അകക്കണ്ണിന്റെ വെളിച്ചം തേടി, സകുടുംബം
അന്ധതയ്ക്ക് അടിയറവ് പറയാൻ പോവുന്ന മക്കളെ സുന്ദരമായ ലോകത്തിന്റെ ഭംഗി നേരിൽ കാണിക്കാൻ ലോകം ചുറ്റുന്ന മാതാപിതാക്കൾ - കാല്പനികമായ ഈ ഒരു ആശയത്തിന് എത്രയോ മുകളിലാണ് ആ മാതാപിതാക്കളുടെ ലക്ഷ്യം.

'നൂറ് പുസ്തകങ്ങൾ നൽകുന്നതിനേക്കാൾ അനുഭവങ്ങൾ ഒരു റയിൽവേ സ്റ്റേഷൻ നമുക്ക് നൽകും' എന്ന് പണ്ട് എവിടെയോ വായിച്ചതായി ഓർമ്മയുണ്ട്. സ്ഥലം കാണാനുള്ള പോക്ക് ധൂർത്താണെന്ന മുൻവിധിയുള്ള ഒരു നാട്ടിൽ ജനിച്ചു വളർന്നതു കൊണ്ടാവണം, അത് കേവലം അതിശയോക്തിയായി കാണാനേ പണ്ട് കഴിഞ്ഞിരുന്നുള്ളൂ. ഈജിപ്റ്റിലെ പിരമിഡുകളും, ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ചുകളും, മഹാരാഷ്ട്രയിലെ അജന്താ എല്ലോറാ ഗുഹകളുമെല്ലാം പുസ്തകങ്ങളിൽ കണ്ടും വായിച്ചും അറിഞ്ഞാൽ മതി എന്നാവും പലപ്പോഴും നമ്മൾക്ക് സ്കൂളുകളിൽ നിന്നും മുതിർന്നവരിൽ നിന്നും പകർന്ന് കിട്ടിയ "വിവേകം". നമുക്ക് ചുറ്റുമുള്ള സ്ഥലങ്ങളും, മനുഷ്യരും, സംസ്കാരങ്ങളും ഒക്കെയാണ് ഏറ്റവും വലിയ പാഠപുസ്തകങ്ങൾ എന്ന് തിരിച്ചറിയാതെ കഴിച്ചുകൂട്ടുന്ന സംവത്സരങ്ങൾ മനുഷ്യ മനസ്സിൽ ഏൽപ്പിക്കുന്ന മാലിന്യം ഭാരിച്ചതാണ്.
കാനഡയിലെ ഒരു കുടുംബം വലിയൊരു ലോകസഞ്ചാരത്തിലാണ്. ഏത് നേരവും അന്ധത കവരാൻ സാധ്യതയുള്ള തങ്ങളുടെ മക്കൾക്ക് വേണ്ടി ആവോളം വെളിച്ചം സംഭരിക്കാൻ രണ്ട് രക്ഷിതാക്കൾ അവരോടൊപ്പം പുറപ്പെട്ടിറങ്ങിയിരിക്കുകയാണ്. ആറ് വർഷങ്ങൾക്ക് മുമ്പാണ് എഡിത് ലിമയ്, സെബാസ്റ്റ്യൻ പെലെറ്റ്യർ എന്നീ ദമ്പതിമാരുടെ നാല് മക്കളിൽ ഏറ്റവും മൂത്ത മകളായ മിയയ്ക്ക് റെറ്റിനിസ് പിഗ്മെന്റൊസ എന്ന അപൂർവമായ അസുഖം സ്ഥിതീകരിച്ചത്. അപ്പോൾ മാത്രമാണ് തങ്ങളുടെ ജീൻ വഴി ഇങ്ങനെ ഒരു ദുരന്തം തങ്ങളുടെ മക്കൾക്ക് വന്ന് പിണയാനുണ്ടായിരുന്ന സാധ്യത അവരറിഞ്ഞത്. അന്നുമുതൽ ഭീതിയോടെ ദിവസങ്ങൾ തള്ളി നീക്കിയ അവരുടെ വലിയൊരു ഭയം 2019 ൽ യാഥാർഥ്യമായി. തങ്ങളുടെ രണ്ട് മക്കൾക്ക് കൂടി ഈ അസുഖം സ്ഥിതീകരിച്ചു. ഏഴു വയസ്സുകാരനായ കോളിനിനും, അഞ്ച് വയസ്സുകാരനായ ലോറന്റിനും. ഒമ്പതു വയസ്സുകാരനായ ലിയോ ഭാഗ്യവശാൽ രോഗബാധിതനല്ല.

നിലവിൽ ഇത് ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ല. റെറ്റിനയിലെ സെല്ലുകൾ ഓരോന്നായി നശിപ്പിച്ച് വളരെ മെല്ലെ അന്ധതയ്ക്ക് കാരണമാവുന്ന ഒരു വിപത്താണ് ഈ അസുഖം. മുപ്പത് വയസ്സോടെ ഇത് മിയയെ പൂർണമായും ഇരുട്ടിലാഴ്ത്തും. മക്കൾ അന്ധരായി മാറുന്നതിനു മുമ്പ് ലോകത്തുള്ള ഒട്ടു മിക്ക മൃഗങ്ങളുടെയും, സാധനങ്ങളുടെയും, സ്ഥലങ്ങളുടെയും ചിത്രം മനസ്സിൽ പതിപ്പിക്കാൻ ഡോക്ടർ നിർദേശിച്ചു. പുസ്തകങ്ങളിലെ ചിത്രങ്ങളുടെയും, യൂട്യൂബ് വീഡിയോകളുടെയും മറ്റും സഹായത്തോടെ ഇത് ചെയ്യാനാണ് ഡോക്ടർ ഉദ്ദേശിച്ചതെങ്കിലും എഡിത്തും സെബാസ്റ്റ്യനും ഏറെ കടന്നാണ് ചിന്തിച്ചത്. തങ്ങളുടെ മക്കളെ കൂട്ടി ലോകം ചുറ്റുക!
പുസ്തകങ്ങളിലും മറ്റും കാണുന്ന ചിത്രങ്ങളും വാക്കുകളും നൽകുന്ന രൂപങ്ങളെക്കാൾ വ്യാപ്തി നൽകുക ഇവയെല്ലാം നേരിട്ട് കാണുമ്പോഴാണ് എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നിരിക്കണം. തങ്ങൾ കണ്ടതും കാണാത്തതുമായ കുറേ കാഴ്ചകൾ മക്കളുടെ മനസ്സിൽ പതിയണം എന്ന് അവർ തീരുമാനിച്ചു. മനുഷ്യൻ സൃഷ്ടിച്ച സങ്കുചിതമായ കാഴ്ചപ്പാടുകളല്ല, മറിച്ച് സ്വയം കണ്ടെത്തിയ അസംഖ്യമായ നിറങ്ങളും, ഭാവങ്ങളും, തലങ്ങളുമുള്ള കാഴ്ചകളാണ് മക്കളുടെ അന്ധതയ്ക്ക് കൂട്ടുണ്ടാവേണ്ടത് എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.

യാത്ര പുറപ്പെടാൻ തീരുമാനിച്ചപ്പോൾ അവർക്ക് കാണാൻ ആഗ്രഹമുള്ള കാഴ്ചകൾ എന്തെല്ലാമാണെന്ന് എഡിത്തും സെബാസ്റ്റ്യനും മക്കളോട് ചോദിച്ചറിഞ്ഞു. കോളിനിന്റെ ആഗ്രഹം ട്രെയിനിൽ ഒരു രാത്രി യാത്രയായിരുന്നു, മിയയ്ക്ക് വലിയ കുതിരകളെ കാണണം, ലോറന്റിനാവട്ടെ ഒട്ടകപ്പുറത്ത് യാത്ര ചെയ്തുകൊണ്ട് ജ്യൂസ് കുടിക്കണം. മക്കളുടെ വിചിത്രമായ ആഗ്രഹങ്ങളും വലുതും ചെറുതുമായ ലക്ഷ്യങ്ങളുമെല്ലാം നിറവേറ്റാനുള്ള യാത്ര കൂടിയാണ് ആ കുടുംബത്തിന് ഈ ലോകസഞ്ചാരം. കോവിഡ് കാലം യാത്ര ഒന്നു വൈകിപ്പിച്ചെങ്കിലും ഇന്ന് അവർ ദൂരങ്ങളും, ഭാഷകളും, സംസ്കാരങ്ങളും താണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. യാത്ര ചെയ്യുന്ന ഒരു വർഷം സ്കൂളിൽ പോവാതെ മക്കൾക്ക് സ്വയം വിദ്യാഭ്യാസം നൽകാനാണ് അവർ തീരുമാനിച്ചിട്ടുള്ളത്.
മറ്റൊന്നിനും നൽകാൻ കഴിയാത്ത അനുഭവങ്ങൾ യാത്ര നൽകും എന്നത് യാത്രകൾ ചെയ്യാത്ത ഒരാൾക്ക് മിഥ്യയായി തോന്നിയേക്കാം. എന്നാൽ എഡിത്തും സെബാസ്റ്റ്യനും മക്കളുമായി നടത്തുന്ന യാത്ര ഇത് അന്വർത്ഥമാക്കുന്ന തരത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തുരുമ്പെടുത്ത ബസ്സുകളിലുള്ള സഞ്ചാരവും, പൈപ്പിൽ വെള്ളം ലഭിക്കാത്ത ലോഡ്ജുകളിലും ടെന്റുകളിലുമൊക്കെയുള്ള താമസവും, ഒട്ടകപ്പുറത്ത് കയറിയുള്ള സഫാരിയുമെല്ലാം കാനഡയിൽ ജനിച്ചു വളർന്ന ഈ കുടുംബത്തിന് തീർത്തും അന്യമാണ്.

ലോകത്തിന്റെ പല ഭാഗത്തുമുള്ള വൈവിധ്യമാർന്ന ജീവിതങ്ങൾ കണ്ട്, തങ്ങൾ എത്ര ഭാഗ്യവാന്മാരാണ് എന്ന ബോധം കുട്ടികളിൽ ജനിച്ചു എന്ന് എഡിത്ത് പറയുന്നു. യാത്രാമധ്യേ പിണയുന്ന പല തരത്തിലുള്ള പ്രതിസന്ധികൾ ഇപ്പോൾ തങ്ങളുടെ കുട്ടികൾക്ക് ഒട്ടും അന്യമല്ലെന്നും, ജീവിതത്തിൽ എതിരിടാൻ സാധ്യതയുള്ള പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ അവർ പതിയെ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എഡിത്തും സെബാസ്റ്റ്യനും പറയുന്നു. കണ്ണിന് കുളിർമയേക്കുന്ന അനേകം കാഴ്ചകൾ കാണുന്നതിന് ഉപരിയായി ഇത്തരം അനുഭവങ്ങൾക്കും മക്കൾ സാക്ഷിയാവണം എന്നത് തന്നെയാവും ആ മാതാപിതാക്കളുടെ ലക്ഷ്യം.
ഈ കുടുംബത്തിന്റെ കഥ ഹൃസ്വരൂപത്തിൽ നവമാദ്ധ്യമങ്ങളിലും മറ്റും നമ്മൾ കണ്ടു. അന്ധതയ്ക്ക് അടിയറവ് പറയാൻ പോവുന്ന മക്കളെ സുന്ദരമായ ലോകത്തിന്റെ ഭംഗി നേരിൽ കാണിക്കാൻ ലോകം ചുറ്റുന്ന മാതാപിതാക്കൾ - കാല്പനികമായ ഈ ഒരു ആശയത്തിന് എത്രയോ മുകളിലാണ് ആ മാതാപിതാക്കളുടെ ലക്ഷ്യം. നല്ലതും ചീത്തയുമായ കാഴ്ചകളും, അനുഭവങ്ങളും, മനുഷ്യരെയും, പ്രത്യയശാസ്ത്രങ്ങളെയുമെല്ലാം ഈ യാത്രയ്ക്കിടയിൽ അവർ അടുത്തറിയും. കണ്ണുകളുടെ കാഴ്ച മങ്ങുന്നതിന് എത്രയോ വേഗത്തിൽ ആ കുഞ്ഞുകളുടെ അകക്കണ്ണിന്റെ കാഴ്ച തെളിയാൻ വേണ്ടുന്ന പലതും അവർ ഈ യാത്രയ്ക്കിടയിൽ കാണും, അനുഭവിക്കും.

ഒരു വർഷം നീളുന്ന ഈ യാത്ര ആറ് മാസങ്ങളും, ആറ് രാജ്യങ്ങളും, മൂന്ന് ഭൂഖണ്ഡങ്ങളും പിന്നിട്ട് മുന്നേറുകയാണ്. തന്റെ മക്കളുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ ശാസ്ത്രം ഒരു മാർഗ്ഗം കണ്ടെത്തും എന്നാണ് സെബാസ്റ്റ്യൻ പ്രത്യാശിക്കുന്നത്. ശാസ്ത്രത്തിന്റെ സഹായത്തോടെ നൂറ്റാണ്ടുകൾകൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യർ സൃഷ്ടിച്ചെടുത്ത എണ്ണമറ്റ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു യാത്രികൻ ഇങ്ങനെ പ്രതീക്ഷിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്. ശാസ്ത്രം ഈ കുടുംബത്തെയും തുണയ്ക്കട്ടെ!