എന്റെ കടിഞ്ഞൂൽ IFFK
ഒരേ അഭിരുചിയുള്ള കുറച്ച് മനുഷ്യരോട് മുഖം തിരിക്കാൻ അവിടെ തരമില്ല. മനസ്സിനിണങ്ങുന്ന നല്ല കുറേ സിനിമകൾ കണ്ട്, നിറഞ്ഞ മനസ്സോടെ തിരിച്ചു വരണം എന്നാണ് ഉദ്യേശമെങ്കിൽ IFFK സമ്മാനിക്കുന്ന ചങ്കുകളുടെ തോളിൽ കയ്യിട്ട് തിയേറ്ററുകളിലേക്ക് ചേക്കേറാം.
ഊണിലും ഉറക്കത്തിലും സിനിമകളെ കുറിച്ച് ചിന്തിക്കുന്ന, ഒരു കട്ടൻ ചായയുടെ അപ്പുറം സമാന ചിന്താഗതിയുള്ള സുഹൃത്തിനെ കിട്ടിയാൽ സിനിമാ ചർച്ചകളിൽ ആറാടുന്ന തരത്തിലുളള ഒരു സിനിമാ ആരാധകനല്ല ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷത്തിന്റെ പൊലിമയും, ഇടയ്ക്കുള്ള ചർച്ചകളും, സൗഹൃദങ്ങളും ഒപ്പം സിനിമയുമാണ് IFFK ക്ക് പോവാൻ ഉണ്ടായിരുന്ന പ്രേരണ.
ഇതെന്റെ ആദ്യത്തെ സിനിമാ ഫെസ്റ്റിവെലാണ്. എന്തോ, പതിവിന് വിപരീതമായി ഒറ്റയ്ക്ക് യാത്ര ചെയ്ത്, എല്ലാ സൗഹൃദ വലയങ്ങളുടെയും കണ്ണികളെക്കാൾ ചെറുതായി, വഴുതി മാറി ഒറ്റയ്ക്ക് നാലഞ്ചു ദിവസം നീന്തി നടന്ന് കുറച്ച് സിനിമകളും കണ്ട് തിരിച്ചു വരണം എന്നതായിരുന്നു പദ്ധതി. കന്നി ഫെസ്റ്റിവൽ ആയതുകൊണ്ട് തന്നെ സിനിമാ എൻസൈക്ലോപീഡിയ ആയ എന്റെ അദ്ധ്യാപകൻ റോബിൻ മാഷിന്റെ നിർദേശം ചോദിച്ചാണ് ആദ്യ ദിവസം കാണേണ്ട സിനിമകൾ തീരുമാനിച്ചത്. തലേ ദിവസം സീറ്റ് പിടിച്ചാലേ സില്മക്ക് കയറ്റുള്ളൂ അത്രേ, ഓരോ ദിവസവും കാണേണ്ട സിനിമകൾ തലേ ദിവസം തന്നെ റിസർവ് ചെയ്യണം. "സിവനേ ഇതേത് ജില്ല" എന്നും പറഞ്ഞ് കൊടും വെയിലത്ത് തലസ്ഥാനം മൊത്തം നട്ടം തിരിഞ്ഞ്, ഉള്ളിലെ വളർന്നു വരുന്ന സിനിമാ കുതുകിയെ കരിച്ചു കളയണ്ടല്ലോ എന്ന് കരുതി കാര്യങ്ങളൊക്കെ റോബിൻ മാഷോട് ചോദിച്ചറിഞ്ഞാണ് കെട്ടേണ്ട കച്ചയും ബാഗിൽ കുത്തിത്തിരുകി വണ്ടി കയറിയത്.
അവിടെച്ചെന്നിറങ്ങി ഒന്നു രണ്ട് സിനിമകൾ കണ്ടു കഴിയുമ്പോഴാണ് നിറം ആകെ മാറുന്നത്. സിനിമാ ഉത്സവത്തിൽ സൗഹൃദങ്ങൾ അഭിവാച്യ ഘടകമാണ് എന്നത് ഞാൻ പഠിച്ച ആദ്യ പാഠം. ഒരേ അഭിരുചിയുള്ള കുറച്ച് മനുഷ്യരോട് മുഖം തിരിക്കാൻ അവിടെ തരമില്ല. മനസ്സിനിണങ്ങുന്ന നല്ല കുറേ സിനിമകൾ കണ്ട്, നിറഞ്ഞ മനസ്സോടെ തിരിച്ചു വരണം എന്നാണ് ഉദ്ദേശമെങ്കിൽ IFFK സമ്മാനിക്കുന്ന ചങ്കുകളുടെ തോളിൽ കയ്യിട്ട് തിയേറ്ററുകളിലേക്ക് ചേക്കേറാം. "എടോ ആ സിനിമയുടെ ഡിറെക്ടർ ശോകാടോ, മറ്റതിന്റെയാ നല്ലത്. നമ്മൾക്ക് അതിന് പോവാടോ" എന്നൊക്കെയുള്ള നിർദേശങ്ങളും "ഞാൻ അൺറിസർവ്ഡ് ക്യൂവിലൂടെ നുഴഞ്ഞ് കയറും, നീ എനിക്ക് സീറ്റ് പിടിക്കണേ" എന്നിങ്ങനെ കണ്ണിറുക്കിയുള്ള ചെറിയ ഉടായിപ്പ് പദ്ധതികളുമൊക്കെയാണ് അക്ഷീണം സിനിമകൾ കാണാൻ ഊർജ്ജം നൽകുന്നത്. ഞാൻ കണ്ട ഒരു പിടി മികച്ച സിനിമകൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ IFFK സുഹൃത്തുക്കളോടാണ്. തലേ ദിവസത്തെ ക്ഷീണം ഉറങ്ങിത്തീർത്ത് എഴുന്നേൽക്കുന്നത്, ഫോണിലെ ഇന്റെർനെറ്റിന് നല്ല സ്പീഡും അത്യാവശ്യം കയ്യൂക്കും ഉള്ളവർ കാര്യക്കാരാവുന്ന മത്സരത്തിലേക്കാണ്. മികച്ച അഭിപ്രായങ്ങൾ കിട്ടിയ സിനിമ രാവിലെ IFFK യുടെ സൈറ്റിൽ കയറി റിസർവ് ചെയ്യുക എന്നത് ഒരു ഒന്നൊന്നര മത്സരം തന്നെയാണ്. എട്ടു മണി ക്ലോക്കിൽ അടിക്കുന്ന സമയത്ത് സൈറ്റിൽ കയറി വേഗം റിസർവ് ചെയ്താൽ തീരുമാനിച്ചുറപ്പിച്ച സിനിമ കാണാം, അല്ലെങ്കിൽ ബുക്കിങ് കുറഞ്ഞ സിനിമകൾ കണ്ട് പുതിയ വാതായനങ്ങൾ തുറക്കാം. എട്ട് മണിക്ക് അര മണിക്കൂർ മുമ്പെങ്കിലും സുഹൃത്തുക്കളെ ഒക്കെ ഒന്നു വിളിച്ച് ചർച്ച ചെയ്ത് ഏതൊക്കെ സിനിമ റിസർവ് ചെയ്യണം എന്ന തീരുമാനത്തിലെത്തുന്നത് വലിയ ഒരു പ്രക്രിയ തന്നെയാണ്.
അഭിപ്രായങ്ങൾ കേട്ട് മത്സരിച്ച് ബുക്ക് ചെയ്തും, റിസർവേഷൻ കുറഞ്ഞ സിനിമകൾക്ക് കയറിയും, വഴി തെറ്റി ഏതെങ്കിലും തിയേറ്ററുകളിൽ കയറിയുമൊക്കെയാണ് എന്റെ കടിഞ്ഞൂൽ ഫെസ്റ്റിവലിലെ ഒരു കൂട്ടം നല്ല സിനിമകൾ ഞാൻ കണ്ടത്. സിനിമകളെ കുറിച്ച് ഓർത്തെടുക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് "ദി മീഡിയം" (The Medium) എന്ന തായ് ഹൊറർ സിനിമയാണ്, നിശാഗന്ധി ഓഡിറ്റോറിയമാണ് അതിനു കാരണം. നിശാഗന്ധി IFFK യുടെ വളരെ ആകർഷണീയമായ ഒരു ഘടകമാണ്. 2500 പേർക്ക് റിസർവ് ഒന്നും ചെയ്യാതെ ഒരുമിച്ചിരുന്ന് സിനിമ കാണാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓപ്പൺ ഓഡിറ്റോറിയം ആയതുകൊണ്ടുതന്നെ ഇരുട്ട് വീണ് തുടങ്ങുമ്പോഴാണ് നിശാഗന്ധിയിൽ പ്രദർശനം തുടങ്ങുന്നത്. IFFK യ്ക്ക് പോയാൽ തീർച്ചയായും നിശാഗന്ധിയിലെ മിഡ് നൈറ്റ് ഷോ അനുഭവിച്ചറിയണം എന്ന ഒരു സുഹൃത്തിന്റെ ഉപദേശമാണ് രാത്രി പന്ത്രണ്ട് മണിക്ക് എന്നെ അവിടെ എത്തിച്ചത്. സംഭരിച്ചു വെച്ച സർവ്വ ധൈര്യവും കാറ്റിൽ പറത്തിയ സിനിമയാണ് "ദി മീഡിയം". ഒരു ഡോക്യുമെന്ററി രൂപത്തിൽ തുടങ്ങി മുന്നോട്ടു പോകുന്ന സിനിമയ്ക്ക് നിശാഗന്ധിയെ ഒട്ടാകെ എളുപ്പത്തിൽ നടുക്കി മുൾമുനയിൽ നിർത്താൻ എളുപ്പം കഴിഞ്ഞു. നിശാഗന്ധി ഒരു അവിസ്മരണീയമായ അനുഭവമാണ്. നിശാഗന്ധി അനുഭവിക്കാതെ IFFK പൂർത്തിയാവുന്നില്ല.
അമീറ എന്ന പാലസ്തീൻ യുവതിയുടെ കഥ പറയുന്ന "അമീറ" (Amira) എന്ന അറബിക് സിനിമ ഭൂരിഭാഗം പേരുടെയും മനസ്സിൽ കൃത്യമായി വന്നു തറച്ചു. അമീറയുടെ ജീവിതവും, അവളുടെ മനോവ്യാപാരങ്ങളും, അവൾ നേരിടുന്ന സംഘർഷങ്ങളുമെല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിക്കുന്നു. പാലസ്തീൻ - ഇസ്രായേൽ സംഘർഷങ്ങളുടെ അവിദിതവും, അവിചാരിതവും, ഘോരവുമായ വശങ്ങൾ അമീറയിൽ കാണാം. ഞാൻ കണ്ട മികച്ച സിനിമകളുടെ സ്ഥാനത്ത് തീർച്ചയായും അമീറയ്ക്ക് ഇടമുണ്ട്.
റോബോട്ടിന്റെ സഹായത്താൽ തന്റെ താല്പര്യങ്ങൾക്കിണങ്ങിയ ജീവിത പങ്കാളിയെ നേടിയെടുക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ തികച്ചും വ്യത്യസ്തവും രസകരവുമായ കഥ പറയുന്ന ജർമൻ സിനിമയാണ് "ഐ ആം യുവർ മാൻ" (I'm Your Man). പ്രണയത്തിലെ വിചിത്രകല്പനകളും താൽപര്യങ്ങളുമെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്. വികാരങ്ങൾ അളന്ന് മുറിച്ച് പങ്കാളിയെ പാകപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ കഥ "ഐ ആം യുവർ മാൻ" പറയുമ്പോൾ, "ദി വേർസ്റ്റ് പേഴ്സിന് ഇൻ ദി വേൾഡ്" (The Worst Person in the World) എന്ന നോർവീജിയൻ സിനിമ വൈകാരിക വിസ്ഫോടനത്തെ ആഘോഷിക്കുകയാണ്. വികാരങ്ങളെ കെട്ടഴിച്ചു വിട്ട് ജീവിതം ഒരു ഉന്മാദിയെപ്പോലെ ആടിത്തിമിർക്കുന്ന ജൂലി നിങ്ങളുടെ മനസ്സ് തൊടാതെ കടന്നു പോവില്ല, തീർച്ച.
ഫാന്റസി ഇലമെന്റുകൾ താളിച്ച് ആവിഷ്കരിച്ച "ലാമ്പ്" (Lamb) എന്ന അയർലാൻഡ് സിനിമയും, "വെഞ്ചൻസ് ഇസ് മൈൻ, ഓൾ അതേർസ് പേ ക്യാഷ്" (Vengeance is Mine, All Others Pay Cash) എന്ന ഇൻഡൊനീഷ്യൻ സിനിമയും കാണികൾക്ക് വേറിട്ട അനുഭവം നൽകുന്നുണ്ട്. ചില സിനിമകളുടെ റിയലിസ്റ്റ് സ്വാഭാവം ചിലപ്പോഴെങ്കിലും എന്നെ മടുപ്പിച്ചപ്പോൾ ഈ സിനിമകൾ തെല്ല് ആശ്വാസം നൽകി.
"കംപാർട്ട്മെന്റ് നമ്പർ 6" (Compartment no. 6) എന്ന കമേഷ്യൽ സിനിമയും, "ക്യാപ്റ്റൻ വോൾക്കോനോവ് എസ്കേപ്പ്ഡ്" (Captain Volkonogov Escaped) എന്ന 1938 ലെ USSR ലെ മിലിറ്ററിയുടെ ക്രൂരമായ മുഖം വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിച്ച ത്രില്ലറും, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായ "കൂഴങ്ങൾ" എന്ന തമിഴ് സിനിമയുമൊക്കെയാണ് എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റു സിനിമകൾ.
IFFK യിൽ കണ്ടു തീർത്ത ഓരോ സിനിമയും വ്യത്യസ്തമായ വികാരങ്ങളും, അനുഭവങ്ങളും, കാഴ്ചപ്പാടുകളുമൊക്കെയാണ്. സിനിമയെ വ്യത്യസ്തമായ രീതികളിൽ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന പുതിയ അനുഭവങ്ങളും കൂട്ടുകെട്ടുകളുമൊക്കെയാണ് എനിക്ക് IFFK. ഞാനും സിനിമയും തമ്മിലുള്ള അകലം നന്നേ കുറച്ചു സിനിമയുടെ ഈ ഉത്സവം. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള മികച്ച സിനിമകൾ കാണുന്നതും ചർച്ച ചെയ്യുന്നതും ഇത്രയും വലിയ വിനോദമായി മാറുന്നത് IFFK പോലെയുള്ള ഫിലിം ഫെസ്റ്റിവെലുകളുടെ വലിയ സവിശേഷത തന്നെയാണ്. കുറേ ഏറെ പുതിയ അനുഭവങ്ങളും താത്പര്യങ്ങളുമായാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് വണ്ടി കയറിയത്. അടുത്ത IFFK ക്ക് വേണ്ടി അക്ഷമനായി കാത്തിരിക്കാൻ എനിക്ക് ഇത് തന്നെ ധാരാളം. വരൂ, നമുക്ക് അടുത്ത IFFK ക്ക് കണ്ടുമുട്ടാം.