പാരഡൈസ് ലോസ്റ്റ്
നിങ്ങൾക്ക് എപ്പോഴെങ്കിലും ‘അമ്മയില്ലായ്മ’ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? അമ്മയുടെ ഗന്ധമോ സ്പർശമോ ഇനിയൊരിക്കലുമനുഭവിക്കാ നിടയില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വല്ലാത്തൊരനുഭവമാണത്. കാലം മണ്ണുപോലെ കാൽചുവട്ടിൽ നിന്നൊലിച്ച് പോകുന്നത് നിങ്ങളറിയും. വാർദ്ധക്യം നിങ്ങളുടെ മനസ്സിനെ എളുപ്പത്തിൽ പിടിമുറുക്കും.
ഒരു മാറ്റവുമുണ്ടായിരുന്നില്ലൊന്നിനും, വർഷങ്ങൾ പിറകോട്ടു നടന്നെത്തിയതായാണ് അവൾക്കു തോന്നിയത്. കാലമവിടെ സ്തംഭിച്ചു നിൽക്കുകയായിരുന്നു. 'പാരഡൈസ്’ എന്ന വൂഡൻ നെയിം ബോർഡ് തൂക്കിയ ഗേറ്റ് മുതൽ വീട്ടിലേക്കുള്ള നീണ്ട വഴിയവസാനിക്കും വരെ ഇരുവശത്തും കമ്പികളിൽ മോർണിംഗ് ഗ്ലോറികൾ ആർച്ചു പോലെ പടർത്തിയിരുന്നു, അവ നിറയെ കടും നീല നിറത്തിൽ പൂത്തു നിന്നിരുന്നു. നീലയുടെ ഒരു കടൽ..! കടലിന്നടിത്തട്ടിലെ ചിപ്പി പോലെ തൂവെള്ള ചുമരുകളും, വെനീഷ്യൻ ജാലകങ്ങളുമുള്ള ചാണകപ്പച്ച ഓട് വിരിച്ച ‘പാരഡൈസ്’ എന്ന ഇരുനിലവീട്, എല്ലാം പഴയതുപോലെ തന്നെയുണ്ടായിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള ചുമരുകളും തൂവെള്ള കർട്ടനുകളുമുള്ള അതേ ലിവിങ് റൂമിലിരുന്നപ്പോൾ നീനയുടെ കണ്ണുകൾ പാരഡൈസിലെ വിചിത്ര രൂപങ്ങളുള്ള ക്ലോക്കുകളെ വട്ടത്തിൽ ചുറ്റിക്കൊണ്ടിരുന്നു. നീനക്കേറ്റവും പ്രിയപ്പെട്ട 'ലാറ്റെ’യുമായി ജോ, അവൾക്കരികിൽ വന്നിരുന്നു. ഒരു 'ലാറ്റെ’ കുടിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നതാണ്. വലിയൊരു നെടുവീർപ്പിന്റെയവസാനം അവൻ പറഞ്ഞു, "പ്രിയപ്പെട്ടവർ മരിച്ചു പോകുമ്പോൾ നമ്മുടെ തന്നെ ഒരു ഭാഗമാണ് നഷ്ടപ്പെടുന്നത്... അല്ലേ നീനാ..? It was really unexpected.. അമ്മ ഇത്ര നേരത്തേ...” അവന്റെ ശബ്ദമിടറി. വീണ്ടുമൊരു നേർക്കാഴ്ച ഇങ്ങനെയൊരവസരത്തിലായതിൽ നീന സങ്കടപ്പെട്ടു.
"U know..അമ്മയുടെ മനസ്സിൽ എന്നും നിനക്കൊരു സ്പേസ് ഉണ്ടായിരുന്നു.” ലാറ്റെ അവളുടെ അന്നനാളത്തെ പൊള്ളിച്ചു.
"ഒരു മിനുട്ട്!” ജോ എഴുന്നേറ്റ് തിടുക്കത്തിൽ അവന്റെ മുറിയിലേക്ക് പോയി ഒരു കവറുമായി മടങ്ങിവന്നു. കപിലയുടെ ഫ്രെയിം ചെയ്ത ഫോട്ടോ പുറത്തെടുത്തു. മൺ നിറത്തിൽ ചുവന്ന പൂക്കളുള്ള ചന്ദേരി സിൽക്ക് സാരിയിൽ കപില നാരായണി അതിൽ ചിരിച്ചിരുന്നിരുന്നു. ഒരു പിറന്നാളിന് നീന അയച്ചു കൊടുത്തതാണത് - ആ സാരി - അവൾക്കേറ്റവും പ്രിയപ്പെട്ടത്, കപിലയ്ക്കും. എല്ലാ പിറന്നാളിനും അവൾ കപിലയ്ക്ക് സമ്മാനങ്ങൾ അയച്ചുകൊടുക്കുമായിരുന്നു - ജോയുമായി പിരിഞ്ഞതിനു ശേഷവും അത് തുടർന്നിരുന്നു. ഒരാളെ കുറിച്ചുള്ള ഓർമ്മകളിൽ അയാളുടെ അവസാന ചിത്രത്തിന് പ്രസക്തിയുണ്ട്. മരിച്ചുകിടക്കുന്ന അമ്മയെ അവസാന കാഴ്ചയായി പകർത്തിയെടുക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസമായിരുന്നു നീനയ്ക്ക്. അവളുടെ ഓർമയിൽ കപില എന്നും മൺ നിറത്തിൽ ചുവന്ന പൂക്കളുള്ള അതേ സാരിയുടുത്ത് നീളമുള്ള തലമുടി പിന്നിയിട്ട് 'ഓരോവില്ലി’ലെ തണൽവീണവഴിയിലൊരിടത്ത് സിമെന്റ് ബെഞ്ചിൽ ചാരിയിരുന്നു. മെയിൻ റോഡിൽ നിന്ന് പാരഡൈസിലേക്കുള്ള വഴി തിരിയുന്നിടത്ത്, ഇടതു വശത്ത്, റെസിഡൻസ് അസോസിയേഷൻകാര് വലിച്ചു കെട്ടിയ 'ആദരാഞ്ജലികൾ കപില നാരായണി ബ്രാക്കറ്റിൽ 55വയസ്സ്’ എന്നെഴുതിയ ഫ്ളക്സിലും ഇതേ ഫോട്ടോയായിരുന്നുവല്ലോ എന്ന് നീന അപ്പോൾ ഓർത്തെടുത്തു. ലിവിങ് റൂമിലെ പുസ്തകഷെൽഫിനരികിലെ ഉയരമുള്ള ഒരു സ്റ്റാൻഡിൽ മരം കൊണ്ടുണ്ടാക്കിയ ഫോട്ടോ വെച്ച് ജോ കുറച്ചുനേരം അമ്മയെ നോക്കി നിന്നു...
നിങ്ങൾക്ക് എപ്പോഴെങ്കിലും ‘അമ്മയില്ലായ്മ’ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? അമ്മയുടെ ഗന്ധമോ സ്പർശമോ ഇനിയൊരിക്കലുമനുഭവിക്കാനിടയില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വല്ലാത്തൊരനുഭവമാണത്. കാലം മണ്ണുപോലെ കാൽചുവട്ടിൽ നിന്നൊലിച്ച് പോകുന്നത് നിങ്ങളറിയും. വാർദ്ധക്യം നിങ്ങളുടെ മനസ്സിനെ എളുപ്പത്തിൽ പിടിമുറുക്കും. അമ്മയുള്ള കാലം പോലെയായിരിക്കില്ല അമ്മയില്ലാതാകുന്ന കാലം. ഭൂമിയിലെ ഏക അനാഥൻ നിങ്ങളാണെന്നു തോന്നും. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത തരം ഒരരക്ഷിതത്വം നിങ്ങളെ ഭയപ്പെടുത്തും. ആവശ്യത്തിലേറെയെടുത്ത് തിരിച്ചുകൊടുക്കുവാൻ കഴിയാതെ പോയ സ്നേഹത്തെ കുറിച്ചോർത്ത് ജീവിതത്തിലാദ്യമായെങ്കിലും നിങ്ങളുടെ നെഞ്ഞൊന്ന് നീറും, അതുറപ്പ്.
ജ്യോതി പ്രകാശിന് അവന്റെ അമ്മയെ ഒരിക്കൽ കൂടി നേരിൽ കാണണമെന്നും കെട്ടിപ്പിടിച്ചുമ്മ വെയ്ക്കണമെന്നും തോന്നി. എന്നാൽ ഇനിയൊരിക്കലും അതിനാവില്ലല്ലോ എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങി അവൻ വിതുമ്പി.
കപിലയുടെ ടു വീലർ ലൈസൻസിന്റെ കാലാവധി പുതുക്കുവാനുള്ള ആപ്ലിക്കേഷൻ ഫോമിൽ പതിപ്പിക്കുന്നതിനു വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് മാത്രമെടുത്തതാണാ ഫോട്ടോ, പഴയ ഒന്ന് രണ്ട് ഫോട്ടോകൾ തപ്പിയെടുത്ത് കൊണ്ടുവന്നു, അതിലെ തന്നെ കാണാൻ ഒരു ഭംഗിയില്ലെന്നും മുഖം ഒരു വശത്തേക്ക് കോടിയിരിക്കുകയാണെന്നും ഇതിലും ഭേദം ആധാർ കാർഡിലെ ഫോട്ടോയാണ്, പുതിയത് കുറച്ച് എടുത്തു വെക്കാം, എന്നും പറഞ്ഞ്, അവന്റെ ‘തണ്ടർബേർഡ്’ ന്റെ പുറകിലിരുന്നു സ്റ്റുഡിയോയിൽ പോയെടുത്ത ഫോട്ടോ. ആ ദിവസത്തെ കുറിച്ച് അവനോർത്തു. മുംബൈയിൽ നിന്ന് ജോ നാട്ടിലെത്തിയ ദിവസമായിരുന്നു അത്.
"എപ്പോഴും കണ്ടു വരുന്ന ലാഘവത്വം, എല്ലായിടത്തും ഉണ്ടായിരിക്കുമ്പോഴും എവിടെയും ഇല്ലാതിരിക്കുന്ന, ജീവിതത്തിൽ ഒന്നിനോടും ഒരു പരിധിയിൽ കവിഞ്ഞ അടുപ്പമോ, അടുപ്പമില്ലായ്മയോ പ്രകടിപ്പിക്കാത്ത ‘ടിപ്പിക്കൽ കപില’ ഭാവം, അന്നും അങ്ങനെയായിരുന്നു അമ്മ. ഗോർജ്യ്സ്... സിമ്പിൾ ബട്ട് എലഗൻറ് ഇൻ ഫിഫ്റ്റീസ്.”
ജോയുടെ വാക്കുകളിലൂടെ നീന ആ ദിവസത്തെ ഒരു സ്ക്രീനിലെന്ന പോലെ കണ്ടു.
പാസ്പോർട്ട് സൈസ് ഫോട്ടോ കൂടാതെ, ചാഞ്ഞും ചെരിഞ്ഞും ഇരുന്നും തിരിഞ്ഞുമൊക്കെ പലവിധ ഭാവങ്ങളിലുള്ള ഫോട്ടോകൾ കൂടി എടുപ്പിച്ച്, ‘പ്രൊഫൈൽ പിക്ചർ ആക്കാം’ എന്നു പറഞ്ഞ് ബ്ലൂ ടൂത്ത് വഴി കപില ഫോണിലേക്ക് ഷെയർ ചെയ്തെടുത്തു. മടങ്ങും വഴി ചെറിയൊരു ‘ഷോപ്പിംഗ്’ - ജീൻസും ഷർട്ടും വാങ്ങിച്ചു. ഇതെന്തിനുള്ള പുറപ്പാടാണ് എന്ന് ജോ ചോദിച്ചു , 'കേട്ടിട്ടില്ലേ.. പെണ്ണൊരുമ്പെട്ടാൽ എന്ന്. രണ്ടും കല്പിച്ചു തന്നെ!’ എന്ന് ഉടനെ മറുപടിയും വന്നു. അമ്മയുടെ തർക്കുത്തരങ്ങൾ കേൾക്കുവാൻ അവനിഷ്ടമായിരുന്നു. അതിനുവേണ്ടിയവൻ പലപ്പോഴും കപിലയെ ചൊടിപ്പിക്കാറുണ്ടായിരുന്നു.
പാരഡൈസിലുണ്ടായിരുന്ന ദിവസങ്ങളിൽ അമ്മയുടെയും മകന്റെയും അത്തരം 'കൊടുക്കൽ വാങ്ങലുകൾ’ കണ്ടു രസിക്കുന്നതായിരുന്നു നീനയുടെ പ്രധാന വിനോദങ്ങളിലൊന്ന്. സ്ത്രീകൾക്ക്, പ്രത്യേകിച്ച് അൻപതു കഴിഞ്ഞ സ്ത്രീകൾക്ക് അപാരമായ ഹ്യൂമർ സെൻസ് ഉണ്ടാകുമെന്ന് അവനറിഞ്ഞത് കപിലയിലൂടെയാണ്. കപിലയങ്ങനെ പലതും, ജോയെ പഠിപ്പിച്ചിട്ടുണ്ട്, എങ്കിലും 'അറിഞ്ഞതിനേക്കാളേറെ അറിയാത്തതാണ് തന്റെ അമ്മ’ എന്ന് അവനെപ്പോഴും തോന്നുമായിരുന്നു. മനുഷ്യരുടെ വലിയ നിസ്സഹായതകളിൽ ഒന്നാണത് - ഏറ്റവും പ്രിയപ്പെട്ടവരെ കുറിച്ച് പോലും നമുക്കൊന്നുമറിയില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആർക്കുമറിയാത്ത ചില രഹസ്യങ്ങളും മോഹങ്ങളും ഇഷ്ടങ്ങളുമൊക്കെ കാത്തുസൂക്ഷിക്കാനുണ്ടാകുമ്പോഴല്ലേ ജീവിതം ജീവിച്ചു എന്ന് തോന്നുകയുമുള്ളൂ...
പാരഡൈസിലെത്തി 'തണ്ടർ ബേർഡ്’നു പുറകിൽ നിന്നിറങ്ങുമ്പോൾ കപില- 'ടിപ്പിക്കൽ’ ഭാവത്തിൽ- പറഞ്ഞു – "എന്നും വണ്ടിയോടിച്ചു പോകുന്ന വഴികളാണ്. പക്ഷേ, പല കാഴ്ചകളും ഞാൻ ആദ്യമായി കാണുകയായിരുന്നു. ഇതൊരു നല്ല പരിപാടിയാണ് കേട്ടോ... താങ്കൾക്ക് സമയം കിട്ടുമ്പോൾ ഇനിയുമിതുപോലെ എന്നെയൊരു ഡ്രൈവ്ന് കൊണ്ടുപോകാവുന്നതാണ്...” ആത്മാവിനെ എന്തോ ഒന്ന് കൊളുത്തി വലിക്കുന്നത് പോലെ ജോയ്ക്ക് തോന്നി. ജീവിതത്തിലൊന്നും ഇതുവരേയ്ക്കും അമ്മ തന്നോടാവശ്യപ്പെട്ടിട്ടില്ല. ആദ്യമായിട്ടായിരുന്നു അത്.
'ഇപ്പോൾ തന്നെ പോകാം?’ എന്ന് അവന് ചോദിക്കണമെന്നുണ്ടായിരുന്നു. അതിനു കാത്തു നിൽക്കാതെ കപില പാരഡൈസിനകത്തേക്ക് കയറി പോയിരുന്നു. സത്യമായിട്ടും അപ്പോഴാണ്, അമ്മ നടന്നു തീർത്ത വഴികളെ കുറിച്ച് അവനോർത്തത് - കല്ലുകളും മുള്ളുകളും നിറഞ്ഞത്, കയറ്റങ്ങളും ഇറക്കങ്ങളുമുള്ളത് - ആ വഴികളത്രയും അമ്മയെ പുറകിലിരുത്തി ആരും കൊണ്ടുപോയില്ല. കൈ പിടിക്കാനാരുമില്ലാതെ അമ്മ തനിച്ചു താണ്ടുകയായിരുന്നു. ജോ സ്തബ്ധനായി അല്പനേരമിരുന്നു.
അന്നു രാത്രി യാതൊരു മുന്നറിയിപ്പുകളുമില്ലാതെ കപിലയുടെ ഹൃദയം എന്നെന്നേക്കുമായി സ്തംഭിച്ചു പോയി. പുതിയ ജീൻസും ഷർട്ടും പാസ്പോർട്ട് സൈസ് ഫോട്ടോകളുമെല്ലാം കപിലയുടെ കിടപ്പുമുറിയിലെ മേശയ്ക്ക് മുകളിലിരുന്നു. അവ പുറത്തെടുക്കപ്പെട്ടില്ല. മോർണിംഗ് ഗ്ലോറികൾ വാടിവീണു. പറുദീസയുടെ പച്ചപ്പ് വറ്റി തുടങ്ങുകയായിരുന്നു.
"ആവശ്യമുള്ളപ്പോഴൊന്നും ഞാൻ എന്റെയമ്മയ്ക്കൊപ്പം ഉണ്ടായില്ല നീനാ... അമ്മയ്ക്കൊപ്പം മാത്രമല്ല... ആർക്കുമൊപ്പം ഉണ്ടായിരിക്കാൻ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല...” കപിലയുടെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക് മുന്നിൽ നിന്ന്, കരച്ചിലിന്റെ വക്കോളമെത്തിയ ജോയുടെ വിരലുകളിൽ നീന മൃദുവായി സ്പർശിച്ചു. അവൾക്കഭിമുഖമായി ജോ തിരിഞ്ഞുനിന്നു. ചുവന്നു കലങ്ങിയ അവന്റെ കണ്ണുകൾ നീനയെ ആർദ്രയാക്കി. അവന്റെ അനുസരണയില്ലാതെ വളർന്നു തുടങ്ങിയ കറുത്ത താടിരോമങ്ങളിലൂടെ അവൾ വിരലോടിച്ചു. അവന്റെ നീണ്ടു വളഞ്ഞ മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ അവളുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നത് തിരിച്ചറിഞ്ഞപ്പോൾ ഇരുവരും അകന്നു മാറി.
ലാറ്റെയുടെ കപ്പ് കൈ നീട്ടി വാങ്ങുവാനൊരുങ്ങിയ ജോയോട് "ഞാൻ കഴുകിവെയ്ക്കാം” എന്നു പറഞ്ഞു നീന പാരഡൈസിലെ അടുക്കളയിലേക്ക് നടന്നു. അവൻ പുറകെ നടന്നു. ഗ്ലാസ് ഡോർ തുറന്ന് അടുക്കളയിലേക്ക് കാലെടുത്തു വെച്ച നീന ഒരു നിമിഷം അറച്ചു നിന്നു.
"ഇതെന്ത് കോലമാണ് ജോ... നീയെന്തിനാണ് കിച്ചൻ ഇങ്ങനെ വൃത്തികേടാക്കിയിടുന്നത്?”
അവളുടെ മുഖം ചുവന്നു. അവൾ ആ പഴയ നീനയായി.
"അമ്മയുണ്ടായിരുന്നെങ്കിൽ നീയിന്നു വീടിനു പുറത്താകുമായിരുന്നു!”
നീന പീച്ച് നിറത്തിലുള്ള ദുപ്പട്ട ഇടതു ചുമലിലൂടെയെടുത്ത് കറുത്ത സൽവാറിനോട് ചേർത്ത് കെട്ടി വെച്ച് അടുക്കള വൃത്തിയാക്കിത്തുടങ്ങി.
"ഞാൻ സഹായിക്കാം.” ജോ പറഞ്ഞു. "തൊട്ട് പോകരുത് നീ..."
അവൾ ഉത്തരവിട്ടു.
വീടിനകത്ത് ഒരു തരി പൊടി പോലും കാണുന്നത് കപിലയ്ക്ക് സഹിക്കാനാവില്ലായിരുന്നു, എന്തിന് കിടക്കവിരിയിലെ ഒരു ചുളിവു പോലും അസ്വസ്ഥതയാണുണ്ടാക്കുക. ഒരു വസ്തുവും സ്ഥാനം മാറി ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട.
"ഇതെന്താ... പട്ടാള ക്യാമ്പാണോ?” എന്നാണ് ജോ ചോദിക്കാറുള്ളത്. അവന്റേത് നേർ വിപരീത സ്വഭാവമാണ്.
"കയോസ് ഈസ് ദ ബ്യൂട്ടി ഓഫ് ലൈഫ്” എന്നാണ് അവന്റെ തത്വം. "അത് നീ സ്വന്തമായിട്ട് വീടുണ്ടാക്കുമ്പോൾ അവിടെ മതി. ഇത് എന്റെ വീടാണ്.” എന്ന് തർക്കുത്തരം പറയും കപിലയപ്പോൾ.
"എന്റെതും നിന്റെതും എന്നൊക്കെയുണ്ടോ.?” എന്ന് ചോദിക്കും അവൻ.
"ഉണ്ട്!”
"ഹോ.. ഇതെന്തൊരു സാധനം!” എന്നാവും ജോ.
പിൽക്കാലത്ത് വൃത്തിയുടെ പേരിൽ നീനയോട് കലഹിക്കുമ്പോഴൊക്കെ അവൻ പറയും – "നീനാ... നിനക്കെന്റെ അമ്മയുടെ അതേ സ്വഭാവമാണ്. അതേ വൃത്തി. അതേ തർക്കുത്തരം” എന്ന്.
വലിച്ചു വാരിക്കിടന്നയിടം ശ്രദ്ധയോടെ ഒതുക്കിയിടുന്ന നീനയെ നോക്കി ചുണ്ടുകളിൽ മറഞ്ഞു തുടങ്ങിയ നേർത്ത പുഞ്ചിരിയുടെ ഒരു തുണ്ടുമായി അവൻ നിന്നു. ജീവിതം ഒരു 'ഇൻഫിനിറ്റി ലൂപ്’ ആണെന്നാണ് നീനയ്ക്കപ്പോൾ തോന്നിയത്. മുൻപൊരിക്കൽ സംഭവിച്ചതെല്ലാം പാരഡൈസിലെ പൂർത്തിയാക്കാതെ പോയ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മറ്റൊരു തരത്തിൽ ആവർത്തിക്കപ്പെടുകയാണ്.
ഭൂതകാലത്തിന്റെ ഒരു കഷണത്തിലേക്ക് തെറിച്ചു വീണതു പോലെ. നല്ല സുഹൃത്തിന് ഒരിക്കലുമൊരു നല്ല ഭർത്താവാകാനാകില്ലെന്ന് സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ചെടുത്തവരാണവർ. ഒരുമിച്ചു ജീവിച്ചു തുടങ്ങിയപ്പോൾ ജീർണ്ണിച്ചു പോയ സൗഹൃദത്തിന്, വേർപിരിഞ്ഞപ്പോൾ വേര് പൊടിക്കുന്നത് അതിശയത്തോടെ നോക്കി നിന്നവർ.
ജോ അഡ്വർടൈസിംഗ് ഏജൻസിയിൽ ജോലി ചെയ്തുതുടങ്ങിയ കാലമായിരുന്നു അത്. മകന്റെ വിവാഹം നടത്തുവാനുള്ള യാതൊരു ശുഷ്കാന്തിയും അമ്മയുടെ ഭാഗത്തു നിന്ന് കാണാതായപ്പോൾ, അമ്മയെ ഒന്ന് ഞെട്ടിക്കുക എന്ന ഉദ്ദേശത്തോടെ - അവൻ അത് പറഞ്ഞു- ജൂലൈ മാസത്തിലെ ഒരു ഞായറാഴ്ച രാത്രി. ടേബിൾ ലാമ്പിന്റെ വാം വൈറ്റ് വെളിച്ചത്തിനു മുന്നിലിരുന്ന് 'ദി ഗോഡ് ഓഫ് സ്മാൾ തിങ്സ് ’ വായിക്കുകയായിരുന്നു കപില - വീക്കെൻഡുകൾ കപിലയ്ക്ക് വായനയുടേതാണ്.
"അമ്മാ..എനിക്കൊരു അഫയറുണ്ട് .!”
കപില കുലുങ്ങിയില്ല. എന്തിന്, കണ്ണിമ വെട്ടിയതു പോലുമില്ല,
പുസ്തകത്തിന്റെ നൂറ്റി പതിന്നാലാം പേജിൽ കണ്ണും നട്ട് പകരം മറ്റൊരു ചോദ്യം ചോദിച്ചു – "ആണോ അതോ പെണ്ണോ?”. ജോയാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെറിച്ചത്. അതുകണ്ട് കപിലയ്ക്കു ചിരിപൊട്ടി. ചുറ്റുമുള്ളവരെ ഇടയ്ക്കിടെ ഇങ്ങനെ ഞെട്ടിക്കുന്നതല്ലെങ്കിൽ പിന്നെ ജീവിതത്തിലെന്താണ് ഒരു ത്രിൽ..? അപ്രതീക്ഷിതമായി തലക്കടിയേറ്റത് പോലെ അവൻ തരിച്ചുനിന്നു. അമ്മ കാലത്തെ കവച്ചു വെച്ചത് മകനറിഞ്ഞില്ല.
“നീന... നീന മരിയ ജേക്കബ്. അമ്മയ്ക്കറിയാം. ഞാൻ പറഞ്ഞിട്ടുണ്ട് നീനയെ കുറിച്ച്.” ജോ പറഞ്ഞു.
"ആ കുട്ടിയായിരുന്നോ... ആരായാലും ശരി. എനിക്കൊരു കുഴപ്പവുമില്ല.
നിങ്ങളായി നിങ്ങളുടെ ജീവിതമായി. എന്റെ പ്രൈവസിയിൽ വലിഞ്ഞു കയറി ബുദ്ധിമുട്ടിക്കരുത്!”
അമ്മ പിന്നെയും മകനെ ഞെട്ടിച്ചു - അമ്പതാം വയസ്സിൽ അമ്മക്കിനിയെന്തു പ്രൈവസി..?
കപിലയ്ക്കു പിന്നെയും ചിരി പൊട്ടി. മകന്റെ മുഖം കണ്ട് വാത്സല്യം വഴിഞ്ഞൊഴുകി. പുസ്തകം മടക്കി വെച്ച് ജോയുടെ കവിളിൽ തലോടിക്കൊണ്ട് മുറിവിട്ടു പോയി. കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു വിവാഹം വരെയുള്ള ദിവസങ്ങൾ കടന്നു പോയത്. സ്വാഭാവികമായും, നീനയുടെ വീട്ടുകാർ ആ ബന്ധം എതിർത്തു. പ്രണയം സിരകളിൽ വേരുകളാഴ്ത്തി പടർന്നുപിടിച്ച രണ്ടാത്മാക്കളുടെ മുന്നിൽ എതിർപ്പുകൾക്കു പ്രസക്തിയുണ്ടായില്ല. വലിഞ്ഞുമുറുകിയ മുഖമുള്ള ബന്ധുക്കൾ സാക്ഷിയായി അവർ വിവാഹിതരായി. വിരലിലെണ്ണാവുന്ന ദിവസങ്ങളേ നീന ‘പാരഡൈസി'ൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ ദിവസങ്ങൾ തന്നെയായിരുന്നു തന്റെ ജീവിതത്തിലെ ‘പറുദീസ’കളെന്നു അവളെപ്പോഴും പറയാറുണ്ടായിരുന്നു.
ആലീസ്, വണ്ടർലാൻഡിലെത്തിയതു പോലെയായിരുന്നു നീനയ്ക്ക് ‘പാരഡൈസ്’. ഏറ്റവും അതിശയിപ്പിച്ചത് മലയാളികളുടെ സാമാന്യ ബോധത്തിനു ദഹിക്കാത്ത 'വാർപ്പു മാതൃകകളിൽ’ നിന്ന് പുറത്തു കടന്ന ഒരമ്മ തന്നെയായിരുന്നു - അമ്മയോ അമ്മായിയമ്മയോ ആയിരുന്നില്ല, സമപ്രായക്കാരായ കൂട്ടുകാരികളെ പോലെയായിരുന്നു, അവർ. വിചിത്രമായി തോന്നിയത് 'പാരഡൈസി’ലെ ചുമരുകളിലെ ക്ലോക്കുകളാണ്. എല്ലാ മുറിയിലെ ചുമരുകളിലും ഒന്നോ രണ്ടോ, അതിൽകൂടുതലോ ക്ലോക്കുകളുണ്ടായിരുന്നു. എവിടെയും കാണാത്ത തരം ആന്റീക്ക് പീസുകളായിരുന്നു അവയെല്ലാം. അതിൽ ഒരു വലിയ നങ്കൂരത്തിന്റെതിന് സമാനമായ പെന്റുലമുള്ളതാണ് ഏറ്റവും വിശേഷപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം – നീനയുടെയും ജോയുടെയും സഹപ്രവർത്തകർക്കു വേണ്ടി മാത്രമായൊരുക്കിയ റിസപ്ഷന്റെയന്നാണ് ക്ലോക്കുകളെ കുറിച്ചുള്ള ആ രഹസ്യം കപില ചുരുളഴിച്ചത്.
അന്നു രാത്രി, ഫ്രോക്ക്പിടിപ്പിച്ച, പീച്ച് നിറത്തിലുള്ള വെഡിങ് ഗൗൺ മടക്കി വെയ്ക്കുവാൻ സഹായിക്കുന്നതിനിടയിലാണ് അതേക്കുറിച്ച് നീന ചോദിച്ചത്. പോയകാലത്തിന്റെ കൈപ്പുരുചിയുള്ള ഒരു കഥയായിരുന്നു അതിനുള്ള മറുപടി.
കൂട്ടുകുടുംബമായിരുന്നു. ഒരു കുടുംബത്തിന് ഒരു മുറി. ഇനിയും കുടുംബമൊന്നുമായിട്ടില്ലാത്തവർക്ക് തളത്തിന്റെയോ നടുപ്പുരയുടെയോ ചാന്തിട്ട തറയുടെ തണുപ്പ് തന്നെ ധാരാളിത്തമായിരുന്ന കാലം. 'ഇല്ലിയ്ക്കലെ’ രണ്ടാം നിലയിലെ തെക്കേയറ്റത്തെ മുറി - കിഴക്ക്, തെക്ക്, പടിഞ്ഞാറ് ചുവരുകളിൽ രണ്ടു വീതം മൊത്തം ആറു ജാലകങ്ങൾ. തുറന്നിട്ടാൽ രാമച്ചപ്പാടത്തിന്റെ പച്ചക്കടൽ ആകാശനീലയെ തൊട്ടുമ്മവെയ്ക്കുന്നത് കാണാം. ദൂരെ പടിഞ്ഞാറേക്കുന്നിൽ ഒറ്റയ്ക്ക് ധ്യാനിച്ചു നിൽക്കുന്ന ഒരു നെല്ലിമരം. അതിനു ചുവട്ടിൽ സന്ധ്യക്ക് തീപ്പൊരി തിളങ്ങുന്ന കണ്ണുകളുമായി കൂട്ടുകൂടി കളി വർത്തമാനം പറയുന്ന കുറുക്കൻമാരുടെ ചെറു സംഘങ്ങൾ. രാത്രിയുടെ കരിനീലയാകാശത്തിൽ ഓട്ടുരുളി കമഴ്ത്തി വെച്ചതു പോലെ ചന്ദ്രൻ, മുല്ലപ്പൂ വാരി വിതറിയത് പോലെ നക്ഷത്രങ്ങൾ, രാമച്ചപ്പാടത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ കാണാം - നക്ഷത്രങ്ങൾ പൊഴിച്ച വെളിച്ചത്തുള്ളികൾ പോലെ 'മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം’. കപിലയെ ജീവിതത്തിൽ ഏറ്റവും മോഹിപ്പിച്ച കാഴ്ചകളായിരുന്നു അത്... ആദ്യമൊക്കെ ജീവിതത്തിനും രാമച്ചവേരിന്റെ ഗന്ധമായിരുന്നു, വേരിനാണ് ഗന്ധം. വേരറുത്തു മാറ്റിയാൽ പിന്നെ വെറുമൊരു ചെടി - തൂവലു പോലെ കനമില്ലാത്തത് - ചൊറിച്ചിലുണ്ടാക്കുന്നത്. വേരറുത്ത് ബാക്കിയാകുന്ന രാമച്ചച്ചെടിയുടെ കടയ്ക്കൽ വെച്ച് വെട്ടും, പിന്നെ ചാക്കുകളിൽ നിറച്ച് കുളത്തിലോ തോട്ടിലോ മുക്കിയെടുക്കും. ചിലതിൽ നിന്ന് വേര് പൊട്ടും. നനവില്ലാത്തവ മുളയ്ക്കില്ല. അതുണങ്ങി ഉപയോഗശൂന്യമാകും. കപിലയുടെ ജീവിതം അത്തരത്തിലൊന്നായിരുന്നു. പിന്നീടൊരിക്കലും അതിൽ നിന്ന് സുഗന്ധം പുറത്തേക്ക് വമിച്ചില്ല. അല്ലെങ്കിലും ഈ ഗന്ധങ്ങൾക്ക് ഒരു കുഴപ്പമുണ്ട്, അധികമായാൽ എളുപ്പം മടുക്കും, അസഹ്യമാവും, ഒടുവിൽ വെറുക്കും.
"ജോയുടെ മൂത്ത അപ്പച്ചിയാണ് ഇല്ലിയ്ക്കൽ വീട് ഭരിച്ചത്. അവർക്ക് പ്രായത്തിനു കല്ല്യാണം കഴിയാത്ത ഫ്രസ്ട്രേഷനാണെന്നാണ് എല്ലാവരും അടക്കം പറഞ്ഞിരുന്നത്. വല്ലാത്തൊരു മണ്ടി തന്നെ... കല്ല്യാണം കഴിയാത്തത് എത്രയോ നല്ലത് എന്ന് തിരിച്ചറിഞ്ഞില്ലല്ലോ. കഷ്ടം! ആങ്ങളമാർക്ക് ഭാര്യമാരെയല്ല, ഇല്ലിയ്ക്കലേക്ക് അടിമകളെയായിരുന്നു അവർക്കു വേണ്ടിയിരുന്നത്. ഞാനായിരുന്നു പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട അടിമ. മുൻപേ വന്നവർ ഏതാണ്ട് കരിയും പുകയും പിടിച്ച് പ്രാകൃത രൂപികളായി തീർന്നിരുന്നു. അവർക്കൊന്നും ജീവിതത്തെ കുറിച്ച് സ്വപ്നങ്ങളില്ലേ എന്നാദ്യം ആശ്ചര്യപ്പെട്ടെങ്കിലും, സ്വപ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല, ഉണ്ടായിട്ട് അവിടെ കാര്യമൊന്നുമില്ലാത്തത്കൊണ്ട് അടിച്ചമർത്തിയതാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.” ഭൂതകാലം കപിലയുടെ നെഞ്ചിൻകൂട് തുരന്നു പുറത്തു ചാടി.
"എന്നെ കണ്ടീഷൻ ചെയ്തെടുക്കാൻ കുറേക്കൂടി എളുപ്പമായിരിക്കും എന്നായിരുന്നു ഇല്ലിയ്ക്കലുള്ളവരുടെ തെറ്റിദ്ധാരണ, മിഡിൽ ഈസ്റ്റിൽ സെറ്റൽഡ് ആയ അച്ഛനുമമ്മയുമുള്ള പെൺകുട്ടിയ്ക്ക് നിലവിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ - ഏറെക്കുറെ അനാഥ തന്നെ എന്നവരുറപ്പിച്ചു. അവിടെയാണ് കളി മാറിയത്. ഇരുപത് വയസ്സേ ഉള്ളൂ എന്നോർക്കണം അന്നെനിക്ക്. പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യണം, പി എച് ഡി എടുക്കണം, കോളേജ് പ്രൊഫെസറാവണം എന്നൊക്കെയായിരുന്നു എന്റെ സ്വപ്നങ്ങൾ. എന്തു വന്നാലും അതൊന്നും നടക്കില്ലെന്നായി. നിശബ്ദ യുദ്ധം വാക്ക്പോരുകളായി. എന്നോടാണോ കളി... പഴുതുകളില്ലാത്ത പ്രത്യാക്രമണങ്ങൾക്ക് നമ്മൾ തയ്യാറായിരിക്കണം. എതിരാളിക്ക് മറ്റൊരായുധം പ്രയോഗിക്കാനുള്ള സാവകാശം ലഭിക്കും മുൻപേ തലക്കടിച്ചു വീഴ്ത്തുക! പണ്ടേ ഇല്ലിയ്ക്കലുള്ളവർക്ക് എന്റെ വാക്കുകളെ പേടിയാണ്. പിടിച്ചു നിൽക്കാൻ കഴിയാറില്ല. അത് വാക്കുകളുടേതല്ല, ചോദ്യങ്ങളും നിലപാടുകളുമുള്ളവരെ അവർ ഭയന്നിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തോൽക്കുമെന്നായപ്പോൾ ദേഹോപദ്രവം തുടങ്ങി. അതിൽ ഞാൻ പതറി. അപ്പോഴേക്കും ജീവിതം കുറേയൊക്കെ യാന്ത്രികമായി തീർന്നിരുന്നു. നേരം വെളുക്കുന്നു, ഉണരുന്നു, അടിമകളെ പോലെ പണിയെടുക്കുന്നു, വയറു നിറച്ച് ഉണ്ണുന്നു, രാത്രിയാകുന്നു, ഓഫീസിൽ നിന്ന് വന്ന് അയാൾ മാറ്റിയിടുന്ന ഉടുപ്പുകളും ബ്രീഫ്സും കഴുകിയിടുന്നു, ഉണക്കി ഇസ്തിരിയിടുന്നു. ഉറങ്ങുന്നു. കാറും കോളുമൊക്കെ ഞങ്ങളുടെ ജീവിതത്തെയും ബാധിച്ചിരുന്നു. ആകെയുള്ള അഡ്വെഞ്ചർ സെക്സ് ആയിരുന്നു. ഇന്നൊവെറ്റീവ് ആയി എന്തെങ്കിലും ചെയ്യാമെന്ന് വെച്ചാലോ അയാൾക്ക് അതിലും താല്പര്യമില്ല. വെറുതേ ജീവച്ഛവം പോലെ കിടന്നു കൊടുത്താൽ മതി... അയാളുടെ ചുമലിന് മുകളിലൂടെ ഞാൻ കാണുന്നത് ഒരു ക്ലോക്ക് മാത്രമായിരിക്കും. വട്ടത്തിൽ ഓടുന്ന സൂചികൾ കാണുമ്പോൾ എനിക്കു കലി വന്നു. ജീവിതം എനിക്കു വേണ്ടിയല്ലാതെ ജീവിച്ചു തീരുകയാണല്ലോ എന്നോർത്ത് ശ്വാസം മുട്ടി. സമയവും കാലവും ഒന്നിനും വേണ്ടിയല്ലാതെ കടന്ന് പോകുന്നു. അയാൾക്കു ട്രാൻസ്ഫർ കിട്ടിയപ്പോൾ പിന്നെ എല്ലാ ദിവസവുമുള്ള ഈ ടോർച്ചറിങ് ആഴ്ചയിൽ രണ്ട് എന്നായതിൽ മാത്രമായിരുന്നു ഒരു റിലാക്സേഷൻ. ഒരിക്കൽ അയാളുടെ ദേഹത്തിന് മറ്റൊരു ഗന്ധം. എന്നോടത് തുറന്ന് പറയാമായിരുന്നു. പറ്റിക്കപ്പെടുന്നത് ഞാൻ സഹിക്കില്ല. അന്നയാളെ തട്ടി മാറ്റി ഞാൻ ആ ക്ലോക്ക് ചുമരിൽ നിന്ന് അടർത്തി മാറ്റി എറിഞ്ഞുടച്ചു. താഴെയിട്ടു ചവിട്ടി മെതിച്ചു. പിന്നെയും പക ഒടുങ്ങിയില്ല. പക്ഷേ എന്നെ തോൽപ്പിച്ചുകൊണ്ട് പിറ്റേന്ന് അയാൾ ഈ ഭൂമി വിട്ടു പോയി. പോകുമ്പോൾ ബോണസ് ആയിട്ട് രണ്ട് സാധനങ്ങളെനിക്ക് കിട്ടി. ഒന്ന് ജോ... അയാൾ മരിക്കുമ്പോൾ അവനെന്റെ വയറ്റിലുണ്ടായിരുന്നു. രണ്ടാമത്തേത് അയാളുടെ ജോലി. അയാളുടെ ഭാര്യ ആയിരുന്നത് കൊണ്ട് കിട്ടുന്ന ഒരാനുകൂല്യവും മോഹിച്ചിട്ടല്ല, എങ്കിലും പിടിച്ചു നിൽക്കാൻ ഒരു കച്ചിത്തുമ്പ് ആവശ്യമായിരുന്നു അന്ന്.”
ദൂരേയ്ക്ക് ട്രാൻസ്ഫർ വാങ്ങി ഓടി രക്ഷപ്പെട്ട് 'പാരഡൈസ്’ എന്ന വീട് വയ്ക്കുന്നത് വരെയുള്ള കാലവും പിടിച്ചു നിൽക്കുക കപിലയ്ക്ക് ദുഷ്കരമായിരുന്നു. ജീവിതത്തിൽ നിന്ന് പൊഴിഞ്ഞു പോയെന്ന് കരുതിയ ആത്മധൈര്യവും ലക്ഷ്യബോധവും എവിടെനിന്നോ തിരിച്ചു കിട്ടി. 'പാരഡൈസിൽ’ താമസമാക്കിയ ആദ്യ ദിവസങ്ങളിൽ നഗരത്തിലെ ആന്റീക്ക് ഷോപ്പുകളെല്ലാം കയറിയിറങ്ങി കപില ക്ലോക്കുകൾ വാങ്ങിച്ചു കൂട്ടി. അത് ചുമരുകളിൽ തൂക്കി.
"ആ നേരത്ത് ഞാൻ അനുഭവിച്ച നിർവൃതി നിനക്ക് പറഞ്ഞാൽ മനസ്സിലാകുമോ..? എവിടെ. ഒരു മണ്ണാങ്കട്ടയും മനസ്സിലാകില്ല!”
കപില, മടക്കിയെടുത്ത വെഡിങ് ഗൗൺ ഷെൽഫിലേക്ക് വയ്ക്കുകയായിരുന്നു. കാലവർഷം പോലെ പെയ്തു തീർന്ന ഭൂതകാലത്തിൽ നീന അടിമുടി നനഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. "മാഡം കപില നാരായണീ… നിങ്ങളെ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ... അമ്മേ” എന്നു പറഞ്ഞു കൊണ്ട് അവൾ പുറകിലൂടെ ചെന്നു കപിലയെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു. ആഴമുള്ള ആ കെട്ടിപ്പിടുത്തത്തിന്റെ ചൂടിൽ, അടഞ്ഞ ഷെൽഫിന്റെ വാതിൽപൊളിയിലെ കണ്ണാടിയിൽ തങ്ങളെ തന്നെ നോക്കി നിന്നു കൊണ്ട് കപില പറഞ്ഞു – "എന്നും എപ്പോഴും വളരെ വൈകി മാത്രമേ ധൈര്യം പ്രകടിപ്പിച്ചിരുന്നുള്ളൂ എന്നതാണ് എനിക്ക് പറ്റിയ അബദ്ധം!”
കപിലയുടെ ചിത കത്തിയെരിഞ്ഞിടത്ത് പനിനീർ ചാമ്പയുടെ ഒരു തൈ നട്ടിരുന്നു. മറ്റൊരിടത്ത് നിന്നിരുന്നതിനെ പിഴുത്തെടുത്തു നട്ടതിനാൽ നനഞ്ഞ മണ്ണിലും അത് വാടി നിൽക്കുകയായിരുന്നു. നീന അതിന് മുന്നിൽ ഏറെ നേരം മൗനമായി നിന്നു. ജോ ഒരു കൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ചു.
കപിലയുടെ ഓർമകളിൽ കുടുങ്ങിക്കിടന്ന അവൾക്ക് അങ്ങനെയൊരു സ്പർശത്തെ കുറിച്ചു ബോധം വരാൻ കുറേ നേരമെടുത്തു. അവൾ അടർന്നു മാറിയില്ല. ആ ചുറ്റിപ്പിടുത്തത്തിൽ അസ്വഭാവികമായി അവൾക്കൊന്നും തോന്നിയതുമില്ല. വിവാഹത്തിനു മുൻപ്, സുഹൃത്തുക്കളായിരുന്നപ്പോഴും അവനവളെയങ്ങനെ ചുറ്റിപ്പിടിക്കാറുണ്ടായിരുന്നു. ജോയുടെ നെഞ്ചിനു താഴെ വരെ മാത്രം ഉയരമുള്ള നീനയ്ക്ക് അപ്പോഴെല്ലാം എന്തെന്നില്ലാത്ത സുരക്ഷിതത്വം അനുഭവപ്പെടാറുണ്ടായിരുന്നു.
"നമുക്കു നടക്കാം.” അവൻ പറഞ്ഞു. പാരഡൈസിലെ വിശാലമായ തൊടിയിലൂടെ അവർ മുട്ടി നടന്നു. പടിഞ്ഞാറു വശത്ത് കല്പടവുകൾ കെട്ടിയ കുളത്തിനോടു ചേർന്ന് അമ്മ വെച്ചു പിടിപ്പിച്ച 'മിനിയേച്ചർ’ രാമച്ചപ്പാടവും നട്ടുനനച്ചു വളർത്തി വലുതാക്കിയ മരങ്ങളും വിശേഷപ്പെട്ട പഴച്ചെടികളും അവൾക്കു ചൂണ്ടി കാണിച്ചു കൊടുത്തു... മാതളവും പഴുത്തു നിന്ന കസ്റ്റാർഡ് ആപ്പിളുകളും പറിച്ചു കൊടുത്തു. ഡിസംബറിലെ വരണ്ട പൊടിക്കാറ്റിൽ ഇലകൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിലെപ്പോഴോ അവൻ ചോദിച്ചു – "അപ്പച്ചനും അമ്മച്ചിക്കും സുഖമല്ലേ?” ജോ ഒരിക്കലും ഒരുമിച്ചൊരു വീട്ടിൽ താമസിച്ചിരുന്നപ്പോൾ പോലും ചോദിക്കാതിരുന്ന ചോദ്യം അവനിൽ നിന്ന് കേട്ടപ്പോൾ നീന അമ്പരന്നു.
"സുഖമാണ്...”
"നീ ഇങ്ങോട്ട് വരുന്നത് അറിയാമോ?”
"അറിയാം.”
നീനയുടെ ജീവിതം നശിപ്പിച്ചത്, ജോ ആണെന്നാണ് അവരുടെ പക്ഷം. പ്രണയിച്ചു മയക്കി മകളെ തങ്ങളിൽ നിന്ന് തട്ടിയെടുത്തവൻ - ജോയുമായി പിരിയാൻ നീന തീരുമാനിച്ചു എന്നറിഞ്ഞയുടൻ അവളുടെ നല്ല ബുദ്ധിയ്ക്കുള്ള നന്ദി സൂചകമായി വേളാങ്കണ്ണി മാതാവിന് വഴിപാടു നേർന്നവർ - വിവാഹമോചനത്തിനു ശേഷം ചെന്നൈ നഗരത്തെ ഉപേക്ഷിച്ച് റിയോ ഡി ജനീറോയിലേക്ക് പോകും വരെയുള്ള ഇടവേളയിൽ നാട്ടിൽ വന്നപ്പോൾ അവളെയും കൊണ്ടു വേളാങ്കണ്ണിയ്ക്കു പോയവർ - അന്ന് മാതാവിന് മുന്നിൽ നിന്ന് ജോ യെ കുറിച്ച് ശാപവാക്കുകൾ ചൊരിഞ്ഞ് 'അവൻ മുടിഞ്ഞു പോകട്ടെ’ എന്ന് പ്രാർത്ഥിച്ചവർ. അതു കേട്ട് തന്റെ അപ്പച്ചനോടും അമ്മച്ചിയോടും പുച്ഛവും അതിനേക്കാളേറെ സഹതാപവും തോന്നി, അവൾക്ക്. അവനല്ല, ഞാനാണ് അവനെ ഉപേക്ഷിച്ചു പോയത് എന്ന് പറയുവാൻ തുടങ്ങിയെങ്കിലും, എന്തു പറഞ്ഞിട്ടും കാര്യമില്ല, ജോ അവർക്ക് ആജന്മ ശത്രുതന്നെയായിരിക്കും എന്ന് തിരിച്ചറിഞ്ഞതു കൊണ്ടു അവൾ നിശബ്ദയായി. പിന്നീട് റിയോ ഡി ജനീറോയിൽ വെച്ച് അലക്സ് ഫെറിനോ എന്ന ലാറ്റിനമേരിക്കക്കാരനോടൊപ്പം ജീവിച്ചു തുടങ്ങിയപ്പോൾ നീന വീണ്ടും അവരെ പ്രതിസന്ധിയിലാക്കി. പക്ഷേ മകളെ രണ്ടാമതു വിവാഹം കഴിച്ചവൻ ഒരു ക്രിസ്ത്യാനിയാണല്ലോ എന്നാശ്വാസമുള്ളത് കൊണ്ടവർ വേളാങ്കണ്ണിക്കുള്ള 'ട്രിപ്പ്’ വെട്ടിക്കുറച്ച് പരുമലയിലേക്കാക്കി. അപ്പോഴും ശാപവാക്കുകളെറിയാൻ അവർക്കു ജോ തന്നെ ധാരാളമായിരുന്നു. റിയോയിൽ നിന്ന് താൻ നേരെ പാരഡൈസിലേക്കാണ് വരുന്നതെന്നറിയുമ്പോൾ അവർ ഇനിയാർക്കു വഴിപാട് നേരുമെന്നോർത്ത് നീന ഊറിയൂറി ചിരിച്ചു.
"അമ്മച്ചിയുമപ്പച്ചനും മുഖം വീർപ്പിച്ചും ഒരാവശ്യവുമില്ലാതെ പരസപരം തട്ടിക്കയറിയും പിന്നെ അവരുടെ ഒരേയൊരു ശത്രുവിനെ ശപിച്ചുകൊണ്ടുമിരിക്കുന്നുണ്ടാകും. ഇരുട്ടും വെളിച്ചവും മാത്രമല്ല ഇതിനിടയിൽ പ്രകൃതിക്ക് പല നിറങ്ങളും ഭാവങ്ങളുമുണ്ടെന്നും അത് പരസ്പരം പിരിഞ്ഞ രണ്ടുപേർക്കിടയിലും സാധ്യമാണെന്നും അവർക്കൊരിക്കലും തിരിച്ചറിയാൻ കഴിയില്ല ജോ... Poor fellows...”
നീന പറഞ്ഞു.
ആഡ്ഫിലിം സംവിധായകനായുള്ള തന്റെ കരിയർ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു ജോ അക്കാലത്ത്. കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾക്കായി വൈകാതെ അവർ ചെന്നൈയിലേക്ക് താമസം മാറ്റി. തമിഴ് അറിയാവുന്നത് കൊണ്ട് നീനയ്ക്ക് ഒരു ചാനലിൽ ജോലിയും തരപ്പെട്ടു. ഏത് നിമിഷവും ദിശ മാറി കൊടുങ്കാറ്റുകൾ വീശിയടിക്കുന്ന ഒരു കടലാണ് ജീവിതമെന്ന് ചെന്നൈവാസക്കാലമാണ് നീനയെ പഠിപ്പിച്ചത്. പെട്ടെന്നായിരുന്നു ജീവിതത്തിന്റെ താളം തെറ്റിയത്. അണ്ണാനഗറിൽ, ശാന്തി കോളനിയിലെ അപാർട്മെന്ൽ ഒന്നിച്ചു ജീവിച്ചു തുടങ്ങിയ ആദ്യ ദിവസം മുതൽ അവർക്കിടയിൽ ഒരു പൊരുത്തമില്ലായ്മ അവൾക്കനുഭവപ്പെട്ടു. നിസ്സാരകാര്യങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളും അതേ ചൊല്ലി വാക്പോരുകളുമുണ്ടായി. പുതിയ വീട്ടിലെ ഫർണീച്ചർ അറേഞ്ച്മെന്റ്സിനെ കുറിച്ചായിരുന്നു ആദ്യത്തെ പൊരുത്തക്കേട്. സുഹൃത്തുക്കളായിരുന്നപ്പോൾ എന്തിനെ കുറിച്ചും ഒരേ അഭിപ്രായങ്ങളുണ്ടായിരുന്നവരാണോ ഇപ്പോൾ പരസ്പരം തർക്കിക്കുന്നത് എന്ന് നീനയ്ക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വാഗ്വാദങ്ങളിൽ മൂർച്ചയേറിയ വാക്കുകൾക്കൊണ്ട് വെട്ടേറ്റു വീണിട്ടും വിട്ടുകൊടുക്കുവാൻ ഇരുവരും തയ്യാറായിരുന്നില്ല. ചിലപ്പോൾ പാകം ചെയ്ത ഭക്ഷണത്തെ കുറിച്ചാവും തർക്കം. നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തമായി കിച്ചണിൽ കയറി കുക്ക് ചെയ്യണമെന്ന് നീന. ഞാൻ പുറത്ത് നിന്ന് പാർസൽ വാങ്ങിച്ചു കഴിച്ചുകൊള്ളാമെന്നാവും ജോ.
മുഷിഞ്ഞ കിടക്കവിരിയുടെ പേരിലും, എന്തിന്, ഭക്ഷണം കഴിച്ച പാത്രത്തിന്റെ പേരിലും വരെ തർക്കങ്ങൾ. വാക്കുകൾക്കൊണ്ടുള്ള മുറിവുകൾക്ക് ഒരു കുഴപ്പമുണ്ട്. ഉണങ്ങിയെന്നു കരുതുമ്പോഴാകും ഉള്ളിലെ പഴുപ്പ് കുത്തി വിങ്ങുക. പരസ്പരം മിണ്ടാതെ ഒരേ വീടിനകത്ത്, ഒരേ ബെഡ്റൂമിൽ, ഒരേ കിടക്കയിൽ വ്യത്യസ്ത ധ്രുവങ്ങളിൽ രണ്ടപരിചിതർ. ഈ ജോ ആയിരുന്നില്ല തന്റെ കൂട്ടുകാരൻ. ഇവനെയായിരുന്നില്ല താൻ സ്നേഹിച്ചത്.
നീനയ്ക്ക് ഭ്രാന്ത് പിടിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയായിരുന്നു നീനയുടെ പാഷൻ. അതേ ചൊല്ലിയുള്ള തർക്കത്തിലാണ് അവൾ ആദ്യമായി അടിപതറി വീണത്. എന്ത് വന്നാലും ഇന്ത്യ വിട്ടു പോകുവാൻ സമ്മതിക്കില്ലെന്ന് ജോ വാശിപിടിച്ചു. "ഇതൊരു ഗോൾഡൻ ഓപ്പർചൂനിറ്റിയാണ് പോയേ തീരൂ” എന്ന് നീനയും. "കൂട്ടുകാരായിരുന്നപ്പോൾ ഒരാൾ മറ്റൊരാളുടെ പ്രൊഫഷണൽ അച്ചീവ്മെന്റ്സിൽ എന്തു മാത്രം സന്തോഷിച്ചിരുന്നു, ഇപ്പോൾ നിനക്ക് ജലസിയാണ്”, എന്ന് നീന.
"നിനക്ക് കോംപ്ലക്സാണ്. എന്നേക്കാൾ ഉയരത്തിലെത്തണമെന്ന് മാത്രമാണ് നിന്റെയുള്ളിൽ. അല്ലാതെ പാഷനൊന്നുമല്ല” എന്ന് ജോ. "എനിക്കല്ല ദാ നീയിപ്പോൾ പറഞ്ഞതാണ് കോംപ്ലക്സ്. ഭാര്യ എപ്പോഴും ഭർത്താവിന്റെ ഒരുപടി താഴെ നിൽക്കേണ്ടവളാണെന്നുള്ള നിന്റെ വാശി നടക്കില്ല. യു ആർ എ മെയിൽ ഷോവനിസ്റ്റ്” എന്നവൾ. വാക്കുകൾ ഉച്ചത്തിലായി, മൂർച്ചയേറി... ഒടുവിൽ ജോ ഒരു വ്യവസ്ഥ മുന്നോട്ടു വെച്ചു – "ശരി... നീ പൊയ്ക്കോളൂ... പക്ഷേ എനിക്കൊരു കുഞ്ഞിനെ വേണം!” ഒരു നിമിഷം അവൾ സ്തബ്ധയായി.
"കുഞ്ഞിനെ വേണമെങ്കിൽ നമുക്ക് എഡോപ്റ്റ് ചെയ്യാം. ഞാൻ തയ്യാറാണ്.” നീന പറഞ്ഞു.
ജോയുടെ മുഖവും കണ്ണുകളും ചുവന്നു. അങ്ങനെയൊരു ഭാവത്തിൽ അതിന് മുൻപോ പിന്നീടോ അവളവനെ കണ്ടിട്ടില്ല... പുരുഷനൊരു കുഴപ്പമുണ്ട്. അവനാഗ്രഹിക്കുന്നത് നമ്മളിൽ നിന്ന് കിട്ടിയില്ലെങ്കിൽ, അത് കിട്ടുന്നിടം അന്വേഷിച്ച് പോകും എന്ന് കപില പറഞ്ഞതോർത്തു, അവളപ്പോൾ. ജോ തന്റെ കൈ വിട്ടു പോകുമെന്ന് നീന ഭയന്നു. തുടർന്നുള്ള ദിവസങ്ങളിൽ മദ്യവും കഞ്ചാവും കൊണ്ട് തന്നെ സമ്മർദ്ദത്തിലാക്കുന്ന മറ്റൊരു ജോയെ അവൾ കണ്ടു. നിവൃത്തി കെട്ട് നീന ചോദിച്ചു – "സ്വയം നശിച്ച് ഇങ്ങനെ പകരം വീട്ടുന്നതെന്തിനാണ് ജോ. എന്നെ തോൽപ്പിക്കാൻ നിനക്ക് എത്രയോ നല്ല വഴികളുണ്ടായിരുന്നു..?”
അതിനു പിറ്റേന്ന് ജോയെ കാണാതായി. നീനയെ 'ബ്ലോക്ക് ലിസ്റ്റിൽ’ ഇട്ടിരുന്നത് കൊണ്ട് ഫോണിൽ വിളിച്ചിട്ട് കാര്യമുണ്ടായിരുന്നില്ല. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പ്ലും നിരന്തരം അവൾ മെസ്സേജ് അയച്ചുകൊണ്ടിരുന്നു. എല്ലായിടത്തും തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് അവൾക്കു മനസ്സിലായി. ഇ-മെയിലിനും മറുപടിയുണ്ടായില്ല. ഓഫീസിൽ ചെന്ന് അംബികാഅൻപുരാമന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി നോക്കിയപ്പോൾ 'Mumbai is a drug. Its always on high' എന്ന ക്യാപ്ഷനോടെ ജോ തലേന്നു രാത്രി പോസ്റ്റ് ചെയ്ത വീഡിയോ കണ്ടു. അവളുടെ ശ്വാസം നേരെ വീണു. അസഹ്യമായ തലവേദനയുമായി ജോലിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനാകാതെ വിഷമിച്ചുപോയ നീനയ്ക്ക് അപ്രതീക്ഷിതമായി അപ്പോൾ കപിലയുടെ ഫോൺകോൾ വരികയായിരുന്നു. "ഹലോ ഹമ്മേ...” എന്ന് നിലവിളിക്കുമ്പോലെയാണ് അവളന്നാ കോൾ എടുത്തത്...“
"എന്താടി നിന്റെ അമ്മയ്ക്കൊരു അഹങ്കാരം? ഞാനിതാ ചെന്നൈ എയർപോർട്ടിലെ ഡോമെസ്റ്റിക് ടെർമിനലിൽ ഇരിക്കുന്നു. പോണ്ടിച്ചേരിയാണ് അടുത്ത ഡെസ്റ്റിനേഷൻ, ഓരോവില്ലിൽ പോകണം, ഇതിനിടയ്ക്ക് എന്റെ മരുമകളെ ഒന്ന് കാണണം. സമയമുണ്ടാകുമോ കുഞ്ഞേ” എന്ന് കപില ഞെട്ടിച്ചു കളഞ്ഞു നീനയെ. ജീവിതത്തിൽ അങ്ങേയറ്റം ഒറ്റപ്പെട്ടിരിക്കുന്നവസ്ഥയിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നിങ്ങളെ തേടി വരുമ്പോഴുണ്ടാകുന്ന സന്തോഷം, അത് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുമോ?
നീന ഫോണിലൂടെ വിതുമ്പി. കണ്ണുനീർ തുടച്ചു, എമർജൻസി ലീവിനു അപ്ലൈ ചെയ്തു, ഉടനടി അവൾ എയർപോർട്ടിലേക്കു പുറപ്പെട്ടു പോയി. തന്നെ 'പിക്’ ചെയ്യാൻ വന്ന നീനയാകെ വടിക്കുഴഞ്ഞു പോയത് ശ്രദ്ധിച്ചിട്ടും അതേ കുറിച്ചൊന്നും ചോദിക്കാതെ മൂന്ന് മണിക്കൂറോളം ദൂരം കപില ഈസ്റ്റ് കോസ്റ്റ് റോഡിലെ കാഴ്ചകളിൽ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ മുഴുകിയിരുന്നു. ഉച്ചയോടെ അവർ പോണ്ടിച്ചേരിയിലെത്തി. മെക്സിക്കൻ ലഞ്ച് കഴിച്ച് വൈറ്റ് ടൗണിലെ കഫെ ഡെസ് ആർട്സിൽ നിന്ന് 'ചെമ്പരത്തിപ്പൂ സിറപ്പ്’ ഡ്രിങ്കും കുടിച്ച് പിന്നെ ഓരോവില്ലിലേക്കു പുറപ്പെട്ടു. താൻ ഏതവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അമ്മയെ അറിയിച്ച്, മനസ്സിന്റെ ഭാരമിറയ്ക്കി വെയ്ക്കുവാൻ പല തവണ ഒരുങ്ങിയെങ്കിലും യാത്രയുടെ, കാഴ്ചകളിലെ രസം ഊതിക്കെടുത്തി അമ്മയെ വിഷമിപ്പിക്കേണ്ടതില്ലെന്ന് നീന തീരുമാനിച്ചുറപ്പിച്ചിരുന്നു.
മാത്രിമന്ദിറിലേക്കുള്ള, നിഴൽ വീണ തണുത്ത വഴിയിലൊരിടത്ത് മഹാഗണി ചുവട്ടിലെ സിമന്റ് ബെഞ്ചിലിരുന്ന് നീനയുടെ ചുമലിൽ കൈവച്ച് കപില ചോദിച്ചു – "നീനേ.. മോളുരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലേ?” സ്വപ്നത്തിൽ നിന്നെന്ന പോലെ അവൾ ഞെട്ടിയുണർന്നു അമ്മയെ നോക്കി.
"ഒരാളും ഒരിടത്തും അനിവാര്യതയല്ല. ടോക്സിക് ആയ ഒരു റിലേഷന്റെ ഭാരം നീയിങ്ങനെ ബന്ധങ്ങളുടെ പേരിൽ ഒറ്റയ്ക്ക് ചുമയ്ക്കേണ്ടതില്ല.” അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു അവൾ. ആ നേരം അങ്ങനെയേ നീനയ്ക്കു പ്രതികരിക്കാനാവുമായിരുന്നുള്ളൂ. ദിവസങ്ങളായി അനുഭവിച്ച സംഘർഷങ്ങൾക്കുള്ള ഉത്തരമാണ് അളന്നു മുറിച്ച വാക്കുകളിൽ അമ്മയിൽ നിന്നവൾ കേട്ടത്.
"ഒരു പെണ്ണിന് ജീവിക്കാൻ ആരുടെയും ആശ്രയമാവശ്യമില്ല. നീ ആഗ്രഹിച്ചത് ഒരു കൂട്ടായിരുന്നു. അതിനവന് കഴിഞ്ഞില്ല. Don’t let anyone to mould your life... അത് നിന്റെ മാത്രം ഉത്തരവാദിത്തമാണ്... കിടന്നു കരയാതെ പെണ്ണേ... atleast you have choices, എനിക്കതുണ്ടായിരുന്നില്ല!” കപില, നീനയെ കെട്ടിപ്പിടിച്ചു. ആൾക്കൂട്ടത്തെ മറന്ന് അവൾ പൊട്ടിക്കരഞ്ഞു. അമ്മയെ ഇറുകെപ്പുണർന്ന് ഉമ്മ വച്ചു. പിന്നെ കണ്ണുനീർ തുടച്ച് പഴയ നീനയായി. അവർ മാത്രി മന്ദിറിൽ ധ്യാനിച്ചിരുന്നു.
പോണ്ടിച്ചേരിയിൽ നിന്ന് അപാർട്മെന്റിൽ തിരിച്ചെത്തിയ നീന, ജോയ്ക്ക് മറ്റൊരു മെയിൽ കൂടി അയച്ചു.
'നമുക്കു പിരിയാം’ എന്ന രണ്ടേ രണ്ട് വാക്കുകളുള്ള ഇ-മെയിൽ. പിറ്റേന്ന് ഇരുട്ടും മുൻപ് മുഷിഞ്ഞ വസ്ത്രങ്ങളും കറുത്തിരുണ്ട കൺ തടങ്ങളുമായി അനുസരണയില്ലാത്ത നീളൻ മുടിയിഴകളെ കാറ്റിൽ പറത്തി ജോ അവൾക്ക് മുന്നിൽ വന്നുനിന്നു. ഡോർ തുറന്ന് ജോയുടെ രൂപം കണ്ട് - "ഇതെന്തു കോലമാണ് ജോ…നീ നനച്ച് കുളിക്കാറൊന്നുമില്ലേ?" എന്ന് ദേഷ്യപ്പെടുകയും തൊട്ടടുത്ത നിമിഷം 'അവനെങ്ങനെ നടന്നാൽ എനിക്കെന്ത്, അതെന്നെ ബാധിക്കുന്ന വിഷയമല്ലല്ലോ’ എന്ന് സ്വയം തിരുത്താൻ ശ്രമിച്ചു കൊണ്ട് നീന വഴി മാറി നിൽക്കുകയും ചെയ്തു - അതത്ര എളുപ്പമല്ലായിരുന്നുവെങ്കിൽ പോലും!
നീന വിട്ടുപോകുന്നത് ജോയ്ക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. സ്വന്തമായി തീർന്നെന്ന് ഉറപ്പു വന്നവയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ചെടുക്കാനാണ് അവൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അവൻ തർക്കിക്കുമെന്നും സാധ്യമാകുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും തന്നെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു നീന കരുതിയത്. മുൻവിധികൾ തെറ്റായിരുന്നു. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അവൻ നിശബ്ദനായി. അവനെ സംബന്ധിച്ച് നീനയെടുത്ത നിലപാട് ഓർക്കാപ്പുറത്തേറ്റ പ്രഹരമായിരുന്നു. പിസ്സാ ഹട്ടിലെ ഒരു മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്നു പിരിയാമെന്നു പരസ്പരം തീരുമാനമെടുത്ത ദിവസം മുതൽ നീന, ശാന്തികോളനിയിലെ അവരുടെ അപാർട്മെന്റിൽ നിന്ന് മാറി താമസിക്കും വരെയുള്ള ഒരാഴ്ച 'വൈറൽ ഫീവർ’ കാലത്ത് - ആഗ്രഹിച്ചപ്പോൾ കിട്ടാതിരുന്ന സ്നേഹവും പരിഗണനയും അവനവൾക്കു നൽകി. സമയം തെറ്റാതെ മരുന്നെടുത്തു കൊടുത്തും, നെറ്റിയിൽ തുണി നനച്ചിട്ടും, പൊടിയരി കഞ്ഞി വേവിച്ചതും പപ്പടം ചുട്ടെടുത്തതും വായിൽ വച്ചുകൊടുത്തും ജോ അവളെ പരിചരിച്ചു. "അവനിക് ഇനൊരു ചാൻസ് കൊടുക്കലാമേ?” എന്ന് അതുകണ്ടു പനിക്കാലത്ത് അപാർട്മെന്റിലെ സ്ഥിരം സന്ദർശകയായിരുന്ന അംബികാഅൻപുരാമൻ ചോദിച്ചു...
"അവനൊരു നല്ല ഭർത്താവായിരിക്കാൻ കഴിയില്ല, But he can be a good friend. ഇപ്പോൾ ഈ തീരുമാനം എടുക്കുന്നത് ഞങ്ങൾ രണ്ടു പേരുടെയും നല്ലതിനാണ്. After all life is all about the choices we make." എന്ന് നീനയതിനു മറുപടി പറഞ്ഞത് പാതി ചാരിയ വാതിൽ പൊളിക്ക് അപ്പുറത്തു നിന്ന് ജോ കേൾക്കുന്നുണ്ടായിരുന്നു.
ഉച്ചവെയിൽ മരങ്ങൾക്കിടയിലൂടെ അവർക്കുമേൽ ചോർന്നു വീണു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കിടയിലെ സാഹസിക നിമിഷങ്ങളെ കുറിച്ചും ആമസോൺ കാടുകളിലെ കാട്ടുതീയെ കുറിച്ചും ആഗോളതാപനവും അതിന്റെ രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം നീന പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ ജോയ്ക്ക് അറിയേണ്ടിയിരുന്നത് അവളുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചായിരുന്നു. അവളാകട്ടെ, അബദ്ധത്തിൽ പോലും അതൊരു വിഷയമാകാതിരിക്കുവാൻ പരമാവധി ശ്രദ്ധിച്ചു. മറ്റൊരാളുമായുള്ള താരതമ്യം പുരുഷനെ അടിമുടി ഉടച്ചു കളയുമെന്ന് അവൾ എന്നേ പഠിച്ചെടുത്തതാണ്.
"നിന്റെ മുംബൈയെ കുറിച്ച് പറയൂ” എന്ന് നീന അവനെ വഴിതിരിച്ചുവിട്ടു. ഒരിക്കലുമുറങ്ങാത്ത മുംബൈ – എവിടെ നിന്നൊക്കെയോ ഒഴുകി വരുന്ന പ്രവാഹങ്ങൾ - മനുഷ്യരുടെ പ്രവാഹങ്ങൾ - അതൊന്നു ചേർന്ന് ഒരു കടലാവുന്നു. ചലനാത്മകതയാണ് അതിന്റെ സൗന്ദര്യം.
ചലനം, ചലനം, എവിടെ നോക്കിയാലും ചലനം, ഒരിക്കൽ ചെന്നവനെ വീണ്ടും വശീകരിച്ചടുപ്പിക്കുന്ന ഇന്ദ്രജാലം - ജീവിതത്തിന്റെ വേഗത്തിനും ആൾക്കൂട്ടത്തിനുമിടയിൽ തനിച്ചു കിട്ടുന്ന ശാന്തതയെ കുറിച്ചു പറഞ്ഞു അവൻ നീനയെ കൊതിപ്പിച്ചു. പിന്നെ അവർക്കിടയിൽ വാക്കുകൾ അപ്രസക്തമായി. വാക്കുകൾക്കു കഴിയാത്തത് മൗനം സംസാരിച്ചു. അതിനിടയിലെപ്പോഴോ ഫോണെടുത്ത് ജോ നീനയ്ക്കു വേണ്ടി പിസ്സ ഓർഡർ ചെയ്തു. പണ്ട് വിവാഹത്തിനു മുൻപ് ജോ അങ്ങനെയായിരുന്നു. നീനയുടെ ചെറിയ ആഗ്രഹങ്ങൾക്കു പോലും പ്രാധാന്യം കൊടുത്തിരുന്നു. അവളുടെ ഇഷ്ടങ്ങൾ ഓർത്തു വെയ്ക്കുമായിരുന്നു. 'പിസ്സാ കൊതിച്ചിയായ’ തനിക്കു വേണ്ടി ഓർഡർ ചെയ്ത പിസ്സാ, പാരഡൈസിലെ വൃത്താകാരത്തിലുള്ള തീൻ മേശയിലിരുന്നു പങ്കിട്ടു കഴിക്കുമ്പോൾ വർഷങ്ങളുടെ ഇടവേളയിൽ തനിക്കു നഷ്ടപ്പെട്ടുവെന്നു കരുതിയ ജോയെ തിരികെക്കിട്ടിയതു പോലെയവൾക്കു തോന്നി. നീന അവനെ ഉറ്റു നോക്കിയിരുന്നു. "അമ്മയുടെ പോണ്ടിച്ചേരി യാത്രയ്ക്കു ശേഷം വീട്ടിലെപ്പോഴും ചെമ്പരത്തി സ്ക്വാഷ് പതിവായി” എന്നു പറഞ്ഞ് ജോ, അവളുടെ ഗ്ലാസ്സിലേക്ക് സ്ക്വാഷ് കലക്കിയതു പകർന്നു. "ആദ്യമായി കാണുന്നതു പോലെ നീയെന്താണ് എന്നെയിങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?” അവൻ ചോദിച്ചു.
അവളുടെ കണ്ണുകൾ ജോയുടെ ചെവികൾക്കു മുകളിലെ നരച്ചു തുടങ്ങിയ മുടിയിഴകളെ ഉഴിഞ്ഞു. അവന്റെ ജീവിതത്തിൽ നിന്നു കാലം ചോർന്നു പോകുന്നത് നീനയെ വേദനിപ്പിച്ചു. നീനയുടെ കണ്ണുകൾ തന്റെ വെള്ളിയിഴകളിലൂടെയാണ് അരിച്ചു നീങ്ങുന്നത് എന്നറിഞ്ഞു അവൻ പറഞ്ഞു – "കുറച്ചു ദിവസമായി 'ഡൈ’ ചെയ്തിട്ട്..!”
നീനയുടെ കണ്ണുകൾ നിറഞ്ഞു. അവനെ താൻ ഉപേക്ഷിച്ചു പോയില്ലായിരുന്നുവെങ്കിൽ - അവനു വേണ്ടി വിട്ടുവീഴ്ചകൾക്കു തയ്യാറായിരുന്നുവെങ്കിൽ - ഇല്ല ഒരിക്കലുമവനെ ഒരു ഭർത്താവായി സഹിക്കുവാൻ തനിക്കു കഴിയുമായിരുന്നില്ല. ഒരു പക്ഷേ അത് വലിയ ദുരന്തങ്ങൾക്കു വഴിമാറുമായിരുന്നു. അവശേഷിക്കുന്ന പിസ്സ കഷണം രണ്ടുപേരും മുറിച്ചു പങ്കുവെയ്ക്കുന്നതിനിടയിൽ ജോ ഒടുവിലത് ചോദിച്ചു. "How is your Alex?”
ആ ചോദ്യം അവനിൽ നിന്ന് ഒരിക്കലുമവൾ നേരിട്ടിങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴുള്ള ജീവിതം മുൻപത്തേതിനേക്കാൾ മികച്ചത് എന്നോ അതോ മറിച്ചാണെന്നോ – ഏതാണ് അവൻ കേൾക്കുവാൻ ആഗ്രഹിക്കുന്ന ഉത്തരം? എന്തുത്തരം പറയണമെന്നറിയാതെ നീന കുഴങ്ങി. അലെക്സിനെ കുറിച്ചോ അവരുടെ പുതിയ ജീവിതത്തെ കുറിച്ചോ നീന കൂടുതലെന്തെങ്കിലും പറയുവാൻ അവൾ താല്പര്യപ്പെടുന്നില്ലെന്ന് വ്യക്തമായപ്പോൾ ജോ "ഫ്ലൈറ്റ്നു സമയമാകുന്നു അല്ലേ?” എന്നു പറഞ്ഞു വിഷയം മാറ്റി, എച്ചിലുകൾ പറ്റിപ്പിടിച്ച പാത്രങ്ങളുമായി അടുക്കളയിലേക്കു പോയി. നീന നേരത്തേ ഒതുക്കിയിട്ട അടുക്കള, വൃത്തികേടാകാതിരിക്കുവാൻ തന്നാൽ കഴിയുന്ന വിധം പരമാവധി ശ്രമിച്ചു കൊണ്ടവൻ പാത്രങ്ങൾ കഴുകിയെടുത്തു വന്നപ്പോൾ അവൾ അമ്മയുടെ മുറിയിലായിരുന്നു. കപില അവസാനമായുടുത്തുമാറ്റിയിട്ട മൺ നിറത്തിൽ ചുവന്ന പൂക്കളുള്ള സാരി ജാലകത്തിനരികിലെ മേശയോട് ചേർന്നുള്ള സ്റ്റാൻഡിൽ കിടന്നിരുന്നു.
"ഗന്ധം നമ്മെ പലതുമോർമിപ്പിക്കും. ഓർമകളിൽ വെച്ചേറ്റവും വീര്യം കൂടിയത് ഗന്ധങ്ങൾക്കാണ് അല്ലേ?” നീന ചോദിച്ചു.
അവൻ അതിനുത്തരം പറഞ്ഞില്ല. നീനയുമായി പിരിഞ്ഞതിനു ശേഷം, ഉണരുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ഗന്ധം ഓർമ്മകളായി വേട്ടയാടി തുടങ്ങിയപ്പോൾ ചെന്നൈ ജീവിതം മതിയാക്കി പിൽക്കാലത്ത് അവനേറ്റവും പ്രിയപ്പെട്ട നഗരമായി മാറിയ, മുംബൈയിലേക്ക് രക്ഷപ്പെട്ടവനാണ് ജോ...
"ഇതു ഞാനെടുത്തോട്ടെ?” കപിലയുടെ സാരി വലതു കൈവിരലുകൾ കൊണ്ടു തലോടി അവൾ ചോദിച്ചു.
"അമ്മ നിന്റേത് കൂടിയാണ്!” എന്നാണ് ജോ അതിനു മറുപടി പറഞ്ഞത്.
നീനയ്ക്ക് കരച്ചിൽ വന്നു. അവളതു മറച്ചു പിടിയ്ക്കുവാനും ശ്രമിച്ചില്ല. 'ദൈവമേ, ഈ ജോയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നല്ലോ’ എന്ന് അവൻ കേൾക്കാതെയവൾ മന്ത്രിച്ചു. കപിലയെ ഓർക്കാൻ അവൾക്കു മറ്റൊന്നിന്റെയും ആവശ്യമില്ലായിരുന്നുവെങ്കിലും ഒറ്റയ്ക്കാകുമ്പോൾ കൂടെയൊരാൾ ഉണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തുവാൻ അവൾക്കതു വേണമായിരുന്നു. നീന ആ സാരി ഉടുക്കില്ല, പക്ഷേ വല്ലാതെ സങ്കടം വരുമ്പോൾ അതെടുത്ത് പുതയ്ക്കും... തീർച്ചയായും അന്നത്തേത് പോലെ ഓരോവില്ലിലെ തണുത്ത മരച്ചുവട്ടിലേത് പോലെ അമ്മ വന്ന് തന്നെ കെട്ടിപ്പിടിക്കുന്നതായി അവൾക്ക് തോന്നും.
ചില വിടപറച്ചിലുകൾ, അവ മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല. പാരഡൈസിൽ നിന്ന് നീന തിരിച്ചുപോയത് അങ്ങനെയായിരുന്നു - കൂടിച്ചേരലുകളേക്കാൾ ഭംഗി വിടപറച്ചിലുകൾക്കാണെന്ന് പിന്നെയും പിന്നെയും ബോധ്യപ്പെടുത്തും വിധം മനോഹരം. എയർപോർട്ടിലേക്ക് പോകും മുൻപ് താമസിക്കുന്ന ഹോട്ടലിൽ ചെന്നു ചെക്ക് ഔട്ട് ചെയ്യണമായിരുന്നു. കൊണ്ടുവിടാമെന്ന് ജോ പറഞ്ഞു. ടാക്സി വിളിച്ചുതന്നാൽ മതിയെന്നു നീന നിർബന്ധിച്ചു. പാരഡൈസിൽ നിന്നുള്ള ആ മടക്കയാത്രയിൽ താൻ തനിച്ചായിരിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. "Thanks for the day.. മാറ്റി വെച്ച ഈ സമയത്തിന്.” നഷ്ടബോധം കൊണ്ട് നീറുന്ന, ചോരവറ്റി വാടിയ മുഖവുമായി നീനയുടെ വലതു കൈത്തലം ഉള്ളം കൈയിലെടുത്ത് ജോ വാക്കുകൾ മുഴുമിപ്പിച്ചില്ല.
"I was always available for you. And I am” എന്ന് നീന അതിന് മറുപടി പറഞ്ഞപ്പോൾ അവന് പോറലേറ്റു. സുഖമുള്ള എന്നാൽ നീറിപ്പിടിയ്ക്കുന്ന ഒരു വേദനയായിരുന്നു അതിന്. അവന്റെ കൺപ്പോളകൾക്കിടയിലൂടെ നനവ് പടരുന്നത് നീന കണ്ടു.
"ഇനിയെന്നു കാണും?” എന്നു ചോദിച്ചു, അവൻ.
"കാണും”. അവൾ പറഞ്ഞു.
നീനയെ ചുറ്റിപ്പിടിച്ച് ടാക്സിയുടെ ഡോർ വരെ ജോ ഒപ്പം നടന്നു. പിൻ സീറ്റിലേക്കിരുന്ന്, ഡോർ അടച്ച് വിൻഡ് ഷീൽഡ് ഗ്ലാസ് താഴ്ത്തിവെച്ച് ഏറെ നേരമായി മനസ്സിൽ കുടുങ്ങിക്കിടന്നിരുന്ന ചോദ്യം നീന അവനോടു ചോദിച്ചു. "ചോദിക്കരുതെന്ന് കരുതിയതാണ്. എങ്കിലും വയ്യ. എന്തിനാണ് ഇനിയീ തനിച്ചുള്ള ജീവിതം? ഒരു കൂട്ട് വേണമെന്ന് തോന്നുന്നില്ലേ നിനക്ക്?” ജോ മറുപടി ഒരു ചിരിയിലൊതുക്കി. ഗ്ലാസിനു മുകളിലൂടെ നീനയുടെ വിരലുകളിൽ മുറുകെ പിടിച്ച് പിന്നെ തിരിഞ്ഞു നടന്നു. ടാക്സി പാരഡൈസിന്റെ ഗേറ്റ് കടന്നുപോകുന്നത് അവൻ തിരിഞ്ഞുനോക്കിയില്ല. ജീവിതത്തിലും ഇനി തിരിഞ്ഞുനോട്ടങ്ങൾക്ക് സാധ്യതകളില്ലല്ലോ. 'നഷ്ടസ്വർഗ്ഗങ്ങളുടെ കാവൽക്കാരന്റെ വേഷമാണ് ഇനിയുള്ള കാലം തനിക്ക് ചേരുക’ എന്ന് നീനയോട് പറയേണ്ടിയിരുന്ന മറുപടി മറ്റൊരു മന്ത്രം പോലെ അവന്റെ ചുണ്ടിലും തങ്ങി നിന്നു. നഷ്ടപ്പെട്ട് പോകുമ്പോളാണ് ചില മനുഷ്യരും സ്ഥലങ്ങളും കൂടുതൽ പ്രിയപ്പെട്ടതാകുന്നതെന്ന് ടാക്സിയുടെ പിൻ സീറ്റിൽ ചാരിക്കിടന്ന് കണ്ണുകൾ നിറഞ്ഞപ്പോൾ നീനയ്ക്കും തോന്നി. മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷൻ ബാറിൽ, അപ്പോൾ അലെക്സിന്റെ മെസ്സേജ് മിന്നിത്തെളിഞ്ഞു. നീന തൽക്കാലം അത് ഓപ്പൺ ചെയ്യില്ല, അവളിനി കുറച്ച് നേരം കണ്ണടച്ചു കിടക്കും. എയർപോർട്ടിലെ ലോബിയിലിരിക്കുമ്പോൾ മാത്രം അവൾ അലക്സിന്റെ മെസ്സേജിനു മറുപടിയയക്കും. ജീവിതത്തിലാരാണ് അവനവന്റേതു മാത്രമായൊരല്പം സമയം ആഗ്രഹിക്കാത്തത്..?