ഓർമ്മകളുടെ തീവണ്ടിപ്പാതകൾ
സംഗതി ശരിയാണ്. സ്നേഹത്തോടെ ചേർത്ത് പിടിക്കാനാവുന്ന, ഉൾവിളികളെ ഭംഗിയായി മനസ്സിലാക്കാനാവുന്നൊരു മാതൃത്വഭാവം ഒട്ടുമിക്ക സ്ത്രീകളിലും ഒളിഞ്ഞുകിടപ്പുണ്ട്. അലിവും അറിവും മനക്കരുത്തും കലർന്ന സ്ത്രീത്വത്തിന്റെ അത്തരം ഭാവങ്ങൾ ആ സ്ത്രീയിലും സുരക്ഷിതമായിരുന്നു.

യാത്രകൾക്ക് പുതുമഴ നനഞ്ഞ പൂഴിമണ്ണിന്റെ ഗന്ധമാണ്. ഓർക്കുമ്പോഴെല്ലാം ഓർമ്മകൾ കുത്തി തുളച്ചുകയറുന്ന മണം. നിറങ്ങളില്ലാത്ത ജീവിതങ്ങളുടെ ഒറ്റപ്പെട്ട കോലങ്ങളാണ് ഓർമ്മകളിൽ ആദ്യം സ്ഥാനമുറപ്പിക്കുക.
പലയിടങ്ങളിൽ നിന്നും കണ്ടുമുട്ടിയ മുഖങ്ങൾ. നാട്ടിൽ പോയാൽ സഹോദരന്റെ ഭാര്യയുടെ അനിയത്തിയെ വ്യഭിചരിക്കലാണ് തന്റെ ഇഷ്ട്ട വിനോദമെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ച അതിഥിതൊഴിലാളിയായ ആ മനുഷ്യന്റെ പാൻപരാക്കിൽ ചുവന്ന ചിരി ഇപ്പോഴും എനിക്ക് നല്ല ഓർമ്മയുണ്ട്. എന്നാൽ നൂറുൽ ഹസൻ വല്ലാതെ ചിരിക്കാത്തൊരു മനുഷ്യനായിരുന്നു. അയാളുടെ ചലനങ്ങൾക്കെല്ലാം ആത്മീയതയുടെ അച്ചടക്കമുണ്ടായിരുന്നു. റയിൽവേ ടാപ്പിൽ നിന്നും വെള്ളം കിട്ടാതെ നിരാശനായി മടങ്ങി വരുന്ന എനിക്ക് നേരെ ഒരു കുപ്പി വെള്ളം നീട്ടിയാണ് അയാൾ ആദ്യമായി എന്നോടൊന്ന് പുഞ്ചിരിച്ചത്. അങ്ങനെ ഒത്തിരി മനുഷ്യരുടെ ഭൂപടമായി മാറുകയാണ് ട്രെയിൻ യാത്രകൾ. ഈയനുഭവം അത്തരത്തിലുള്ള ചില ഓർമ്മകളുടെ ചേർത്തെഴുത്താണ്. വിയർപ്പിന്റെ ഗന്ധമുള്ള ജനറൽ ബോഗിക്കുള്ളിൽ നിന്നും കണ്ടുമുട്ടിയ മനുഷ്യരാണ് ഈ വരികളുടെ ആധാരം.
മനുഷ്യത്വം വിലാസമാക്കുന്നവർ
ജൂൺ മാസത്തിലൊരു സായാഹ്നം. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട്ടേക്ക് ഒരു ട്രെയിൻ പുറപ്പെടാനൊരുങ്ങുന്നു. അവിചാരിതമായ ചില സാഹചര്യങ്ങൾ ജീവിതത്തിൽ കരുക്കൾ നീക്കിയപ്പോൾ, ഫലത്തിൽ ഞങ്ങൾക്ക് മൂന്ന് പേർക്കും തിക്കിത്തിരക്കി ആ വണ്ടിയുടെ ജനറൽ ബോഗിയിൽ ഇടം പിടിക്കേണ്ടി വന്നു. പ്രശ്നമതല്ല, കയ്യിലിനി ഒരണ പോലും എടുക്കാനില്ല. ദെലി മൗര്യ രാജാവിന്റെ ദില്ലി സാമ്രാജ്യത്തിൽ നിന്നും സാമൂതിരിയുടെ കോഴിക്കോട്ടേക്ക് രണ്ടു ദിവസത്തെ വഴിദൂരമുണ്ട്. ഭക്ഷണം കഴിക്കാൻ ഇനിയെന്ത് ചെയ്യുമെന്നതാണ് ചോദ്യം! ബീഡിയും ചുരുട്ടും ആവർത്തിച്ചുപയോഗിച്ച് കറുത്തിരുണ്ട ചുണ്ടുകളുള്ള, പല്ലുകളിൽ വെറ്റിലക്കറ പിടിച്ച അതിഥി തൊഴിലാളികളാണ് നാട്ടിലേക്കുള്ള സഹയാത്രികർ. അവർക്കൊന്നും ഭക്ഷണം ലഭിച്ചില്ലെങ്കിലും കൃത്യമായി പുകയില ഉത്പന്നങ്ങൾ ലഭിച്ചാൽ മതിയാകും. ഒരു മാർഗ്ഗവുമില്ലെങ്കിൽ റെയിൽവേ ടാപ്പിലെ തുരുമ്പ് വെള്ളം കുടിച്ച് രണ്ട് ദിനവും വയറു നിറക്കാമെന്ന് തീരുമാനിച്ചു.
യാത്രയുടെ രണ്ടാം ദിനം, സഹയാത്രികരുടെ പൊള്ളുന്ന നിശ്വാസങ്ങൾക്കിടയിലിരുന്ന് അസഹ്യമായ വിശപ്പും ക്ഷീണവും ചേർന്നപ്പോൾ ഇടക്കെപ്പോഴോ ഇറങ്ങിപ്പോയിരുന്നു. കണ്ണ് തുറന്നു നോക്കുമ്പോൾ സഹയാത്രികരെല്ലാം മാറിയിരിക്കുന്നു. നിലവിൽ വാർദ്ധക്യം ശരീരത്തിൽ ചുളിവുകളിട്ട മാതൃത്വമൊഴുകുന്ന മുഖഭാവമുള്ളൊരു മുത്തശ്ശിയാണ് മുന്നിലിരിക്കുന്നത്. നേരിയ ചെളിപുരണ്ട തുണികൊണ്ട് ചുറ്റിയെടുത്തൊരു ഭാണ്ഡവുമുണ്ട് കൂടെ. മുത്തശ്ശിക്കൊപ്പമുള്ളതൊരു ചെറുപ്പക്കാരനാണ്. കൊച്ചുമകൻ ആയിരിക്കാനാണ് സാധ്യത. ഉച്ച പിന്നിടുമ്പോഴേക്കും കൊച്ചുമകൻ മുത്തശ്ശിക്കുള്ള ഭക്ഷണവുമായെത്തി. പൊതിയുടെ ഒരു മൂലയിൽ നിന്നും കഴിച്ചു തുടങ്ങി വയറ് നിറഞ്ഞെന്നുറപ്പായപ്പോഴാവും ബാക്കി വന്ന ഭക്ഷണം ട്രെയിൻ അഴികൾക്കിടയിലൂടെ ആ സ്ത്രീ പുറത്തേക്ക് കളഞ്ഞു. പട്ടിണിയുടെ 24 മണിക്കൂർ പിന്നിട്ടിരിക്കുന്ന ഞങ്ങളുടെ മുന്നിൽ നിന്നും അത്തരത്തിലൊരു കാഴ്ച്ച ഹൃദയഭേദകമായിരുന്നു. ദയനീയമായി ആ മുഖത്തേക്കൊരു നോട്ടം എറിഞ്ഞു കൊടുക്കാനേ കഴിഞ്ഞുള്ളു.
യാത്ര തുടർന്നു. ചക്രവാളങ്ങൾക്കിടയിൽ നിന്നും സൂര്യൻ തലതാഴ്ത്തി തുടങ്ങിയതോടെ ചൂടിൽ നിന്നുമൊരൽപ്പം ആശ്വാസം തോന്നിയെങ്കിലും പട്ടിണി ക്ഷണിച്ചു വരുത്തിയ ക്ഷീണത്തിന് തെല്ലൊരാശ്വാസം പോലുമുണ്ടായിരുന്നില്ല. രാത്രിയും കൊച്ചുമകൻ മുത്തശ്ശിക്കുള്ള ഭക്ഷണം വാങ്ങിയെത്തി. ഇപ്പ്രാവശ്യം പാഴാക്കാതെ മുഴുവൻ കഴിച്ച് ബാഹ്യക്കാഴ്ചകളിൽ താളം പിടിച്ച് മുത്തശ്ശി മുറുക്കാനിരുന്നു.
ജനറൽ യാത്രക്കിടയിൽ ഉറങ്ങുന്നത് തന്നെ വിപ്ലവമാണ്. ചാഞ്ഞും ചെരിഞ്ഞും കിടക്കാനൊരുങ്ങുമ്പോഴായിരുന്നു ആ സ്ത്രീ ഞങ്ങളോട് ചോദിച്ചത്:
'തൂ നഹി ഖാ രഹാ?'
നിങ്ങൾ കഴിക്കുന്നില്ലേ എന്ന് തന്നെയാണ് ചോദ്യോദ്ദേശം. ഭക്ഷണം വാങ്ങാൻ പണമില്ലെന്ന് മറുപടി പറഞ്ഞപ്പോൾ സങ്കടമായിരുന്നു ആ മുഖത്ത് ആദ്യം മിന്നിമറഞ്ഞത്. ഉടൻ തന്നെ തുണി കൊണ്ട് ചുറ്റിയുണ്ടാക്കിയ ഭാണ്ഡത്തിൽ നിന്നും ഒരു തട്ടെടുത്ത് കയ്യിലേക്ക് വെച്ച് തന്നു. തുറന്ന് നോക്കുമ്പോൾ നല്ല റൊട്ടിയും ദാലുമാണ്. ഞങ്ങളത് പങ്കിട്ടു കഴിക്കുമ്പോഴും പ്രാദേശിക ചുവയുള്ള ഹിന്ദിയിൽ ഉച്ചക്ക് ഭക്ഷണം പാഴാക്കിയത് മുതൽ ഇത് വരെയുള്ള ഓരോ നിമിഷത്തിനും അവർ ക്ഷമാപണം നടത്തി കൊണ്ടേയിരുന്നു. സാരമില്ലെന്ന് ഒരുപാട് തവണ ഞങ്ങളാവർത്തിച്ചെങ്കിലും നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ വൈകിപ്പോയ എന്നോട് ക്ഷമിക്കണമെന്നും പറഞ്ഞു അവർ കൈ കൂപ്പിയപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. ഏറെ വൈകിയില്ല, നന്ദി വാക്കുകൾക്കോ സ്നേഹ സമ്മാനങ്ങൾക്കോ കാത്ത് നിൽക്കാതെ ഏതോ ഒരിടത്ത് അവരിറങ്ങി.
വീട്ടിലെത്തി ഈ അനുഭവം ആദ്യമായി പങ്കുവെച്ചത് ഉമ്മാനോടായിരുന്നു. അനുഭവം മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഉമ്മ പറഞ്ഞൊരു കാര്യമുണ്ട്;
"ഈ ലോകത്ത് നിന്റെ പേറ്റു നോവറിഞ്ഞത് ഞാൻ മാത്രമാണെങ്കിലും നിന്റെ പോറ്റു നോവറിയാനായൊരു സ്ത്രീയാണത്. ചില കാര്യങ്ങൾ സ്ത്രീകളോളം മനസ്സിലാക്കാൻ മറ്റാർക്കുമാവില്ല."
സംഗതി ശരിയാണ്. സ്നേഹത്തോടെ ചേർത്ത് പിടിക്കാനാവുന്ന, ഉൾവിളികളെ ഭംഗിയായി മനസ്സിലാക്കാനാവുന്നൊരു മാതൃത്വഭാവം ഒട്ടുമിക്ക സ്ത്രീകളിലും ഒളിഞ്ഞുകിടപ്പുണ്ട്. അലിവും അറിവും മനക്കരുത്തും കലർന്ന സ്ത്രീത്വത്തിന്റെ അത്തരം ഭാവങ്ങൾ ആ സ്ത്രീയിലും സുരക്ഷിതമായിരുന്നു.
ഇന്നും എന്റെ ഓർമ്മകളുടെ താളുകളിൽ നിന്നും പ്രാർത്ഥനാമന്ത്രങ്ങളിലേക്ക് ഒരു സ്വാധീന ശക്തിയായി ആ മുത്തശ്ശി വല്ലപ്പോഴും കടന്നു വരാറുണ്ട്. ഊരോ പേരോ അറിയില്ലെങ്കിലും ആ സ്ത്രീക്ക് ഞാൻ കുറിച്ചിട്ടൊരു വിലാസമുണ്ട്. അത് സ്നേഹത്തിന്റെതാണ്, മാതൃത്വത്തിന്റെതാണ്, അതിലെല്ലാമുപരി മൂന്ന് ചെറുപ്പക്കാരുടെ വിശപ്പിന്റെ ഉൾവിളികളെ മനസ്സിലാക്കി പരിഹരിച്ചു തന്ന മനുഷ്യത്വത്തിന്റെ വിലാസമാണ്.
വിലാസമില്ലാത്ത മനുഷ്യർ
സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. ആർഭാടങ്ങളും ആഘോഷങ്ങളും നിറഞ്ഞ തിരക്കുള്ള മനുഷ്യരുടെ നഗരം. പൻവേൽ ജംഗ്ഷന്റെ തിരക്കുകൾക്കിടയിലേക്ക് ഞങ്ങളുടെ ട്രെയിൻ കിതച്ചെത്തുമ്പോൾ രാത്രിയായിരുന്നു. വിശന്നിരിക്കുന്ന യാത്രക്കാരെ വടാപാവും, അണ്ട ബിരിയാണിയും വട്ടം പിടിച്ചു. ഏറെ സമയമായില്ല, റെയിൽവേ കച്ചവടക്കാരുടെ ശബ്ദങ്ങളെക്കാൾ അത്യുച്ചത്തിൽ ശബ്ദമുണ്ടാക്കി ട്രാൻസ്ജന്ററുകൾ രംഗം ഏറ്റെടുത്തു. മുംബൈയിലെ റയിൽവേ സ്റ്റേഷനുകൾ ഇവരുടെ താവളങ്ങളാണ്. ഇരു കൈ ഉള്ളനടികളും കൂട്ടിയടിച്ച് ആളുകളിൽ നിന്നും ഇവർ പണം പിരിക്കുന്നത് ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. ആവശ്യപ്പെട്ട പണം നൽകാൻ തയ്യാറായില്ലെങ്കിൽ ആളുകളെ തെറിയഭിഷേകം നടത്താനും, നഗ്നത കാണിക്കാനും, വഴങ്ങുന്നില്ലെങ്കിൽ ആക്രമിക്കാനും ഇവിടത്തെ ട്രാൻസ്ജന്ററുകൾക്ക് മടിയില്ല. ആക്രമിക്കാത്തവരും, മാന്യമായി പെരുമാറുന്നവരും കൂട്ടത്തിലുണ്ടെന്നതും വിസ്മരിക്കുന്നില്ല. ചോദിച്ച പണത്തിൽ നിന്നും ഒരു രൂപ പോലും അധികം എടുക്കില്ലെന്നതും, കുടുംബമായി യാത്ര ചെയ്യുന്നവരോട് അപമാര്യാദയായി പെരുമാറില്ലെന്നതും ഇവരുടെ മറ്റൊരു സ്വഭാവ ശൈലിയാണ്. നിരവധി ട്രാൻസ്ജന്ററുകൾ ഒറ്റയായും, കൂട്ടമായും വന്നും പോയും കൊണ്ടിരുന്നു.
ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ പണം നൽകാൻ തയ്യാറാകാത്തവരെ ശപിച്ചും, തെറി പറഞ്ഞും ഓരോരുത്തരായി ചാടിയിറങ്ങാൻ തുടങ്ങി. എന്നാൽ ഒരാൾ മാത്രം ഇറങ്ങുന്നില്ല. അവരെന്റെ നേരെ അഭിമുഖമായി ഇരുന്നു. അവരുടെ അടുത്തിരിക്കുന്ന ആൾ പണം കൊടുത്തത് കൊണ്ടാണെന്നു തോന്നുന്നു അയാളോട് മാത്രം ആ ട്രാൻസ്ജന്റർ അമിതമായ അടുപ്പം കാണിക്കുന്നുണ്ടായിരുന്നു. ചുറ്റുമിരുന്ന ബംഗാളികളെല്ലാം ആ അടുപ്പത്തിൽ ഹരം പിടിച്ച് അവരോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. ട്രാൻസ്ജന്ററുകളുടെ ജീവിതത്തിലേക്കുള്ള തുറന്നൊരു സംഭാഷണത്തിനായിരുന്നു പിന്നീട് ഞങ്ങളുടെ ബോഗി സാക്ഷിയായത്.
അവഗണനകളുടെയും, അവജ്ഞയുടെയും സ്ഥിരം നടപടീപാത്രമാകേണ്ടി വന്നപ്പോഴായിരുന്നു മംഗലാപുരം സ്വദേശിയായ അദിത് മുംബൈയിലേക്ക് വണ്ടി കയറിയത്. സ്വപ്നങ്ങളുടെ നഗരത്തിന്റെ നരക തുല്യമായ തെരുവുകളായിരുന്നു അയാളെ സ്വാഗതം ചെയ്തത്. സംഘമായി താമസിക്കുന്ന ഈ വിഭാഗത്തിന് കൃത്യമായൊരു ജീവിത രേഖയുണ്ടെന്ന് അയാളിലൂടെയാണ് ഞാൻ അറിയുന്നത്. പുതുതായി ഈ നാട്ടിൽ എത്തുന്നവരെല്ലാം ഒരു ഗുരുവിനെ കണ്ടെത്തേണ്ടതുണ്ട്. ഗുരുവിന് അമ്മയുടെ സ്ഥാനമാണ്. ഗുരു സ്വീകരിച്ചു കഴിഞ്ഞാൽ സ്വീകരിക്കപ്പെട്ടയാൾ 'ചേല' അഥവാ മകളായി മാറുന്നു. തുടർന്ന് ശിക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും നാളുകളാണ്. ചേലയെ ഗുരുവിന് ബോധിച്ചാൽ മാത്രമായിരിക്കും 'നിർവ്വാണി'നു അംഗീകാരം ലഭിക്കുക. ഗുരു മുഖേനയോ, സർജറി ചെയ്തോ ലിംഗ വിഛേദനം നടത്തുന്ന പ്രക്രിയയെയാണ് നിർവ്വാൺ എന്ന് വിളിക്കുന്നത്. പിന്നീട് നാല്പത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഇടവേളയാണ്. മൈലാഞ്ചി മണമുള്ള, മഞ്ഞളിന്റെ നിറമുള്ള നാല്പതാം ദിനത്തിലാണ് നിർവ്വാൺ നടത്തി കഴിഞ്ഞ ട്രാൻസ്ജന്ററിന് കണ്ണാടിയിൽ നോക്കാൻ അവസരം നൽകുക. ഇതോടെ ചടങ്ങുകളെല്ലാം അവസാനിക്കുന്നു.
'ഇന്നും എന്നെപ്പോലെ എത്രയോ പേർ ഡൽഹിയിലേക്കും ബാംഗ്ലൂരിലേക്കും മുംബൈയിലേക്കും പലായനം ചെയ്യുന്നുണ്ട്. പാർപ്പിടവും വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെടുമ്പോൾ സ്വദേശം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് ഏറെ പേരും'. ആ മനുഷ്യന്റെ വാക്കുകൾക്ക് ജീവിതത്തിന്റെ ഭാരവും ഒഴുക്കുമുണ്ടായിരുന്നു. പറയാൻ ഇനിയുമേറെ കഥകൾ ബാക്കിവെച്ച് രത്നഗിരി എത്തിയപ്പോൾ അയാൾ ഇറങ്ങി. അദിത് ഒരു പ്രതീകമാണ്, അടിസ്ഥാന അവകാശങ്ങളും അവസരങ്ങളും നഷ്ടപ്പെട്ട് വിലാസമില്ലാതെ പലയിടങ്ങളിലൂടെ അലയേണ്ടി വരുന്ന നിസ്സഹായരായ നിരവധി മനുഷ്യരുടെ പ്രതീകം.
(കോഴിക്കോട് മർകസ് ലോ കോളേജിലെ നിയമവിദ്യാർഥിയാണ് ലേഖകൻ)