ജിന്നിന്റെ പെണ്ണ്
വെളുത്ത ജിന്നിനേക്കാൾ അവൾക്കിഷ്ടം ചോന്ന നെറോള്ള ജിന്നിനെയാ... കണ്ടാലാരും പേടിച്ചുപോവുന്ന ചുവന്ന ഉടലുള്ള തീക്കണ്ണുള്ള ജിന്നിനെ...

നാലാം ക്ലാസ്സിൽ കൂടെ പഠിക്കുന്ന റസിയ പറഞ്ഞാണ് ഹന്നയാദ്യം ജിന്നിനെപ്പറ്റി കേട്ടത്. പിന്നെ ചില കഥകളിൽ ജിന്നിനെ കണ്ടു...ഒക്കേറ്റിലും വെളുത്ത ജിന്നാർന്നു...
വെളുത്ത ജിന്നിനേക്കാൾ അവൾക്കിഷ്ടം ചോന്ന നെറോള്ള ജിന്നിനെയാ... കണ്ടാലാരും പേടിച്ചുപോവുന്ന ചുവന്ന ഉടലുള്ള തീക്കണ്ണുള്ള ജിന്നിനെ...
ചോന്നുതുടങ്ങിയൊരു സന്ധ്യയിലാണ് ജിന്നിനവൾ കത്തെഴുതാൻ തുടങ്ങിയത്... നെറച്ചും സങ്കടങ്ങള്‍ മാത്രമുള്ള കുഞ്ഞുകുഞ്ഞു കത്തുകൾ... കാഴ്ചക്കുറവുള്ള ഉണ്ണീരിയെപ്പറ്റിയാ ആദ്യം എഴുതീത്... ഒരുപാട് ആഴമുള്ള കിണറ്റിന്ന് വെള്ളം കോരാൻ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണവൾ സഹായിക്കാൻ ചെന്നത്... പിന്നെ അവളങ്ങോട്ട് പോയേ ഇല്ല. കണ്ണില്ലെങ്കിലും ഉണ്ണീരിക്ക് കയ്യുണ്ടേ... വേണ്ടാത്തിടത്തേക്ക് ഇഴഞ്ഞുവരുന്ന കയ്യുകള്‍... മുള്ളുകളുള്ള കയ്യുകള്‍...
കത്തിന് മറുപടി കാക്കാറുമില്ല കിട്ടാറുമില്ല. എന്നാലും ഉണ്ണീരിയെ ജിന്ന് കിണറ്റിൽ തള്ളിയിട്ട് കൊന്നു. സന്തോഷൊന്നും തോന്നിയില്ലേലും ഹന്ന സങ്കടപ്പെട്ടില്ല. അങ്ങനത്തെ ആൾക്കാര് അനുഭവിക്കന്നെ വേണംന്ന് മാത്രം പറഞ്ഞു.
ജിന്നിനെ കാണാൻ പറ്റാത്തതിൽ മാത്രമായിരുന്നു അവൾക്ക് സങ്കടം. അറിയണോരോടൊക്കെ ചോയ്ച്ചു. ജിന്നിനെ കണ്ടിട്ടുണ്ടോന്ന്... എല്ലാർക്കും കേട്ടറിവേണ്ടാർന്നുള്ളു...
പിന്നാരോ പറഞ്ഞു നട്ടുച്ചകളിലാണ് ജിന്നുകള്‍ പുറത്തിറങ്ങുകാന്ന്... പൊള്ളുന്ന ഉച്ച പൂത്തുനിക്കുമ്പോ കുന്നും മലേം വയലും ജിന്നിനെ തിരഞ്ഞ് അവളുടെ കാല് കഴച്ചത് മിച്ചം...
ഹന്നയുടെസങ്കടം കണ്ടപ്പോ റസിയ തന്നെയാ പറഞ്ഞത് ശുഹദാക്കളുടെ നേർച്ചപ്പെട്ടീല് പൈസയിട്ടാ ഏതാഗ്രഹോം നടക്കുംന്ന്... ഓൾടെ വീട്ടില്‍ ചോറുണ്ണാൻ വരുന്ന ഉസ്താദിന് ഓളോട് ഇഷ്ടം തോന്നാൻ 2 രൂപയ്ക്കെ ചിലവുണ്ടായുള്ളുത്രെ... അതോണ്ടെന്താ ഇഹലോകോം പരലോകോം ഓൾക്ക് കിട്ടുത്രെ... ഉസ്താദുമാര്‍ സ്വർഗ്ഗത്തിലാവുമ്പോ ഭാര്യാമാരെക്കൂടി കൂട്ടാലോ... ഹൂറികളുടെ കൂട്ടത്തില്‍ മുന്തിയ സ്ഥാനം ഓൾക്കാവുമെന്ന്... ഭൂമിലും ഉസ്താദിനെ നോക്കിയതോണ്ട്...
ഭൂമില് ഇഷ്ടപ്പെടാൻ ആളുണ്ടായാൽ സങ്കടങ്ങള്‍ മറക്കാംന്ന് കൂട്ടുകാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ ഹന്നയ്ക്കറിയാം സങ്കടങ്ങള്‍ ആരോട് ഇഷ്ടം തോന്നിയാലും ആരൊക്കെ ഇഷ്ടപ്പെടാൻ വന്നാലും മാറൂലാന്ന്... അതവളെ മണ്ണില്‍ വെക്കുമ്പോഴേ മാറൂന്നും...
"മരിച്ചുകഴിഞ്ഞാൽ ന്നെ തുണികൊണ്ട് മൂടാതെ പച്ചമണ്ണില്‍ വെറുതെ കെടത്തിയാൽ മതി. ഉള്ളില്‍ ഉറഞ്ഞുകൂടിയ കണ്ണീരൊക്കെയും ചോന്ന തണുപ്പുള്ള മണ്ണിലേക്ക് ഒഴുക്കിയൊഴുക്കി ഒടുക്കം ചിരിക്കണം എനിക്ക്...
ചെവിയോർത്താൽ ന്റെ കരച്ചിലും ചിരീം ഇടവിട്ട് കേക്കാം എല്ലാര്ക്കും.
കൊറച്ചൂസം കഴീമ്പം ന്റെ കുഴീന്ന് ഒരു ചെറിയ ബദാം മരം മുളച്ചുവരും... ചോപ്പും പച്ചയും ഇലകൾക്കുള്ളിൽ ചിരിച്ചോണ്ട്നിൽക്കും നിറയെ ബദാം കായ്കൾ... ഓരോ ബദാംപരിപ്പിനും ഉപ്പുരസാവും... ന്റെ കണ്ണീരിന്റെ ഉപ്പ്..!"
ഡയറിയിൽ എല്ലാവർഷവും ഹന്ന ഇങ്ങനെ പുതുക്കിയെഴുതും...
ഒരൂസം കൂടെ പഠിക്കണ ഹേമേടെ വീട്ടില്‍ നിറയെ പുസ്തകംണ്ടെന്ന് കേട്ടപ്പോ കൊതികൊണ്ടാണവൾ ഹേമയുടെ കൂടെപ്പോയത്. പുസ്തകം എടുത്ത് വേഗം പോരാമെന്നോർത്ത് വീട്ടിൽ പറഞ്ഞുമില്ല, ആരേം കൂടെകൂട്ടിയതുമില്ല.
വല്യമരങ്ങളുള്ള തൊടികണ്ടപ്പൊ അവൾക്കൊന്ന് ചുറ്റിനടക്കാൻ തോന്നി, തെളിഞ്ഞവെള്ളമുള്ള കുളംകണ്ടപ്പോ കാലൊന്ന് നനയ്ക്കാനും തോന്നി. നേരം പറന്നുപോയത് അറിഞ്ഞേ ഇല്ല. ഓടിയും നടന്നും വീട്ടിലേക്കുള്ള ഇടവഴിയിലവൾ എത്തുമ്പോ ഇരുട്ട്മൂടിയിരുന്നു.
എന്താത്രേ താമസിച്ചേ എന്നും ചോയ്ച്ചോണ്ട് കൂടെ പഠിക്കണ ഹരീടെ അച്ഛൻ അടുത്തേക്ക് വന്നപ്പോ അതുവരെ തോന്നിയ പേടിയൊക്കെ അവൾക്കില്ലാതായി. പക്ഷെ, പെട്ടെന്ന് ടോർച്ചുകെടുത്തി മുള്ളുകളുള്ള കയ്യോണ്ട് വാ പൊത്തിയപ്പോ ശ്വാസം മുട്ടണു "ഹരീടച്ചേ"ന്നുള്ള നിലവിളി അവളുടെ ചങ്കില് തടഞ്ഞുനിന്നു...
ഹരീടച്ചനെ തന്റെ ദേഹത്തൂന്ന് ചോന്ന നേറോള്ള രണ്ട് കൈകള്‍ വലിച്ചെറീണത് ബോധം മാഞ്ഞുപോവുമ്പോ ഹന്നയുടെ കണ്ണില്‍ തെളിഞ്ഞുതെളിഞ്ഞു വന്നു. വീട്ടുപടിക്കൽ വരെ ജിന്നിന്റെ കയ്യില്‍ തൂങ്ങി കഥകള്‍ പറഞ്ഞാ പിന്നവൾനടന്നത്.
എന്തുവേണേലും ചോദിച്ചാ തരാംന്ന് പറഞ്ഞപ്പോ എത്ര ചിരിച്ചാലും തീരാത്ത ചിരിയവൾ ചോദിച്ചു വാങ്ങി..!
പക്ഷെ പെണ്‍കുട്ടികള്‍ ചിരിക്കാൻ പാടില്ലെന്ന് അവൾ മറന്നുപോയി. ചിരിക്കാൻ തോന്നിയാൽ അടക്കിച്ചിരിക്കണം. ഉറക്കെ ചിരിക്കണ പെങ്കുട്ട്യോൾക്ക് സ്വർഗം ഹറാമാണത്രെ..!
ഇടയ്ക്കിടെ വീടും മതിലും കടന്നവളുടെ ചിരി ഉയർന്നപ്പോൾ വീട്ടുകാരവളെ നീലയും വെള്ളയും കളറുള്ള ഗുളികകളിൽ തളച്ചിടാൻ തുടങ്ങി.
എല്ലാരും പാതിമയക്കത്തിലായ ഒരുച്ച ഹന്ന ഒരു അപ്പൂപ്പൻതാടിയായി ജിന്നിനെ തേടിയിറങ്ങി.
വിജനതയിൽ ഹന്നയുടെ കാലൊച്ച മാത്രം കുന്നിന്മുകളിലേയ്ക്ക് ഓടിക്കയറിക്കൊണ്ടിരുന്നു. തൊട്ടാവാടിയിലകൾ കാൽതൊട്ടുതൊഴുതു വീണുകൊണ്ടിരുന്നു.
നട്ടുച്ചയിൽ പറങ്കിമാവിന്റെ താഴ്ന്നകൊമ്പിൽ പതിവുപോലെ ഹന്ന ഞാന്നുകിടന്നു. പതിയെ ചിലച്ചുവന്നൊരണ്ണാൻ മരത്തിനുമുകളിലേക്ക് കയറിപ്പോയി. പറങ്കിപ്പൂക്കൾ അഴിഞ്ഞുനിലം തൊട്ടു കിടക്കുന്ന അവളുടെ മുടിയെ അലങ്കരിച്ചു. മുഷിഞ്ഞുതുടങ്ങിയിരുന്നു...
"ജിന്നേ നീയെവിടെയാണ്..?"
പിന്നെയും ഏറെനേരം കഴിഞ്ഞാണ് ജിന്ന് ആകാശമിറങ്ങി വന്നത്. ചുവന്ന ദേഹത്തെ അവളോടിച്ചെന്നു ചുറ്റിപ്പിടിച്ചു. ഇളംചുവപ്പുനിറമുള്ള മിനുസമുള്ള രോമംനിറഞ്ഞ നെഞ്ചിൽ പരിഭവക്കൂടായി. അവളുടെ സ്പർശനത്തിൽ ഇക്കിളി പൂണ്ടവൻ ഉറക്കെച്ചിരിക്കാൻ തുടങ്ങി. വെള്ളിനിറമുള്ള പല്ലുകൾ വെയിലേറ്റുതിളങ്ങി...
ശരീരം മുഴുവൻ കുളിരിന്റെ ഒരല പടർന്നുതുടങ്ങിയത് ഹന്ന അറിയുന്നുണ്ടായിരുന്നു.
താഴെ പൊട്ടിക്കിടന്ന കണ്ണാടിക്കഷ്ണത്തിൽ ജിന്നിലേക്ക് ചേർത്തുവെച്ച ഹന്നയുടെ മുഖവും ചുവന്നിരിക്കുന്നത് അവൾ കണ്ടു. വെള്ളാരംകല്ലിന്റെ ചെറിയൊരു തിളക്കപ്പൊട്ടിനെ ജിന്നന്നേരം മഹറായി അവൾക്ക് മൂക്കുത്തിയണിയിച്ചു.
പരിഭവങ്ങളൊക്കെ ഹന്ന മറന്നു...
അവൾക്കവന്റെ ലോകത്തെക്കുറിച്ച് അറിയാൻ തിടുക്കമായി.
"നിന്റെ നാട്ടിൽ എന്തൊക്കെ ഉണ്ട്..? എനിക്കായി നീയെന്തൊരുക്കി വെച്ചിട്ടുണ്ട്..?"
പച്ചിലമണമുള്ള അവന്റെ നെറ്റിയിൽ ദീർഘചുംബനം അണിയിച്ചു കൊണ്ടവൾ ചോദിച്ചു.
അവന്റെ തവിട്ടുനിറമുള്ള കണ്ണുകളിൽ അവളുടെ മൂക്കുത്തിപ്പൊട്ട് തിളങ്ങിക്കൊണ്ടിരുന്നു.
ദിവസങ്ങളായി ഭാരംതൂങ്ങി നിന്ന മനസ്സ് ഒരപ്പൂപ്പൻതാടിപോലെ പതുക്കെ പൊങ്ങിപ്പറക്കാൻ തുടങ്ങുന്നതും ഹന്നയറിഞ്ഞു.
അവൾക്കായി ജിന്നൊരുക്കിയ ലോകം അവന്റെ ഉള്ളംകൈയിൽ തെളിഞ്ഞുവരുന്നുണ്ടായിരുന്നു. മൺചുവരുകൾ അതിരുകൾ തിരിക്കുന്ന കുഞ്ഞൊരുവീട് അവിടെ പണിതീർത്തിരുന്നു. വൈക്കോൽ മേഞ്ഞ മേൽക്കൂരയിൽ എലിയും ചേരയും ഇണക്കത്തോടെ ചേർന്നുരുമ്മി.
മണ്ണുമെഴുകിയ തറയിൽ കൈതോലപ്പായയിൽ കൈതപ്പൂമെത്ത വിരിച്ചിരുന്നു. സ്ഫടികം പോലെ തിളങ്ങുന്ന വെള്ളം മൺകൂജയിൽ പഴങ്ങൾ നിറച്ച തളികയ്ക്കരികെ അവളുടെ ദാഹവും വിശപ്പും തീർക്കാൻ കാത്തിരുന്നു.
മുറ്റംനിറയെ ചുവപ്പും മഞ്ഞയും ബദാമിലകൾ അവളുടെ കാലടികൾ കാത്തുകിടന്നു. മുറ്റത്തിനരികിൽ മൈലാഞ്ചിയിലകൾ കൈവെള്ളയും...
കണ്ട കാഴ്ചകളിൽ ഹന്ന സ്വയം മറന്നു. ഭൂമിയെ മറന്നു. എത്രയും പെട്ടെന്ന് ഭൂമിയിൽ നിന്ന് ജിന്നിന്റെ ലോകത്തേക്ക് പോവാനവളുടെ ഉള്ളം തുടിച്ചു.
നേരമിരുട്ടിത്തുടങ്ങിയിരുന്നു. താഴ്വാരത്തുനിന്ന് ഉച്ചത്തിലൊരുവിളി കുന്നുകയറാൻ തുടങ്ങി. ഹന്നയ്ക്ക് ജിന്നിനെ ചാരി സ്വപ്നങ്ങൾ കണ്ടുമതിയായിരുന്നില്ല. മഗ്രിബ് ബാങ്കിന്റെ മധുരിമയിൽ ഒരേ പ്രാർത്ഥനയിൽ മൗനമായി നിന്ന ജിന്നിന്റെ വിരൽത്തുമ്പു തൂങ്ങി ഹന്ന നിലംവിട്ടുയർന്നു. അവർക്ക് മീതെ ദൂരെ ചുവന്ന ആകാശം നക്ഷത്രപ്പൊട്ടുകളുമായി വെളിച്ചം കാട്ടി നിന്നു.