സഖി വായിക്കാത്ത ബഷീർ
പത്രത്തിൽ ബഷീറിന്റെ കറുപ്പിലും വെളുപ്പിലുമായുള്ള ചിത്രം കണ്ടു. മാങ്കോസ്റ്റിന്റെ ചുവട്ടിലെ സോജാ രാജകുമാരിയെയും വിട്ട്, 'ന്റെ എടിയേ'യും വിട്ട് സുൽത്താനും പോയിരിക്കുന്നു. എന്റെ കുഞ്ഞു നെഞ്ചിലും എന്തിനോ മഴക്കാറ് വന്നങ്ങ് മൂടി.

2018 ഡിസംബർ 31
ആ രാത്രി വീട്ടിൽ ഞാനൊറ്റക്കായിരുന്നു. ഡിസംബറിലെ രാത്രിക്ക് ചെറിയ തണുപ്പ്. കൊല്ലം തീരുകയല്ലേ, രാത്രി ഉറങ്ങിത്തീർക്കണ്ട എന്നു തോന്നി. രാത്രി പത്തുമണിയൊക്കെ ആയപ്പോ ഞാൻ രണ്ടു പുസ്തകങ്ങളെടുത്ത് കിടക്ക വിരിയിൽ വെച്ചു. ഒന്ന് ബാല്യകാല സഖി ആയിരുന്നു. രണ്ടാമത്തെ പുസ്തകം ഏതായിരുന്നെന്ന് ഇപ്പോ ഓർമ കിട്ടുന്നില്ല. ഒറ്റക്കിരുന്ന് ഒന്നുമാലോചിക്കാതെ വായിക്കാനാവുന്നത് എന്തു ഭാഗ്യമാണ്!
ബാല്യകാല സഖി വായിക്കാനായി തുറന്നു.
ആ പുസ്തകം ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് ഞാനവൾക്ക് സമ്മാനിച്ചതാണ്. അവളാ പുസ്തകം വായിച്ചതേയില്ല. എന്റെ സഖി വായിക്കാത്ത ബാല്യകാല സഖി! ആദ്യത്തെ പേജിൽ ഞാനവൾക്ക് വേണ്ടി പ്രണയപൂർവം നീലമഷിയിൽ എന്തോ കുത്തിക്കുറിച്ചിരുന്നു. അതവള് ഇടക്കിടെ തുറന്നു നോക്കും. എന്നിട്ടതിൽ നോക്കി നിൽക്കും. പിന്നെ അലമാരയിൽ ഖുർആനിന്റെ താഴെ വെക്കും. ഞാനടുത്തില്ലാതായിരുന്ന കാലങ്ങളിലെല്ലാം അതാണവളുടെ പുസ്തക സ്നേഹം.
പത്താം ക്ലാസിൽ ട്യൂഷനു ചേരുന്നത് തൊണ്ണൂറുകളിലെ നാട്ടുനടപ്പാണ്. സ്കൂളിനടുത്തുള്ള വിദ്യാ കോളേജിൽ ഞാനും ചേർന്നിരുന്നു. തൊട്ടുമുമ്പത്തെ കൊല്ലം നന്നായി പഠിച്ചു വിജയിച്ചവർക്ക് അനുമോദന സമ്മാനമായി അക്കൊല്ലം കൊടുത്തത് പുസ്തകങ്ങളാണ്. അക്കൂട്ടത്തിൽ വേദിയിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളിൽ ബഷീറിന്റെ ശിങ്കിടി മുങ്കൻ ഉണ്ടായിരുന്നു എന്ന് ഞാനിപ്പോഴും ഓർത്തിരിക്കുന്നതെന്താണ്!
അതിനും മൂന്നു കൊല്ലം മുമ്പ്
ഒരു ജൂലൈ മാസ പ്രഭാതത്തിലാണ്. മഴയൊഴിവുള്ളൊരു ദിവസം. ഞാനന്ന് ഏഴിലാണ്. കാവി നിലത്ത് കറുപ്പ് ബോഡറിട്ട ഇടനാഴിയിലൂടെ ഞാൻ കോലായിലേക്ക് വന്നു. ഒഴിവു കിട്ടിയ ദിവസം സൂര്യൻ മെല്ലെ ഞങ്ങളുടെ പച്ചച്ചുമരിലേക്ക് വെളിച്ചമടിച്ചു. വല്യാപ്പക്ക് ചന്ദ്രിക പത്രമാണിഷ്ടം. കോലായിലെ 'ഇരുത്തിമ്മല്' (തിണ) മൂപ്പര് വായിച്ച പത്രം മടക്കി വെച്ചിട്ടുണ്ട്. അതും കഴിഞ്ഞ് തോർത്ത് മുണ്ടുമുടുത്ത് വല്യാപ്പ വാഴക്ക് തടം കോരാൻ കണ്ടത്തിലേക്ക് പോയി.

പ്രീഡിഗ്രി കാലത്തെപ്പോഴോ ആണ് അവസാനമായി 'ബാല്യകാലസഖി' വായിച്ചത്. അക്കാലത്ത് 'പ്രേമലേഖന'വും വായിച്ചിട്ടുണ്ട്. മജീദിനെയും സുഹറയേക്കാളും അന്നൊക്കെ ഇഷ്ടപ്പെട്ടത് കേശവൻ നായർ സാറാമ്മക്കെഴുതിയ കത്തിലെ വരികളാണ്. ''ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ….''
കോപ്പി ബുക്കെഴുതിയെഴുതി പൂവൻപഴം പോലെയായ എന്റെ കൈയക്ഷരത്തിൽ പ്രേമസുരഭിലരായ കൂട്ടുകാരെഴുതിക്കാറുണ്ടായിരുന്ന പ്രേമലേഖനങ്ങളിൽ ഞാൻ ബഷീറിനെ എത്രയോ കടം കൊണ്ടിട്ടുണ്ടാവണം!
2018 ആവുമ്പോഴേക്കും പ്രേമമൊക്കെ വേറെയെന്തോ ആയിട്ടുണ്ടാവണം. മജീദിന്റെയും സുഹറയുടെയും ജീവിത വിധികളിൽ എനിക്ക് ഞങ്ങളെത്തന്നെ കാണാനാവുന്നുണ്ട്. അതു തന്നെയാവണം ചങ്കു കടഞ്ഞത്. വായിച്ചു വായിച്ച് കണ്ണുനീറി. ജീവിതം പിടിച്ചു കയറും എന്നു തോന്നിയേടത്തു നിന്ന് മജീദിന്റെ സൈക്കിളൊരു പോക്കങ്ങ് പോകുന്നുണ്ട്. തൊണ്ട നീറി. ഞാൻ കരഞ്ഞു.
'ഇത് ക്ലാസിക്കു തന്നെ' ഞാനൊറ്റക്ക് പറഞ്ഞു.
2019ലെ ഒരോണക്കാലം
ബഷീറിന്റെ ഇന്റർവ്യൂ ഭയങ്കര രസാണ്. ഏറ്റവും ഇഷ്ടം എന്താണ് എന്നു ചോദിച്ചപ്പോൾ ഉത്തരം വട്ടച്ചൊറി എന്നാണ്. ഏറ്റവും പേടി എന്തിനെയാണ് എന്നതിനുത്തരം നാശം എന്നും.
ജീവിതത്തിലേറ്റവും സന്തോഷം തോന്നിയ നിമിഷത്തെപ്പറ്റി ബഷീറ് പറഞ്ഞിട്ടുണ്ട്. മകൻ അനീസ് ചെറുതായപ്പോൾ പനി വന്ന് ബോധം പോയി. കുട്ടിക്കെന്തു പറ്റിയെന്ന ബേജാറിൽ ബാപ്പയായ ബഷീറ് അവനെയെടുത്ത് തോളിലിട്ട് ആശുപത്രിയിലേക്കോടി. ഓട്ടത്തിനിടയിലും ബാപ്പ കുട്ടിയെ ഇടക്കിടെ നോക്കും. അനക്കമില്ല!
ഇടക്കെപ്പോഴോ ഓട്ടത്തിനിടയിൽ ബഷീറ് ഒരു കല്ലിൽ തട്ടി വേച്ചു വീഴാൻ പോയി. ആ വീഴ്ചയിൽ കുട്ടി ഒന്നനങ്ങി. അവന്റെ വിരലുകൾ കൊണ്ട് റ്റാറ്റായെ മുറുകെ പിടിച്ച നേരം… ബഷീറെന്ന പിതാവ് ലോകത്തിലെ ഏറ്റവും സന്തോഷവാനായി മാറുന്നു.
2019 ലെ ആ ഓണക്കാലത്ത് ഞാനങ്ങനെ ഒരോട്ടമോടിയിരുന്നു. ഞങ്ങളുടെ രണ്ടാമത്തവൻ മെഹ്ദി ടേബിളിൽ നിന്നു തലയടിച്ചു താഴെ വീണു. രാത്രി പത്തു മണിയായപ്പോൾ ചർദ്ദിച്ചു. ബാലുശ്ശേരിയിലെ ക്ലിനിക്കിൽ കാണിച്ചപ്പോൾ ഡോക്ടർ ചീട്ടെടുത്ത് മെഡിക്കൽ കോളേജെന്ന് എഴുതി. സുഹൃത്തിന്റെ കാറിൽ കോഴിക്കോട്ടേക്ക്. ഒരു മിനിറ്റ് അടങ്ങിയിരിക്കാത്തവൻ അവളുടെ മടിയിൽ തളർന്നു കിടന്നു. ഇടക്കിടെ മയങ്ങിപ്പോവുന്നു.
യാത്രക്കിടയിൽ വീണ്ടും ഛർദ്ദിച്ചു. വണ്ടി സൈഡാക്കി അവന്റെ നാലു വയസ്സായ എല്ലുന്തിയ പുറം ഞാൻ തടവി. പിന്നെയും രണ്ടു മൂന്നു തവണ ചർദ്ദിച്ചപ്പോഴേക്കും അവനിത്തിരി ഉഷാറായി. ഇടക്കെപ്പോഴോ ബോട്ടിലിൽ നിന്ന് വെള്ളമെടുത്ത് ഞാനവന്റെ മുഖം കഴുകാൻ നേരം ഒറ്റച്ചിരിയാണ്. എന്റെ കണ്ണിൽ നോക്കിക്കൊണ്ട് ഒരു പതിവു ചിരി. ആ ചിരി എനിക്കു തന്ന ആത്മവിശ്വാസത്തിന് ഈ ലോകത്തോളം വലിപ്പമുണ്ടായിരുന്നു.
ആ ബലത്തിലാണ് അന്നു രാത്രി ഒരു പോള കണ്ണടയ്ക്കാതിരുന്നത്. അവള് കരയുമ്പോഴും എന്റെ കണ്ണ് നിറയാതിരുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, കുട്ടിക്ക് ക്രിട്ടിക്കൽ സ്റ്റേജാണെന്ന് പറഞ്ഞിട്ടും തളരാതിരുന്നത്. മെഡിക്കൽ കോളേജിനടുത്ത പള്ളിയിൽ പോയി സുബ്ഹ് നിസ്കരിക്കുമ്പോഴും പ്രതീക്ഷയോടെ പ്രാർത്ഥിച്ചത്.
പുലർച്ചെ മൂന്നര വരെ അവന്റെ സി ടി സ്കാനും ചെക്കപ്പുമൊക്കെയായി കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ ഞങ്ങളിരിക്കുമ്പോഴും അവൻ ഇടക്കിടെ ചോക്ലേറ്റും തിന്ന്, ചായയും കുടിച്ച് അവിടെയൊക്കെ ഓടിക്കളിച്ചു. എന്റെ കൂടെയിരുന്ന് സെൽഫിയെടുത്തു. സി ടി സ്കാൻ റിസൽറ്റ് വന്നപ്പോഴാണ് അവിടുത്തെ ഡോക്ടറും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തത്.
എന്തായാലും വലിയ പ്രശ്നങ്ങളില്ലാതെ ആ വീഴ്ച അവസാനിച്ചു. ഓണത്തിന്റെ അവധി ദിനങ്ങൾ മെഡിക്കൽ കോളേജ് അനുഭവങ്ങളിലേക്ക് പെയ്തൊലിച്ചു പോയി.
ബഷീറിനെ പോലൊരു പിതാവാണു ഞാനും. ബഷീറിനെ പോലൊരു മനുഷ്യനാണു ഞാനും.
പക്ഷേ, ബഷീറിനെ പോലെ എഴുതാൻ, അതുപോലെ മിണ്ടാൻ…
എനിക്കാകുമോ?
നമുക്ക് ആർക്കെങ്കിലുമാകുമോ?!