ കാണാൻ കണ്ണ് തുറന്ന് ഇരിക്കാറാണ് ഇപ്പോ.

അങ്ങനെ വെയ്നേരം വന്നു. സൂര്യൻ ഉന്മേഷത്തോടെ സ്വർണനിറത്തിൽ തിളങ്ങുന്നു. ഇന്നൊരു നല്ല അസ്തമയം കിട്ടുമെന്ന് മനസ്സ് പറയാൻ തുടങ്ങി. വെയിലിന്റെ കാഠിന്യം കുറയാൻ ഇരിക്കപ്പൊറുതിയില്ലാതെ കാത്തിരിക്കുന്നു. ആറു മണി കഴിഞ്ഞപ്പോ ഞാൻ പാപികളുടെ തീരത്തേക്ക് നടന്നു.
കാണാൻ പോവുന്ന അതിമനോഹരകാഴ്ചക്ക് ഏറ്റവും നല്ല ഇടം തന്നെ നോക്കിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് കടൽ തീരത്തേക്ക് അടിച്ചു കേറ്റിയ ആ പടുകൂറ്റൻ മരത്തിന്റെ തുഞ്ചത്ത് കേറി, ചക്രവാളത്തിലേക്ക് ഞാൻ കണ്ണുംനട്ടിരുന്നു. മേഘങ്ങൾ മാറി നിന്ന ഈ സന്ധ്യയിൽ, സൂര്യൻ കടലിൽ ചാടുന്നത് മറച്ചു വെക്കാൻ പിന്നെ ആരും ഉണ്ടായിരുന്നില്ല. അതിന്റെ ഇടക്ക് ഫസാ വിളിച്ചു. വീഡിയോ കോളിലൂടെ ഓനും കൂടി ഈ അസ്തമയം കാണാൻ ഇന്റെ ഒപ്പം. അതൊരു വർണിക്കാൻ പറ്റാത്ത അത്രക്ക് ഭംഗിയുള്ള അസ്തമയം ആയിരുന്നു.
ചില ദിവസങ്ങളും കാര്യങ്ങളും ആളുകളും അങ്ങനെയാണ്. തുടക്കത്തിൽ ഒരു പിടുത്തവും തെരൂല്ല. പിരിയാൻ നേരം മാത്രം. ഒടുങ്ങാൻ നേരം മാത്രം ഞമ്മക്ക് മനസിലാവും, എത്ര മനോഹരമായിരുന്നു അതൊക്കെയെന്ന്. കുറച്ചൊന്നു കാത്തിരുന്നാൽ, ആദ്യമേ വിലയിരുത്താതിരുന്നാൽ, സമയം കൊടുത്താൽ, ഞമ്മക്ക് പടച്ചോന്റെ അത്ഭുതങ്ങൾ കാണാൻ പറ്റും. ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്, കാര്യങ്ങളിൽ, ആളുകളിൽ...
ഒമ്പതാം നാള്. Self-Love
തീരത്ത് ഇന്ന് കണ്ട കാക്കയെ പോലെ ഞമ്മളെല്ലാം എടക്ക് ഒറ്റക്കാണ്. ഞമ്മളെ ചുറ്റും ഒരു കടലോളം ആളുകൾ കാണും. എന്നിരുന്നാലും ചിലപ്പോ ഞമ്മള് ഒറ്റപ്പെട്ടത് പോലെ തോന്നും... ഇന്ന് അങ്ങനെയൊരു ഏകാന്തതയുടെ ദിവസമായിരുന്നു. ഇതും ആസ്വദിക്കേണ്ടിയിരിക്കുന്നു. ഇതും എന്നത്തേയും പോലെ, ഒരു സാധാ ദിനമായി കാണേണ്ടിയിരിക്കുന്നു. തിരകളെ പോലെ എല്ലാം നോർമലാണ്. തിരകളെ പോലെ ഞമ്മളെ മനസിനും പൊന്തിച്ചയും താഴ്ച്ചയുമുണ്ട്. ഞമ്മക്ക് അതിനെ സ്നേഹിക്കാം. ഞമ്മക്ക് അതിനെ കേക്കാൻ ശ്രമിക്കാം. ഞമ്മളെ തന്നെ ആഘോഷിക്കാൻ തുടങ്ങാം..!
പത്താം നാള്. Taste of Love
ഒരു കടല് മാത്രമായാ മതി,
പ്രണയത്തിന്റെ ഒരു കടല്.
കടൽവെള്ളത്തിന്റെ ഉപ്പുപോലെ
ഇന്നെ രുചിക്കുന്നവർക്ക്
പ്രണയം കിട്ടുന്നൊരു കടല്.
പ്രണയത്തിന്റെ രുചി എന്താണെന്ന്
ആർക്കേലും അറിയോ?
അത് ഉപ്പോ? മധുരമോ?
ചവർപ്പോ? കയ്പ്പോ?
ഒന്നും ആവാൻ തരമില്ല.
ഞമ്മക്ക് ഒന്നും മനസിലാവാത്ത
വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത
എന്തോ ഒരു പ്രേത്യേക രുചിയാണ് പ്രണയത്തിന്
പക്ഷേ, അത് രുചിക്കാൻ കഴിയും
അത് അനുഭവിക്കുന്നവർക്കും
പടച്ചോനും മാത്രം...
പേരില്ലാത്ത, പേരിടാൻ പറ്റാത്ത
ആ രുചിയാണ് ഇഷ്ഖ്.
പതിനൊന്നാം നാള്. Quality

ഇന്ന് മേഘങ്ങൾക്കിടയിൽ, ഞാനൊരു കുഞ്ഞു മഴവില്ല് കണ്ടു... മേഘങ്ങൾ തീർത്ത ഭൂപടം നോക്കി അന്തം വിടുന്ന നേരത്ത്... ചെറുതായിരുന്നേലും നിറങ്ങൾ വ്യക്തമായിരുന്നു... ഞമ്മളും ഒരു പൊട്ടാണേലും ആ മഴവില്ല് പോലെ തെളിച്ചമുള്ളതായാൽ മതി..! ഉള്ളില് കാമ്പ് ഉണ്ടായാ മതി... ഉയർന്നതും താഴ്ന്നതും എന്നൊന്നില്ല പടച്ചോന്... ഹൃദയമെന്ന ഒന്ന് ഉണ്ടായാ മതി... മനുഷ്യായാ മതി..!
പന്ത്രണ്ടാം നാള്. Purification of the Soul
ഇന്നൊരു കുടുംബം ബലിയിടാൻ വന്നിരിക്കുകയാണ് വാക്കടവിൽ. പാപങ്ങൾ കഴുകിപ്പോക്കാൻ. ഇന്നലെ ഷഹീർക്ക വിളിച്ചപ്പോ, മൂപ്പരും പറഞ്ഞത് ആത്മാവിന്റെ ശുദ്ധീകരണത്തെ പറ്റിയാണ്. എന്തായിരുന്നു ആത്മാവിനെ ശുദ്ധീകരിക്കാൻ ഷഹീർക്ക പറഞ്ഞു തന്നത്? കാഴ്ചയും, ചിന്തയും, പ്രവർത്തിയും നന്നാക്കി വെക്കാൻ ശ്രമിക്കുക എന്നായിരുന്നില്ലേ! ബാക്കി, പടച്ചോന് വിട്ട് കൊടുക്കുക. ഞമ്മള് പിന്നെയെന്തിനു ടെൻഷൻ അടിക്കണം! ഞാൻ വെറുതെയിരുന്ന് അതിനെപ്പറ്റി ആലോയിച്ചു. ആ കുടുംബം ഒരു ഭാഗത്ത് ബലിയിടൽ നടത്തിക്കൊണ്ടിരിക്കുന്നു. ആത്മാവിന്റെ ശുദ്ധീകരണം തന്നെ. വെള്ളം കൊണ്ട്. ആ ആത്മാവ് എന്നോ തീ കൊണ്ട് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
പതിമൂന്നാം നാള്. Unity of the God
അനേകത്തിലെ ഒന്നിലും,
ഒന്നിലെ അനേകത്തിലും,
ഇനിക്ക് അന്നെ കാണാൻ
പറ്റുന്നുണ്ട്, പടച്ചോനെ...
പതിനാലാം നാള്. Essence of Love
റബ്ബേ, നീയാവുന്ന കടലിൽ
ലയിക്കാൻ ആണെനിക്കിഷ്ടം.
പുറമെയുള്ള നിന്റെ
പളപളപ്പിൽ അല്ല
ഞാൻ അന്നെ ഇഷ്ടപ്പെട്ടത്.
ഓളങ്ങൾക്ക് അടിയിൽ നീ
ഒളിപ്പിച്ചു വെച്ച അന്റെ
ആഴമുള്ള മനസാണെനിക്കിഷ്ടം.
ഞാൻ അന്റെ ഉള്ളിലേക്ക് ഇറങ്ങാനും,
അതിലെ മുത്തും പവിഴവും
കണ്ടെടുക്കാനും ആഗ്രഹിക്കുന്നു.

കടലാണെന്റെ ജീവിതം,
ഇനിക്കൊരു പ്രണയക്കടൽ
തന്നതും ഇയ്യാണ്.
അതിലാണ് എന്റെ
തുടക്കവും ഒടുക്കവും.
ഞാൻ ലോകത്തെ മനസിലാക്കിയതും,
കണ്ടതും നീ പഠിപ്പിച്ചു തന്ന തിരകളിലൂടെയായിരുന്നു.
അന്റെ പരപ്പും ആഴവും,
എത്ര ഞാൻ തേടിയിട്ടും
അലഞ്ഞിട്ടും തീരുന്നില്ല.
ഒരിക്കലും തീരാത്ത
ഇഷ്ഖിന്റെ ബഹറാണ് നീ.
അന്റെ പ്രണയം തേടി
ഞാൻ നീന്തി നോക്കും.
മുങ്ങി നോക്കും.
കയ്യുന്ന രീതിയിലെല്ലാം
നിന്നെ അറിയാൻ നോക്കും.
ഒടുക്കം അന്നിലേക്കുള്ള
പാതയിൽ ഞാൻ മുങ്ങി മരിക്കും.
അന്റെ പ്രണയത്തിന്റെ
ഉപ്പുവെള്ളം കുടിച്ച്.
അതിനു മാത്രം അല്ലേ
ഞാൻ കൊതിച്ചത്.
അതിനു മാത്രം അല്ലേ
ഞാൻ നിനച്ചത്.
അന്റെ ഉപ്പിന്റെ ഉപ്പ് മാത്രം
ആവാനാണെനിക്ക് ഇഷ്ടം,
അത് കുടിച്ച് ചീർത്ത്
പ്രണയത്തിന്റെ ഉപ്പായി,
ഇനിക്ക് മൂന്നാം നാൾ
കരയിൽ അടിയണം.
End: The Sinner and The Sea
കടല് - വീട്ടിലെ കൊറോണ കാലം കഴിഞ്ഞു. കണ്ടു നിൽക്കുന്നവന് പിരാന്തെന്നു തോന്നിയ ആ സമയം തീർന്നു. പടച്ചോനല്ലാതെ, എല്ലാം അവസാനിക്കുന്നു, രാവിലെ കടൽ കാണാൻ പോവാനുള്ളത് കൊണ്ട് ഉറക്ക് കിട്ടാത്ത രാത്രികൾക്ക് വിട. കൊറച്ച് മാത്രം ഒറങ്ങി പകലിന് കാത്തിരുന്ന രാവുകൾക്ക് വിട.

ഒരു കടൽ നെറച്ചുമുള്ള അനുഭവങ്ങളുണ്ട്, കൂടെ പോരാൻ. എപ്പോഴും അടിച്ചുകൊണ്ടിരിക്കുന്ന തിരകളുള്ള, തീർത്തും പ്രവചനാതീതമായ, കിറുക്കുള്ള കടലുണ്ട് ഇന്റെ ഉള്ളില്. കഴിഞ്ഞ പതിനാല് ദിനരാത്രങ്ങൾ അത്ഭുതങ്ങളുടേതായിരുന്നു, പടച്ചോന്റെ. ഇനിക്ക് അനുഗ്രഹത്തിന്റെയും, ഉന്മാദത്തിന്റെയും..!
ജീവിതത്തിന്റെ ഒരു വെല്യ വട്ടം കണ്ടു. അതിലൂടെ കടന്നു പോയ ആൾക്കാരെല്ലാം വന്നു, ഒരായിരം കഥകളുമായി. ജീവിതയാത്രയിൽ ഞമ്മള് കണ്ടുമുട്ടുന്ന എല്ലാർക്കും, കാണുന്ന ഓരോ കാഴ്ചക്കും ഒരായിരം മറഞ്ഞു നിൽക്കുന്ന കാരണങ്ങളുണ്ടെന്നും, ഞമ്മക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്രക്ക് ചേർന്ന് നിൽക്കുന്ന ആത്മബന്ധങ്ങളുണ്ടെന്നും... ഞമ്മള് എല്ലാരും പല പല രീതികളിലൂടെ കണക്ട് ആയി കിടക്കുന്നെന്നും, ഒരു വെല്യ ഒന്നിന്റെ പൊട്ടുകൾ ആണ് ഞമ്മളെന്നും തെളിഞ്ഞ ഒരു വല്ലാത്ത കാലത്തിലൂടെയാണ് ഞാൻ കടന്നു പോയത്. യാ അല്ലാഹ്..!
ഒരു ഭാഗത്ത് വേദനയിലൂടെയും സഹനത്തിലൂടെയും ഇമ്മ കാണിച്ചു തന്ന വിശ്വാസിയുടെ ഉറപ്പ്. ഇന്റെ വേവ്ന്റെ ആർക്കും പകരം വെക്കാൻ പറ്റാത്ത സാമീപ്യം, സ്നേഹം. ഇമ്മനെ സന്തോഷിപ്പിക്കാൻ വിരിഞ്ഞ പൂക്കൾ, കായ്ച്ച മരങ്ങൾ, ചുറ്റും പച്ചപ്പ്, ഇടക്ക് തണുപ്പിക്കാൻ പെയ്ത മഴ.

കടലിന്റെ ഭീകരത കാണിച്ചു തന്ന ചുഴലിക്കാറ്റും, ഭീമൻ തിരകളും. കടൽക്കെട്ടിനു സമീപത്തു ജീവിക്കുന്ന മനുഷ്യന്മാരുടെ കഥകളും ജീവിതവും. ആദ്യ ദിവസം കണ്ട കടലിനെ ഉപാസിക്കുന്ന ആ മീൻപിടുത്തകാരനും, മജ്നൂന്റെ കണ്ണിലൂടെ കണ്ട ഓരോ കാഴ്ചയും കാമ്പുള്ളതായിരുന്നു... ഓരോ കാഴ്ചയിലും ഞാൻ കണ്ടത്, മറഞ്ഞു നിൽക്കുന്ന ഒരു കൂട്ടം അർത്ഥങ്ങളായിരുന്നു, നിസാരമായി ഞമ്മള് ഒഴിവാക്കി വിടുന്ന ഓരോ കാഴ്ചകളുടെയും പൊരുളായിരുന്നു, അങ്ങനെ എന്തൊക്കെയോ ആയിരുന്നു. അറിയൂല, ഇനിക്ക് ഒന്നും അറിയൂല..!
ഇനിക്കിപ്പോഴും മൊത്തമായി എന്താണ് നടന്നതെന്നു വിവരിക്കാൻ പ്രയാസമുണ്ട്. പാപികളുടെ തീരത്ത് നടന്നു നടന്നു ഞാൻ ഇന്റെ പാപങ്ങളുടെ ആഴവും പരപ്പും മനസിലാക്കിയിട്ടുണ്ട്. കടലോളമുണ്ട്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്. പലതും തേച്ചു മിനുക്കാനുണ്ട്. ഒരു യാത്രയും തീരുന്നില്ല. കഥകളും അവസാനിക്കുന്നില്ല. പാപികളുടെ തീരത്ത് തിരകൾ അടിച്ചുകൊണ്ടേയിരിക്കും. ഒരു ചെറിയ പ്രണയക്കടൽ ഇന്റെ ഉള്ളിലും. വെളിച്ചം തേടിയുള്ള ഇന്റെ യാത്ര തുടർന്നും..!