ചൂട്ട്
അയാൾ ചെറിയ തമ്പുരാന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. പിന്നെ, വലിയ തമ്പുരാന്റെ... അതിന്റെ വലുത്... അതിന്റെ വലുത് അതിന്റെ.. അങ്ങനെ... തമ്പുരാക്കന്മാർ ഉണ്ടായ കാലം മുതൽ ഇനി ഉണ്ടാവാൻപോകുന്ന തമ്പുരാക്കന്മാർക്ക് കൂടി ഒരൊറ്റമുഖമാണ്. കണ്ണിറുക്കിച്ചിരിക്കുന്ന, അശ്ളീലവും ആജ്ഞയും മാത്രം മിന്നിമായുന്ന മുഖങ്ങൾ.!
സന്ധ്യ മയങ്ങിത്തുടങ്ങി.. ചെറുതായി മഴ ചാറിക്കൊണ്ടിരുന്നു. അയാൾ ഉമ്മറത്തെ കട്ടിലിൽ ഇരുന്നുകൊണ്ട് സന്ധ്യത്തിരി കത്തുന്ന തുളസിത്തറയിലേക്കും തലേന്ന് കൊണ്ടിട്ട വൈക്കോൽകൂനയിലേക്കും വെറുതെ നോക്കിക്കൊണ്ടിരുന്നു.
മഴയുടെ ഇരമ്പൽ ശബ്ദം കൂടിത്തുടങ്ങിയപ്പോൾ അയാൾ അകത്തേക്ക് നോക്കി വിളിച്ചു.
"ലക്ഷ്മിക്കുട്ട്യേ.. !"
"ആ.. !"
"ഈ തുണിയൊളൊക്കെ.. "
അയാൾ മുഴുമിപ്പിച്ചില്ല. കയ്യിലൊരു റാന്തൽവിളക്കുമായി അവൾ ഉമ്മറത്തേക്ക് വന്നു. വിളക്ക് ഉമ്മറത്തെ ഉയർന്ന തിണ്ണയിൽ വെച്ചിട്ട് അവൾ മുറ്റത്തേക്കിറങ്ങി. അയാൾ അവളെ തന്നെ നോക്കികൊണ്ടിരുന്നു. അവൾ തുണികളെല്ലാം എടുത്ത് റാന്തൽ പിടിച്ച് അകത്തേക്ക് കയറിപ്പോയി. അയാൾ വെറുതെ അവളെക്കുറിച്ച് ഓർത്തു. അവളുടെ പതിനാറാമത്തെ വയസ്സിൽ, തന്റെ മുപ്പതാം വയസ്സിലാണ് അവൾ ഇത് പോലെ മഴ ചാറുന്ന ഒരു പകലിൽ ഈ വീട്ടിലേക്ക് കയറി വന്നത്. ഇന്നും അതേ പ്രസരിപ്പും തുടിപ്പും അവൾക്കുണ്ട്.
അയാൾ ഒന്ന് നെടുവീർപ്പിട്ടു.
ഇന്നെന്താണാവോ, ഒന്നൂടി പ്രസരിപ്പ് കൂടിയിട്ടുണ്ട്. മുഖത്ത് ഒന്നൂടി ചെറുപ്പം വന്നിരിക്കുന്നു. പതിവില്ലാതെ ഒറ്റമുണ്ടിനും ബ്ലൗസിനും പകരം നേര്യേത് ഉടുത്തിരിക്കുന്നു.
പെട്ടെന്ന് അയാളുടെ ഉള്ളിലൊരു ഇടിവെട്ടി. മുഖം തുലാവർഷത്തിലെ കാർമേഘം പോലെ ഉരുണ്ടുകൂടി. പുറത്ത് പടിക്കൽ ഒരു ചൂട്ടിന്റെ വെളിച്ചം മിന്നിമറഞ്ഞപോലെ..! മുറ്റത്ത് ചെരുപ്പുരയുന്ന ശബ്ദം.. !!
ഇല്ല... സമയമായില്ല... !
പിന്നെ, പതുക്കെ അയാൾ ആശ്വസിക്കാൻ തുടങ്ങി. ഇന്നെന്തായാലും വരില്ല. വടക്കേ പറമ്പിൽ ചാള കെട്ടി പാർക്കണ കേളുച്ചെക്കന്റെ മംഗലം ഇന്നായിരുന്നു. കുടിയാൻ ചാമിയുടെ പെണ്ണ്... പതിനഞ്ച് വയസ്സായിട്ടേയുള്ളു. തന്റെ പറമ്പിൽ വിളഞ്ഞ ഒരു കായ്കനി ആദ്യം താൻ തന്നെ രുചിക്കണമെന്ന തമ്പുരാന്റെ നിർബന്ധം! ഇന്ന് രാത്രി തന്നെ അവിടെ പോകണമെന്നതും തമ്പുരാന്റെ വാശി ആയിരുന്നു... കൂടെ വരാൻ തന്നെ കുറെ നിർബന്ധിച്ചതാണ് . "മേല് കാച്ചിൽ "എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി...തമ്പുരാനെന്തോ എതിർത്തൊന്നും പറഞ്ഞില്ല. ലക്ഷ്മിക്കുട്ടിക്ക് മുറതെറ്റാത്ത, തമ്പുരാൻ ഇല്ലാത്ത ഒരു ദിവസം... ഇന്ന് !
അയാൾക്ക് ഉള്ളിലെവിടെയോ എന്തോ പുളിച്ച് തികട്ടി. കോലോത്തെ കാര്യസ്ഥപ്പണിക്കാരുടെ ശാപമാണത്. കാലാകാലങ്ങളായി തുടർന്നുവരുന്ന കാര്യസ്ഥപ്പണിക്ക് ശേഷമുള്ള കാവൽപ്പണി.
സന്ധ്യാദീപം പോലെ കത്തുന്ന ലക്ഷ്മിക്കുട്ടിയുടെ മുഖം മനസ്സിൽത്തെളിഞ്ഞു. വീണ്ടും, അനിർവാച്യമായ ഒരു അനുഭൂതി.. അടക്കിപ്പിടിച്ച ഒരു ആഗ്രഹം... ഒരു ചിരി നാണംകെട്ട് വീണ്ടും ഓടിവന്നു.
അയാൾ പതുക്കെ അകത്തേക്ക് നടന്നു. അകത്തളത്ത് മുട്ടിപ്പലക നീക്കിയിട്ട് അവൾ അതിന്റെ മുന്നിലേക്ക് കിണ്ണം എടുത്തുവെച്ചു. "എന്താ ഇത്ര നേരത്തെ ??
നീ കഴിക്കിണില്ലേ. ?
പാവം ആ കേളുകുട്ടീടേം പെണ്ണിന്റേം കാര്യം..." അയാൾ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
തമ്പുരാന്റെ ഇന്നത്തെ അഭാവത്തെക്കുറിച്ച് അവളെ ഓർമ്മിപ്പിക്കാൻ വേണ്ടിമാത്രം.
അവൾ അത് കേട്ടില്ലെന്നുനടിച്ച് അകത്തെ കിടപ്പുമുറിയിലേക്ക് പോയി. അയാൾ സ്വാദോട് കൂടി ഉരുള ഉരുട്ടിക്കഴിക്കാൻ തുടങ്ങി. ഓട്ട്മൊന്തയിൽ അയാൾക്ക് കുടിക്കാനുള്ള വെള്ളം കൊണ്ടുവന്നുമുൻപിൽ വെച്ചിട്ട് അവൾ അലസമായി പറഞ്ഞു, "ഊണ് കഴിഞ്ഞാ പൊറത്ത് പായേം പൊതപ്പും വെച്ചിട്ടുണ്ട്. ഇന്ന്...
അയാൾ കല്ല് കടിച്ചിട്ടെന്നപോലെ മുഖമുയർത്തി അവളെ നോക്കി. എല്ലാ ചോദ്യങ്ങളും അതിൽ ഉണ്ടായിരുന്നു.
അവൾ വീണ്ടും അകത്തേക്ക് കയറിപ്പോവുന്നതിനടിയിൽ പറഞ്ഞു.
"'ചെറ്യേതമ്പുരാൻ' വന്നിരുന്നു ഉച്ചക്ക്."
അയാൾ ഊണ് നിർത്തി, എച്ചിലെടുത്ത് പുറത്തേക്ക്നടന്നു. കൈകഴുകി വീണ്ടും ഉമ്മറത്ത് വന്നിരുന്നു. മഴ ശമിച്ചിരുന്നു. നനഞ്ഞുകെട്ട തിരി മഴത്തുള്ളികൾ തട്ടിത്താഴെയിട്ടിരുന്നു. വൈക്കോൽ മുഴുവൻ നനഞ്ഞുകുതിർന്നു. "അതിന്റെ മോളില് നാല് തട്ക്ക് ഇടാൻ പറഞ്ഞിട്ട് തെണ്ട്യോള് കേട്ടില്ല..." അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു. ഒരു ബീഡി കത്തിച്ചിട്ട് അയാൾ കട്ടിലിലേക്ക് രണ്ട് കാലുകളും ഒന്നൂടി കയറ്റി വെച്ചു. തണുത്ത കാറ്റിൽ അയാളുടെ മെലിഞ്ഞ ശരീരം വിറച്ചുകൊണ്ടിരുന്നു. അയാൾ ചെറിയ തമ്പുരാന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. പിന്നെ, വലിയ തമ്പുരാന്റെ... അതിന്റെ വലുത്... അതിന്റെ വലുത് അതിന്റെ.. അങ്ങനെ... തമ്പുരാക്കന്മാർ ഉണ്ടായ കാലം മുതൽ ഇനി ഉണ്ടാവാൻപോകുന്ന തമ്പുരാക്കന്മാർക്ക് കൂടി ഒരൊറ്റമുഖമാണ്. കണ്ണിറുക്കിച്ചിരിക്കുന്ന, അശ്ളീലവും ആജ്ഞയും മാത്രം മിന്നിമായുന്ന മുഖങ്ങൾ.! പുറത്തെവിടെയോ വീണ്ടും ചെരുപ്പുരയുന്ന ശബ്ദം. ഉയർന്നു താഴുന്ന തീക്കണ്ണ്... പടികടന്നു വരുന്ന ചൂട്ടിന്റെ വെളിച്ചം!
അയാൾ മണ്ണെണ്ണയിൽ വീണ പഴുതാരയെപ്പോലെ പുളഞ്ഞു..!!
"രാമാ..."
ചെറിയ തമ്പുരാൻ വിളിച്ചു. അയാൾ ഭവ്യതയോടെ എഴുന്നേറ്റുനിന്നു. "രാത്രി നെല്ലിന് കാവൽ വേണം". അയാൾ തലയാട്ടി.
"ആ കൊടി പിടിക്കണ തെണ്ട്യോള് ഇപ്പൊ നെല്ല് കടത്താനും തൊടങ്ങീട്ട്ണ്ട്. നീയൊരു കാര്യം ചെയ്യ്.. ! ഇപ്പൊ തന്നെ പൊയ്ക്കോ... കേളുച്ചെക്കനെയോ ചാത്തനെയോ ആരാന്നു വെച്ചാ വിളിച്ചോ... ന്നിട്ട് പാടത്ത് കാവപ്പുരയിൽ കെടന്നോ... അതാ നല്ലത്..." അതിനും അയാൾ തലയാട്ടി. പിന്നെ, കാലാകാലങ്ങളായി പകർന്നുകിട്ടിയ അനുസരണയുടെയും, വിധേയത്വത്തിന്റെയും അടയാളമായ തോർത്തെടുത്ത് കുടഞ്ഞുതോളിലിട്ട് ഇറങ്ങിനടന്നു...
വാതിൽക്കൽ തിരിതാഴ്ത്തിയ ഒരു റാന്തൽ കാത്ത് നിന്നു. അയാൾ പടിക്കലെത്തി എന്തോ മറന്നിട്ടെന്ന പോലെ തിരിഞ്ഞു നോക്കി. കുത്തിക്കെടുത്തിയ ചൂട്ടിൽനിന്ന് പുക ഉയർന്നു വാതിലടഞ്ഞു.
കൊയ്ത്തുകഴിഞ്ഞ കണ്ടത്തിലൂടെ അകലെ ചാളപ്പുരകൾ ലക്ഷ്യമാക്കി അയാൾ നടന്നു. കാലിനടിയിൽ നെൽകുറ്റികൾ നീറി.. മനസ്സ് കുത്തികെടുത്തിയ ചൂട്ട് പോലെ പുകഞ്ഞുകൊണ്ടിരുന്നു!!