ഐ എഫ് എഫ് കെ എന്ന ജനാധിപത്യത്തിന്റെ ഉത്സവം
ഐഎഫ്എഫ്കെയുടെ ഓരോ എഡിഷനും ശ്രദ്ധേയമാവുന്നത് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച്, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്, ഇഷ്ടപ്പെട്ടവരോടൊപ്പം കൈകോർത്തുപിടിച്ച്, ഇഷ്ടപ്പെട്ട കവിതകളും ഗാനങ്ങളും ആലപിച്ച്, ഇഷ്ടപ്പെട്ട രാഷ്ട്രീയം ചർച്ച ചെയ്ത്, രാത്രികൾ ആഘോഷമാക്കി മാറ്റി, ഇഷ്ടപ്പെട്ട ചലച്ചിത്രങ്ങൾ കാണുന്നതിലൂടെയാണ്. അടച്ചിട്ട മുറിയിൽ, ടെലിവിഷൻ സ്ക്രീനിലോ മൊബൈൽ സ്ക്രീനിലോ സിനിമ കാണുമ്പോൾ പലപ്പോഴും ചലച്ചിത്രങ്ങളുടെ രാഷ്ട്രീയം റദ്ദ് ചെയ്യപ്പെടുകയും ആസ്വാദനം വ്യക്തികളിലേക്ക് ചുരുങ്ങുകയും ചെയ്യും. ആയിരം കാണികൾ അടങ്ങുന്ന ജനസഞ്ചയത്തിന് മുമ്പിൽ രണ്ടു കമിതാക്കൾ ചുംബിക്കുമ്പോൾ അവരിൽ നിന്നും സമൂഹത്തിലേക്ക് ഊർജ്ജം പരക്കുന്നതു പോലെ, ഐ എഫ് എഫ് കെ പോലുള്ള ചലച്ചിത്രമേളകൾ ഒരു സമൂഹത്തെയാകെ രാഷ്ട്രീയമായി ചലനാത്മകം ആക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മാധ്യമം എന്ന നിലയിലാണ് സിനിമ പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യന്റെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും കലഹങ്ങളുടെയും അനുരഞ്ജനത്തിന്റെയും എന്നിങ്ങനെ സമസ്തവികാരങ്ങളുടെയും ആഖ്യാനം എന്ന നിലയിൽ ചലച്ചിത്രം മനുഷ്യൻ ഹൃദയത്തോടു ചേർത്തുവച്ച ഒരു കലാരൂപമായിരുന്നു. ഒരു പക്ഷേ, ചലച്ചിത്രത്തോളം മനുഷ്യസ്വഭാവത്തെ മനസ്സിലാക്കുന്നതിൽ മറ്റൊരു മാധ്യമവും വിജയിച്ചിട്ടുണ്ടാവില്ല.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സർഗാത്മകമായ രാഷ്ട്രീയപ്രവർത്തനം അധീശത്വപ്രവണതയെ അടി മുതൽ മുടി വരെ എതിർക്കുന്ന മികച്ച ചലച്ചിത്രങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു. എന്നാൽ, ഇത്തരം ചിത്രങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കാണികളിലേക്ക് എങ്ങനെ എത്തുമെന്നതായിരുന്നു. കച്ചവടസിനിമകൾ എന്ന് വിളിക്കപ്പെടുന്ന മുഖ്യധാരാ സിനിമകളുടെ പ്രദർശനത്തിനായി എക്കാലവും തിയേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധത്തിന്റെ രാഷ്ട്രീയം പറയുന്ന കലാത്മകമായ പരീക്ഷണങ്ങളോട് അവ പലപ്പോഴും മുഖം തിരിച്ചു നിന്നു. അതുകൊണ്ടുതന്നെ, മുഖ്യധാരയിൽ നിന്നും മാറി നടക്കുന്ന - സിനിമയുടെ തന്നെ വ്യാകരണത്തെ അപനിർമ്മിക്കുന്ന, ഭരണകൂടങ്ങളുടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ഉച്ചത്തിൽ സംസാരിക്കുന്ന, ജനാധിപത്യത്തിന്റെ നാനാർത്ഥങ്ങൾ പങ്കുവയ്ക്കുന്ന, ജനപക്ഷരാഷ്ട്രീയം പറയുന്ന - ചലച്ചിത്രങ്ങളുടെ പ്രദർശനത്തിനാണ് ചലച്ചിത്രമേളകൾ എല്ലായ്പ്പോഴും ശ്രദ്ധ കൊടുത്തിരുന്നത്.
ചലച്ചിത്രത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ചലച്ചിത്രമേളകളുടെ ചരിത്രവും. 1932-ൽ ആരംഭിച്ച വെനീസ് (ഇറ്റലി) ഫിലിം ഫെസ്റ്റിവലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേള. ലോകമഹായുദ്ധങ്ങൾ തകർത്ത യൂറോപ്പിൽ നിന്നും പ്രതിരോധത്തിന്റെ രാഷ്ട്രീയസന്ദേശം ഉയർത്തുന്ന വിഖ്യാതമായ കാൻ (ഫ്രാൻസ്) ചലച്ചിത്രമേള ആരംഭിക്കുന്നത് 1946-ലാണ്. അതേ വർഷം തന്നെയാണ് വിഖ്യാതമായ കാർലോവി വേരി (ചെക്ക് റിപബ്ലിക്) ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്. 1951-ൽ ആരംഭിച്ച ബർലിൻ (ജർമനി) ചലച്ചിത്രമേളയും, 1953-ൽ ആരംഭിച്ച സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളയും, 1957 ൽ ആരംഭിച്ച ലണ്ടൻ ചലച്ചിത്രമേളയും കാണികളുടെയും ചലച്ചിത്രപ്രവർത്തകരുടെയും വമ്പിച്ച സാന്നിധ്യം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആകർഷകമായി മാറി.
വടക്കേ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയായ ടൊറോന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആദ്യമായി നടത്തപ്പെട്ടത് 1976-ലാണ്. രണ്ട് വർഷങ്ങൾക്കുശേഷം 1978-ലാണ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ലോകത്താകമാനം പല വലിപ്പത്തിലും വ്യാപ്തിയിലുമുള്ള ചലച്ചിത്രമേളകൾ ആരംഭിച്ചു. ഓരോ നഗരവും അവിടെ നടത്തപ്പെടുന്ന ചലച്ചിത്രമേളകളെ ആ നഗരത്തിന്റെ അടയാളമാക്കി മാറ്റി. ആ നഗരങ്ങളിലേക്ക് ചലച്ചിത്രപ്രവർത്തകർക്കൊപ്പം, ആ നാട്ടിലെയും മറ്റു നാട്ടിലേയും കവികളും ഗായകരും ചിത്രകാരന്മാരും അധ്യാപകരും വിദ്യാർത്ഥികളും തൊഴിലാളികളും ഒഴുകിയെത്തി. അവർ ചലച്ചിത്രങ്ങൾ കണ്ടു, ഗാനങ്ങൾ ആലപിച്ചു, മുദ്രാവാക്യങ്ങൾ വിളിച്ചു. അങ്ങനെ ലോകമെമ്പാടും ചലച്ചിത്രമേളകൾ സിനിമയുടെ മാത്രമല്ല, സംസ്കാരികമായ രാഷ്ട്രീയ ഉത്സവമായി മാറി.
ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്രമേളയായ IFFI 1952-ലാണ് ആദ്യമായി നടത്തപ്പെടുന്നത്. മുംബൈ ആയിരുന്നു ആദ്യത്തെ ചലച്ചിത്രമേളയുടെ വേദി. ആദ്യകാലഘട്ടങ്ങളിൽ നിശ്ചിതമായ ഒരു വേദി ഈ ചലച്ചിത്രമേളയ്ക്ക് ഉണ്ടായിരുന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ മുംബൈയ്ക്ക് പുറമേ, ന്യൂഡൽഹി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൽക്കട്ട, തിരുവനന്തപുരം എന്നീ നഗരങ്ങൾ ഈ ചലച്ചിത്രമേളയ്ക്ക് വേദിയായി. 1988, 1997 എന്നീ വർഷങ്ങളിലാണ് തിരുവനന്തപുരം ഈ ചലച്ചിത്രമേളയ്ക്ക് വേദിയായത്. 2004 മുതലാണ് ഈ ചലച്ചിത്രമേളയ്ക്ക് ഗോവ സ്ഥിരം വേദിയായി മാറുന്നത്. ആദ്യകാലങ്ങളിൽ, കൃത്യമായി എല്ലാ വർഷവും ഭാരതത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേള നടത്തപ്പെട്ടിരുന്നില്ല.
ഐ എഫ് എഫ് കെ എന്ന കേരളത്തിൻറെ സ്വന്തം ചലച്ചിത്രമേളയുടെ ചരിത്രം ആരംഭിക്കുന്നത് 1996-ലാണ്. 1988-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള മലയാളികളുടെ സിനിമയോടുള്ള പ്രണയം വിളിച്ചു പറയുന്നതായിരുന്നു. സാഹിത്യ, സാംസ്കാരിക, ചലച്ചിത്രരംഗത്ത് ഇന്ത്യയിൽ തന്നെ മുൻപോട്ടു നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ സിനിമാപ്രേമികളുടെ ദീർഘകാലമായുള്ള ആഗ്രഹത്തിന്റെ സഫലീകരണം ആയിരുന്നു 1996 കോഴിക്കോട് നടത്തപ്പെട്ട ആദ്യത്തെ ഐ എഫ് എഫ് കെ. അന്താരാഷ്ട്ര തലത്തിൽ തന്നെ സിനിമയുടെ നൂറാം വാർഷികം ആഘോഷിക്കപ്പെടുമ്പോൾ ലോകസിനിമയിലെ ക്ലാസിക്കുകൾക്കായി ഒരു മേള എന്നതായിരുന്നു ആദ്യത്തെ ഐ എഫ് എഫ് കെ. പിന്നീടുള്ള 25 വർഷങ്ങളിൽ സാംസ്കാരിക വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന ഈ മേള വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇതിനിടെ, തിരുവനന്തപുരം മേളയുടെ സ്ഥിരം വേദിയായി മാറി. ആദ്യകാലഘട്ടങ്ങളിൽ ഫിലിം സൊസൈറ്റി പ്രവർത്തകരും ചലച്ചിത്രപ്രവർത്തകരും ആയിരുന്നു പ്രധാനമായും ആസ്വാദകരെങ്കിലും, ചുരുങ്ങിയ നാളുകൾ കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് കേരള അന്താരാഷ്ട്ര ചലചിത്രമേള വളരെ ജനകീയമായി മാറി.
മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള മത്സര വിഭാഗമാണ് മേളയുടെ സവിശേഷത. മറ്റേതൊരു മേളയും പോലെ, ഐ എഫ് എഫ് കെയും ലോക സിനിമയിലെ ഒരു മാസ്റ്റർ ഡയറക്ടറുടെ ചിത്രങ്ങൾ പരിചയപ്പെടുത്തുന്നു. അതതു വർഷങ്ങളിൽ ലോകസിനിമയിൽ ചലനം സൃഷ്ടിച്ച, മറ്റു മേളകളിൽ പുരസ്കാരം നേടിയ ചിത്രങ്ങൾ പരിചയപ്പെടുത്തുന്ന ലോകസിനിമ, സിനിമയ്ക്ക് അതുല്യമായ സംഭാവനകൾ നൽകി മൺമറഞ്ഞ ലോകസിനിമയിലെയും ഇന്ത്യൻ സിനിമയിലെയും മലയാളസിനിമയിലെയും മഹാരഥന്മാരെ അനുസ്മരിക്കുന്ന ഹോമേജ്, ഇന്ത്യൻ സിനിമയിലെ പുതു പ്രവണതകളെ പരിചയപ്പെടുത്തുന്ന ഇന്ത്യൻ സിനിമ നൗ, മലയാളത്തിലെ ഒരു വർഷത്തെ കലാപരമായ മികച്ച ചിത്രങ്ങൾ ഉൾക്കൊള്ളിച്ച മലയാളം സിനിമ നൗ, ജൂറിയുടെ ഭാഗമായ സംവിധായകരുടെ ചിത്രങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ. ഇതോടൊപ്പം അരവിന്ദൻ മെമ്മോറിയൽ പ്രഭാഷണം, മാസ്റ്റർ ക്ലാസ്, ഓപ്പൺ ഫോറം, സാംസ്ക്കാരികസായാഹ്നങ്ങൾ എന്നിവ കൂടി കൂടിച്ചേരുന്നതാണ് കേരള അന്താരാഷ്ട്ര ചലചിത്രമേള.
ചലച്ചിത്ര ആസ്വാദനത്തിന്റെ രീതികൾ മാറി വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്താകമാനം സിനിമ തിയേറ്ററുകളുടെ എണ്ണത്തിൽ വലിയ കുറവ് നേരിട്ടുകൊണ്ടിരിക്കുന്നു. OTT എന്ന പേരിൽ അറിയപ്പെടുന്ന, ഇന്റർനെറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന സംവിധാനത്തിലൂടെ സിനിമ പ്രേക്ഷകരിലേക്ക് നേരിട്ട് എത്താൻ തുടങ്ങി. 2010 മുതൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി ഹോട്ട്സ്റ്റാർ എന്നിങ്ങനെയുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ വ്യാപകമായി സിനിമ പ്രദർശനത്തിനുള്ള അവകാശം വാങ്ങിക്കൂട്ടുകയും സ്വന്തമായി ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യാൻ തുടങ്ങി. മുബി (MUBI) പോലുള്ള പ്ലാറ്റ്ഫോമുകൾ മുഖ്യധാരയ്ക്ക് പുറത്തുള്ള ചിത്രങ്ങളുടെ കാഴ്ചയ്ക്കും അവസരമൊരുക്കി. അങ്ങനെ ചലച്ചിത്രങ്ങൾ അടച്ചിട്ട മുറിയിൽ ഇരുന്ന് തനിച്ച് ആസ്വദിക്കാവുന്നവയായി മാറുമ്പോൾ, ചലച്ചിത്രമേളകൾക്ക് ഇനി എന്ത് പ്രസക്തി എന്നത് ശ്രദ്ധേയമായ ചോദ്യമാണ്.
ജനപങ്കാളിത്തത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ ഒന്നാമത്തെ മേളകളിലൊന്നാണ് ഐ എഫ് എഫ് കെ. വ്യത്യസ്ത ജാതി, മത, ലിംഗ, വിഭാഗങ്ങളിൽ ഉള്ളവർ അവരുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തി കൊണ്ട് തന്നെ ഈ മേളയുടെ ഭാഗമാകുന്നു. മറ്റൊരർത്ഥത്തിൽ, ഡെലിഗേറ്റ് എന്ന ടാഗ് എല്ലാ മനുഷ്യരെയും തുല്യർ ആക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ, എല്ലാ അർത്ഥത്തിലും ഇതൊരു ജനകീയമേളയാണ്. ഓരോ ഡിസംബറിലും ചലച്ചിത്രപ്രവർത്തകർ, എഴുത്തുകാർ, ഗായകർ, ചിത്രകാരൻമാർ, രാഷ്ട്രീയനേതാക്കൾ, മാധ്യമപ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആൾക്കാർ ഐ എഫ് എഫ് കെയുടെ ഭാഗമാകാൻ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തുമായിരുന്നു. അവർ ഒത്തുചേർന്നിരുന്ന് ചലച്ചിത്രങ്ങൾ കാണുകയും, കണ്ട ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയും സംവദിക്കുകയും, പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്ത് തിരുവനന്തപുരത്തിന്റെ തെരുവീഥികളെ തീപിടിപ്പിക്കുമായിരുന്നു.
ഓരോ ചലച്ചിത്രമേളയും ഒരു സാംസ്കാരിക നിമിഷത്തെ അടയാളപ്പെടുത്തുന്നു. ചലച്ചിത്രങ്ങൾ കാണുന്നതിനൊപ്പം പുതിയ സിനിമ എങ്ങനെയായിരിക്കണമെന്ന് ഓരോ ചലച്ചിത്രമേളയിലും ചർച്ച ചെയ്യപ്പെടുന്നു. ദൃശ്യാത്മകമായി പരിവർത്തനം പ്രാപിച്ച പുതിയ മലയാള സിനിമയെ സംഭാവന ചെയ്തതിൽ ഐ എഫ് എഫ് കെയുടെ പങ്ക് ചോദ്യംചെയ്യാൻ ആവാത്തതാണ്. ലോകസിനിമയുടെ ബഹുസ്വരതയിലേക്ക് തുറക്കുന്ന വാതായനമാണ് പലർക്കും ഐ എഫ് എഫ് കെ. കേരളത്തിലെ സമാന്തരസിനിമ പ്രവർത്തകർക്ക് തങ്ങളുടെ ചിത്രങ്ങൾ കാണികളിലേക്ക് എത്തിക്കുന്നതിനുള്ള ഒരേയൊരു അവസരമാണ് മിക്കവാറും ഈ മേള.
എല്ലാ കാലത്തും ഐ എഫ് എഫ് കെ ആ കാലത്തെ പ്രസക്തമായ രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ചാവേദി കൂടിയായിരുന്നു. (ചാൾസ് ഡി ഗാൾ എന്ന ഏകാധിപതിക്കെതിരെ പാരീസിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് 1968-ലെ കാൻ ഫിലിം ഫെസ്റ്റിവൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഖ്യാതചലച്ചിത്രകാരന്മാരായ ഗോദാർദിന്റെയും ത്രൂഫോയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് മലയാളിയുടെ മാതൃക.) പണ്ട് കൈരളി തീയേറ്ററിന് മുമ്പിലും ഇപ്പോൾ ടാഗോർ തീയേറ്ററിന് മുമ്പിലും പ്രസക്തമായ ഒട്ടേറെ മുദ്രാവാക്യങ്ങൾ മേളയിൽ ഉയർത്തപ്പെടുന്നുണ്ട്. അത്, മേളകളിൽ കച്ചവടസിനിമകൾക്ക് കൊടുക്കുന്ന അമിതപ്രാധാന്യത്തെക്കുറിച്ചോ ഇഷ്ടക്കാരുടെ ചിത്രങ്ങൾ തിരുകി കയറ്റുന്നതിനെക്കുറിച്ചോ ആവാം. ചിലപ്പോൾ, പ്രസക്തമായ രാഷ്ട്രീയ ചോദ്യങ്ങളാവാം ഇവിടെ ഉന്നയിക്കപ്പെടുന്നത്. ലോകത്താകമാനം നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ ഡെലിഗേറ്റുകൾ ഒറ്റയ്ക്കും കൂട്ടമായും പ്രതിഷേധിക്കുന്നത് ഐ എഫ് എഫ് കെ വേദികളിലെ സ്ഥിരം കാഴ്ചയാണ്.
2019-ലെ ചലച്ചിത്രമേളയുടെ സമയത്ത് CAA എന്ന സിറ്റിസൺഷിപ് അമൻമെന്റ് ആക്ടിനെതിരായ പ്രതിഷേധം ചലച്ചിത്രമേളയിൽ ആകെ കാണാൻ സാധിച്ചിരുന്നു. ഓരോ ചലച്ചിത്ര പ്രദർശനത്തിന് മുമ്പും ദേശീയഗാനം ആലപിക്കണമെന്ന നിയമത്തിന്റെ പൊള്ളത്തരം ചോദ്യം ചെയ്യുന്നതായിരുന്നു 2015-ലെ ഐ എഫ് എഫ് കെ. ഈ വർഷത്തെ ചലച്ചിത്രമേളയിൽ കെ-റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഡെലിഗേറ്റുകൾ ഒത്തുകൂടിയിരുന്നു. ആ അർത്ഥത്തിൽ, ഐ എഫ് എഫ് കെ കേരളത്തിലെ പൊതു ബോധത്തിന്റെ ഒരു പ്രതിഫലനം കൂടിയാണ്.
ചില സംവിധായകർ കേരളത്തിലെ ഈ മേളക്ക് വളരെ പ്രിയപ്പെട്ടവരാണ്. കോവിഡ് മൂലം 2021-ൽ മരണപ്പെട്ട ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ഇത്തരത്തിൽ ഒരാളാണ്. ഒരു പക്ഷേ, ജന്മനാട്ടിലേക്കാൾ അയാളുടെ സിനിമകൾ കേരളത്തിൽ അംഗീകരിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് "ബീനാപോൾ ഈ വീടിൻറെ ഐശ്വര്യം" എന്നൊരു ബോർഡ് അദ്ദേഹത്തിന്റെ വീട്ടിൽ തൂക്കിയിരുന്നതായി ഒരു തമാശക്കഥയുണ്ട്. ഫ്രഞ്ച് ഭാഷയിൽ സിനിമയെടുക്കുന്ന ജിപ്സി സംവിധായകൻ ടോണി ഗാറ്റ്ലീഫ്, ഇറാനിയൻ സംവിധായകരായ മജീദ് മജീദി, അസ്ഗർ ഫർഹാദി എന്നിവരും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടവർ ആണ്.
ഒരു ചലച്ചിത്രത്തിന്റെ കാഴ്ച എങ്ങനെയെന്നത് ഗൗരവമായ ഒരു രാഷ്ട്രീയവിഷയമാണ്. തിങ്ങി നിറഞ്ഞ സിനിമഹാളുകളിൽ, സീറ്റുകളില്ലാത്തതിനാൽ വെറും തറയിൽ ഇരുന്നും നിന്നും ഇഷ്ടസിനിമ കാണുന്ന പ്രേക്ഷകൻ, ഒരു പക്ഷേ, ലോകത്ത് മറ്റൊരു ചലച്ചിത്രമേളയിലും ഉണ്ടാവില്ല. ലോകത്തിലെ ഏറ്റവും വലിയ ജനകീയ കലാരൂപങ്ങളിൽ ഒന്നാണ് സിനിമയെന്നും ഓരോ ചലച്ചിത്രത്തിന്റെയും ജനിതകരൂപത്തിൽ തന്നെ കൂട്ടായിരുന്നുള്ള ആസ്വാദനമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നുമുള്ള തിരിച്ചറിവാണ്, സിനിമ കാണാൻ വരുന്നവർ മറ്റുള്ളവരെ തടസ്സപ്പെടുത്താതെ എങ്ങനെയും ആസ്വദിക്കട്ടെ എന്ന ഈ ചിന്ത. ഇങ്ങനെ തിങ്ങിനിറഞ്ഞ സദസ്സിലിരുന്ന് കയ്യടിച്ചു കാണുമ്പോളാണ് വൈൽഡ് ടേൽസും (Wild Tales), ജാമും (Djam), കഫർണാമും (Capernaum), ബ്ലൂ ഈസ് ദ വാമസ്റ്റ് കളറും (Blue is the Warmest Colour), ദ് പ്രസിഡന്റും (The President), ദ് റേപിസ്റ്റും (The Rapist) മികച്ച ചലച്ചിത്രാനുഭവങ്ങളാവുന്നത്.
വലിപ്പച്ചെറുപ്പമില്ലാതെ, ശ്രേണീകരണമില്ലാതെ കാണികളെ അംഗീകരിക്കുന്നതിലാണ് ഒരു ചലച്ചിത്രമേളയുടെ ജനാധിപത്യ സ്വഭാവം വ്യക്തമാകുന്നത്. മറ്റു പല ചലച്ചിത്രമേളകളിൽ നിന്നും വ്യത്യസ്തമായി, ആദ്യം വരുന്നവന് ഇഷ്ടമുള്ള സീറ്റ് എന്ന രീതി, വലിയ തെറ്റ് കൂടാതെ, ഐഎഫ്എഫ്കെയിൽ നടപ്പിലാക്കപ്പെടുന്നുണ്ട്. 2012-ലെ ചലച്ചിത്രമേളയിൽ, അന്നത്തെ സിനിമ മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ നിലത്തിരുന്നാണ് മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന സിനിമ കണ്ടത്. ഓരോ ചലച്ചിത്രപ്രദർശനത്തിന് മുമ്പും തിയേറ്ററിലേക്ക് കയറുന്ന കാണിയെ മെറ്റൽ ഡിറ്റക്ടറിലൂടെ സൂക്ഷ്മപരിശോധന നടത്തി കടത്തിവിടുന്ന രീതി കേരളത്തിന്റെ ചലച്ചിത്രമേളയ്ക്ക് ഇല്ല. ഒരു ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വരുന്ന പ്രേക്ഷകരുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന ഈ നയസമീപനവും ഒരു കുപ്പി വെള്ളം പോലും തിയറ്ററിലേക്ക് അനുവദിക്കാത്ത ഗോവൻ മേളയുടെ നയസമീപനവും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്. 2500 പ്രേക്ഷകരെ ഉൾക്കൊള്ളുന്ന നിശാഗന്ധി എന്ന ഓപ്പൺ ഓഡിറ്റോറിയം ഐ എഫ് എഫ് കെയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്.
ഇന്ത്യൻ സാഹചര്യത്തിൽ, മറ്റേത് നഗരത്തിലെ ചലച്ചിത്രമേളയെക്കാൾ തിരുവനന്തപുരത്ത് നടക്കുന്ന മേള പ്രസക്തമാവുന്നത് അത് ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യസങ്കല്പം കൊണ്ടു കൂടിയാണ്. "The whole aspect of cinema and film festivals should be a moment to come together and celebrate art and humanity" എന്ന കീനു റീവ്സിന്റെ ചലച്ചിത്രമേളകളെക്കുറിച്ച് പൊതുവായുള്ള നിരീക്ഷണം കേരളത്തിന്റെ മേളയെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. ഐഎഫ്എഫ്കെയുടെ ഓരോ എഡിഷനും ശ്രദ്ധേയമാവുന്നത് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച്, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്, ഇഷ്ടപ്പെട്ടവരോടൊപ്പം കൈകോർത്തുപിടിച്ച്, ഇഷ്ടപ്പെട്ട കവിതകളും ഗാനങ്ങളും ആലപിച്ച്, ഇഷ്ടപ്പെട്ട രാഷ്ട്രീയം ചർച്ച ചെയ്ത്, രാത്രികൾ ആഘോഷമാക്കി മാറ്റി, ഇഷ്ടപ്പെട്ട ചലച്ചിത്രങ്ങൾ കാണുന്നതിലൂടെയാണ്. അടച്ചിട്ട മുറിയിൽ, ടെലിവിഷൻ സ്ക്രീനിലോ മൊബൈൽ സ്ക്രീനിലോ സിനിമ കാണുമ്പോൾ പലപ്പോഴും ചലച്ചിത്രങ്ങളുടെ രാഷ്ട്രീയം റദ്ദ് ചെയ്യപ്പെടുകയും ആസ്വാദനം വ്യക്തികളിലേക്ക് ചുരുങ്ങുകയും ചെയ്യും. ആയിരം കാണികൾ അടങ്ങുന്ന ജനസഞ്ചയത്തിന് മുമ്പിൽ രണ്ടു കമിതാക്കൾ ചുംബിക്കുമ്പോൾ അവരിൽ നിന്നും സമൂഹത്തിലേക്ക് ഊർജ്ജം പരക്കുന്നതു പോലെ, ഐ എഫ് എഫ് കെ പോലുള്ള ചലച്ചിത്രമേളകൾ ഒരു സമൂഹത്തെയാകെ രാഷ്ട്രീയമായി ചലനാത്മകം ആക്കുന്നു.
ഓരോ ദിവസവും പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെടുന്ന ഫാസിസ്റ്റ് കാലഘട്ടത്തിൽ ചലച്ചിത്രമേളകൾ ജനാധിപത്യത്തിൻറെ ഉത്സവമായി തുടർന്നേ പറ്റൂ.