സാപ്രോഫൈറ്റ്
തൊണ്ടനനയ്ക്കാൻ രണ്ടിറ്റുവെള്ളം മതിയെന്ന് ലോകത്തോടുറക്കെ വിളിച്ചുപറഞ്ഞ് പറഞ്ഞ് തുപ്പലം വറ്റി ചത്തവനാണ് ഞാൻ... 'സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്', അല്ല എനിക്ക് വേണ്ടത് അതിജീവനമല്ല... ജീവിച്ചിരിക്കാനുള്ളൊരു പ്രേരണ മാത്രമാണ്...
"ആദി, ഞാൻ അങ്ങോട്ട് വന്നാ നിന്റെ തൊട തല്ലി പൊട്ടിക്കുംട്ടോ... ആ ഉറുമ്പിന്റെ കടി വാങ്ങാണ്ട് ഇങ്ങോട്ടെണീറ്റുപോരെടാ ചെക്കാ..."
"അമ്മേ ഈ മണ്ണിൽ തൊട്ടു നോക്ക്. തണുത്തിരിക്കുണു... നല്ല രസല്ല്യേ..."
"ഉറുമ്പുകൂനേലല്ലേ രസരിക്കണെ... നിന്നെ ഇന്ന് ഞാൻ..!"
മുറ്റം തൂത്തിരുന്ന പുത്തൻ ചൂലിലെ രണ്ടിളം പച്ചീർക്കിലി ഊരിയെടുത്തമ്മ കാറ്റുപോലെ പാഞ്ഞുവന്നതും വാക്കുപറഞ്ഞപോലെ കൊച്ചുതുടയിൽ അടിപൊട്ടിയതും ഒരുമിച്ചായിരുന്നു.
'ക്ലിം'
ഉറക്കം ഞെട്ടിയെണീറ്റയാൾ കട്ടിലിന്റെ ചെരുവിലേക്ക് നോക്കി. അല്ല... അമ്മയുടെ കുപ്പിവള കിലുങ്ങിയ ഒച്ചയല്ല. തലേന്ന് ഐസ്വാട്ടർ പകർന്ന് ജനലരികിൽ വെച്ചിരുന്ന ചില്ലുഗ്ലാസ്സ് വീണുപൊട്ടിയിരിക്കുന്നു. മെയ് മാസത്തിലെ ചൂട്കാറ്റ് ആ ഒറ്റമുറി ഫ്ളാറ്റിലെ ഉൾപുഴുക്കം വർദ്ധിപ്പിച്ച് പിന്നെയും തളംകെട്ടിനിന്നു. ഗ്ലാസ്സിൽ നിന്ന് പുറത്തുചാടിയ ഐസ് കട്ടകൾ ഉള്ളുഷ്ണിച്ച് വെറും തറയിൽ വിയർത്തുകുളിച്ച് പരന്നുകിടന്നു. സമീപത്തെപ്പോഴും കത്തിനിൽക്കുന്ന ഫോൺ ഡിസ്പ്ലേ സ്ഥലകാലബോധത്തിന്റെ അപ്ഡേറ്റ് കാണിച്ചു.
ഗുജറാത്ത്: 49 ഡിഗ്രീ സെൽഷ്യസ്: മെയ് 15: 11.30 എ.എം
വാട്ട്സാപ് നോട്ടിഫിക്കേഷന്റെ പച്ചവെളിച്ചത്തിൽ മിന്നിമാഞ്ഞ സന്ദേശങ്ങളുടെ മുകൾനിരയിൽ തന്നെ കാണാനായി.
'യു ഹാവ് മിസ്സ്ഡ് 3 വീഡിയോ കാൾസ് ഫ്രം വർഷ'
തിരിച്ചുവിളിക്കാനായി ഉറക്കച്ചടവുമാറാത്ത വിരലുകൾ മൂരിനിവരുമ്പോഴേക്കും സഹധർമ്മിണിയുടെ മുഖം പിന്നെയും ഫോൺ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
"ആഹാ... ഞാനിതെത്ര വട്ടായി വിളിക്കുണുന്നറിയോ..! ഉച്ചിയിൽ സൂര്യനുദിക്കണവരെ ഉറങ്ങാന്ന് കേട്ടിട്ടേ ഉള്ളൂ... ഇന്നലത്തെ ആവേശോക്കെ കണ്ടപ്പോ ഞാൻ കരുതി പുലർച്ചെ എഴുന്നേറ്റു നോവൽ എഴുതി തീർത്തുകാണുംന്ന്."
അയാൾ ഫോണിന്റെ കുത്തിത്തുളയ്ക്കുന്ന പ്രകാശം ഡിം മോഡിൽ ഇട്ടുകൊണ്ടൊരു കോട്ടുവായുടെ അകമ്പടിയോടെ അവളോട് കണ്ണുചിമ്മി പറഞ്ഞു.
"അതിന് മഴ പെയ്തില്ലല്ലോ... മഴ പെയ്താ എഴുതാംന്നല്ലേ ഞാൻ പറഞ്ഞെ..."
"ഓഹോ... മിസ്റ്റർ ആദിത്യൻസ് പ്ലൂവിയോഫൈൽ മോഡ് ഓൺ. ഇതെവിടെങ്കിലും കേട്ടുണ്ടോ ഇങ്ങനത്തെ പ്രാന്ത്... മഴ പെയ്താലേ എഴുതൂ, തണുപ്പ് വന്നാലേ എഴുതൂ... ചൂടായാൽ എന്താ... തണുപ്പ് വരണവരെ ചിന്തകൾ 'ഹൈബർനേറ്റ്' ചെയ്യാൻ പോവുവോ?"
എം .എസ്സിയ്ക്ക് ജന്തുശാസ്ത്രം പഠിച്ചതുകൊണ്ടാകണം അയാളുടെ സ്വഭാവ വൈകല്യങ്ങളെല്ലാം ശാസ്ത്രീയമായ ഓമനപ്പേരിട്ട് വിളിക്കുക അവളുടെ സ്ഥിരം ശൈലിയായിരുന്നു.
'ഹൈബർനേഷൻ...' ആ വാക്കിലെ ശീതളിമ തൊലിപ്പുറത്തു തണുപ്പ് തട്ടുമ്പോൾ മാത്രം സടകുടഞ്ഞെഴുന്നേൽക്കാൻ കാത്ത് ചുരുണ്ടുറങ്ങിയിരുന്ന എഴുത്തിന്റെ ഭൂതത്തെ പിന്നെയും സുഖസുഷുപ്തിയിലാഴ്ത്തി.
"എന്റെ ആദിയേട്ടാ, മഴയില്ലെങ്കിൽ വേനലിനെക്കുറിച്ചെഴുതണം... അത്രതന്നെ. അതാണ് പ്രൊഫഷണലിസം."
പണ്ടെങ്ങോ വേനലിനെക്കുറിച്ചെഴുതിയ വരികൾ തപ്പിത്തടഞ്ഞ അയാളിലെ മുറിവേറ്റ എഴുത്തുകാരൻ, 'ഉള്ളംപൊള്ളിച്ചു പെയ്യുന്ന വെയിൽ' എന്ന വരികളിലെ മഴഛായയിൽ വഴുതിവീണ് പിന്നെയും നാണിച്ചുകുതിർന്നു.
അവളപ്പോഴും മറുവശത്തു കലമ്പിപ്പെയ്തുകൊണ്ടിരുന്നു.
"അല്ലെങ്കിലും ഇതൊന്നും ആദിയേട്ടന് പറഞ്ഞിട്ടുള്ള പണിയല്ല. നോവൽ എഴുതാനെന്നും പറഞ്ഞ് ഉള്ള ജോലിയും കളഞ്ഞ്, ഇപ്പൊ ഒടുക്കം അതുല്ല്യ...ഇതുല്ല്യ... ഇല്ലായിരുന്നെങ്കിലിപ്പോ ഈ ലോക്ക്ഡൗൺ സമയത്ത് വർക്ക് അറ്റ് ഹോം ചെയ്തെങ്കിലും നാല് കാശുണ്ടാക്കാമായിരുന്നു."
അയാൾ ഉള്ളിലേക്ക് ദീർഘമായി ശ്വസിച്ച് വായിലൂടെ പുറത്തേക്ക് നിശ്വസിച്ചുകൊണ്ട് പറഞ്ഞു,
"ഉഫ്... നിക്ക് ചൂട് എടുക്കുണു."
"ആഹ് ചെല്ല്... ഇനീപ്പോ കുളിമുറീലെ തപസ്സ് തുടങ്ങാനല്ലേ... ഞാൻ വെയ്ക്കാണ്."
രാവും പകലും വേർതിരിച്ചെടുക്കാൻപോലും കഴിയാത്തവിധം വ്യതിയാനങ്ങളില്ലാതെ കടന്നുപോയ്ക്കൊണ്ടിരുന്ന ദിവസങ്ങളിൽ അണുബാധയെ ഭയന്ന് സദാ അടഞ്ഞുകിടക്കുന്ന ഒറ്റമുറി ഫ്ളാറ്റിലെ അയാളുടെ സഞ്ചാരപഥത്തിലെ ഏറിയ ഭാഗവും കുളിമുറിയിലേക്ക് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം അതേക്കുറിച്ചു പറഞ്ഞ് അവൾ തന്നോട് കയർത്തതിന്റെ സംഭാഷണ ശകലങ്ങൾ കുളിമുറിയിലേക്കുള്ള നടപ്പിൽ അയാളെ അനുഗമിച്ചു.
"... ഇതിനെ ഉഷ്ണംന്നല്ല പറയണ്ടേ..! 'ഹൈഡ്രോഫിലിയ' ഒരുതരം പ്രാന്ത്... അല്ലാണ്ടെന്താ..!
ഇരുപത്തിനാല് മണിക്കൂറും ഒരു കുളി. അവിടാണെങ്കി അല്ലെങ്കിലേ വെള്ളത്തിന് ഷോർട്ടേജാണെന്നു പറയുണു... കുടിക്കാനില്ലാണ്ടാവണവരെ ണ്ടാവും..!"
കുളിമുറിയിലേക്ക് കടന്ന് ആദ്യത്തെ കപ്പ് വെള്ളം കയ്യിലെടുത്ത് അയാളാ വാക്കൊന്നുകൂടി മനസ്സിലുരുവിട്ടു.
"ഹൈഡ്രോഫീലിയ, തരക്കേടില്ല"
അടുത്ത കപ്പ് വെള്ളത്തിനായി നടുകുനിച്ചപ്പോഴാണ് ബക്കറ്റിന്റെ വക്കിനുതാഴെ എന്തോ ഇഴഞ്ഞുനീങ്ങുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. വഴുവഴുത്ത കറുത്ത ശരീരത്തിൽ പുണ്ണിലേതെന്നപ്പോലെ പറ്റിക്കിടക്കുന്ന വെളുത്തവരകൾ. കൊഴുത്ത മൂക്കള കട്ടപിടിക്കാതെ കൂർത്തുവന്നതുപോലുള്ള കൊച്ചു കൊമ്പുകൾ.
"ആഴ്ഹ്..! ഒച്ച്..."
വായിൽ മനംപുരട്ടി നുരഞ്ഞുവന്ന തുപ്പലവും തലേന്ന് രാത്രി നേരാവണ്ണം വേവിക്കാതെ അകത്താക്കിയ പരിപ്പുകറിയും തികട്ടിവന്ന് വാഷ്ബേസിൻ നിറച്ചു...
ഉള്ളിലെ സകല പിത്തസഞ്ചികളും പൊട്ടിത്തെറിച്ച് ശരീരത്തിൽ അവശേഷിച്ച ജലാംശവും വറ്റിച്ചെടുക്കുന്നതായി അനുഭവപ്പെട്ടയാൾ മുറിയിലെത്തി കട്ടിലിൽ കുഴഞ്ഞിരുന്നു. വിട്ടുമാറാത്ത അവശതയിൽ പിന്നെയും അവളുടെ നമ്പർ ഡയൽ ചെയ്തു.
"ഹലോ... എന്തേ ഇന്നത്തെ നീരാട്ട് നേരത്തെ അവസാനിപ്പിക്കാൻ?"
"ഒച്ച്... ബക്കറ്റിന്റെ വക്കിൽ... എനിക്ക് മനംമറച്ചിൽ വന്നു... കുളിക്കാൻ പറ്റീല്യ... ഞാനിന്ന് ചൂടെടുത്ത് ചാവും."
"വല്ല്യ കാര്യായി... ആദിയേട്ടാ എനിക്കിവിടെ നൂറുകൂട്ടം പണികളാ... ഇന്നലത്തെ മഴേൽ പിന്നെയും കൊറേ ഓടുകൾ പൊട്ടിപൊളിഞ്ഞ്ണ്ട്... പുറകിലത്തെ ചുമരാണെങ്കിൽ കുതിർന്നിട്ട് ഇന്നോ നാളെയോന്ന് പറഞ്ഞ് നിക്കാ. ഇതൊക്കെ ഇനി ഏതുകാലത്ത് ശെരിയാക്കാനാ... ഇന്നത്തെ കാലത്ത് വേറെ എടെങ്കിലും ഉണ്ടാവോ ഇത്രയ്ക്ക് പഴയൊരു വീട്..?"
അയാളതിനു മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
'കും... എന്തുപറഞ്ഞാലും ഒരു കുലുക്കല്ല്യ. ആദിയേട്ടനിങ്ങനെ പച്ച ചാണകത്തിന് തീ പിടിച്ചപോലെ ആയിട്ടാ നമ്മടെ ജീവിതം ഇങ്ങനെ ഗതി പിടിക്കാണ്ടു പോയേന്ന് അമ്മ ഇന്നലേംകൂടെ പറഞ്ഞു.
'പച്ച ചാണകം..!' അവളത് പറഞ്ഞപ്പോൾ അനുഭവപ്പെട്ട നേരിയ നനവിന്റെ ഔദാര്യത്തിൽ അയാളുടെ നെറ്റിത്തടത്തിലെ രണ്ടിറ്റു വിയർപ്പുകണങ്ങൾ താഴേക്കൂർന്നു വീണു. പിന്നീടയാൾ മണ്ണിലങ്ങനെ നനുത്തു നനഞ്ഞുകിടക്കുന്ന പച്ചയായ ചാണകത്തിലും തീ കൊടുക്കാൻ നോക്കുന്നവരുടെ ഭോഷ്ക്കതരത്തിനെ മനസ്സുകൊണ്ട് കളിയാക്കി.
എത്ര വേനലിലും കുതിർന്നു കിടക്കുന്ന തൊടിയിലെ മണ്ണ്, ഓട് മേഞ്ഞ് ചോർന്നൊലിക്കുന്ന മേൽക്കൂര, കളിമണ്ണുകൊണ്ട് തേച്ച ചുവരുകൾ, നനവുള്ളിലേക്കൊപ്പിയെടുക്കുന്ന മരത്തൂണുകൾ, അകത്തളത്തിലെപ്പോഴും തങ്ങിനിൽക്കുന്ന പഴകി പൂതലിച്ച ഈർപ്പം...
"കേൾക്കുന്നുണ്ടോ വല്ലതും..?"
അവളുടെ ഉച്ചത്തിൽ ഉയർന്നുപൊന്തിയ സ്വരം ഭൂതകാലങ്ങളിലേക്ക് സ്വപ്നാടനത്തിന് പുറപ്പെട്ട അയാളുടെ മനസ്സിനെ പിന്നെയും കാലുവാരി നിലത്തടിച്ചു. അയാളതിന് മറുപടിയൊന്നും പറയാതെ നിസ്സംഗനായി നിന്നു.
"ആദിത്യൻന്ന് പേരിട്ടിട്ടും നിങ്ങളിങ്ങനൊരു തണുപ്പനായി പോയല്ലോ?"
ഉള്ളാകെ ചുട്ടുപഴുത്തിരിക്കുന്ന സൂര്യൻ തണുപ്പല്ലാതെ മറ്റെന്തു കാംഷിക്കാനെന്നവളോട് പറയണമെന്ന് ഉണ്ടായിരുന്നു. അത്രയുംനാൾ താപനില ഉയർത്തുന്നതിന് മനസ്സിൽ പ്രാകിതുലച്ചുകൊണ്ടിരുന്ന ആദിത്യ ഭഗവാനോടാദ്യമായി സഹതാപം തോന്നി അയാൾ പിന്നെയും മൗനം പാലിച്ചു. കാര്യമായ മറുപടികൾ പ്രതീക്ഷിച്ചങ്ങേയറ്റത്തു അക്ഷമയായി നിൽക്കുന്നവളോട് അൽപനേരത്തിനു ശേഷം അയാൾ പിന്നെയും പറഞ്ഞു.
"എടീ എനിക്ക് ചൂട് എടുക്കുന്നു..."
സകല നിയന്ത്രണങ്ങളും വിട്ടവൾ അയാളോട് പൊട്ടിത്തെറിച്ചു.
"നിർത്തുന്നുണ്ടോ... ചൂട് ചൂട് ചൂട്... കഴിഞ്ഞ രണ്ട് മാസങ്ങളായിട്ട് ഇതല്ലാണ്ട് നിങ്ങൾക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ ണ്ടോ... എനിക്കറിയാം നിങ്ങൾക്കിപ്പോ അവിടെ ഉള്ളൊരു ജോലിയുംകൂടെ കളഞ്ഞ് പണ്ടത്തെപോലെ ഇവിടെ വന്ന് തെണ്ടിനടക്കണം... കല്യാണം കഴിഞ്ഞിട്ടിത്ര വർഷായില്ലേ... ഒരുമിച്ച് ജീവിക്കാൻ എനിക്കാഗ്രഹം ഇല്യാഞ്ഞിട്ടാണോ...പക്ഷെ ഇപ്പോഴത്തെ അവസ്ഥേൽ ഇവിടെ വന്നിട്ടെന്ത് ചെയ്യാനാ..? നിങ്ങളോടിതോന്നും പറഞ്ഞിട്ട് കാര്യല്ല. നിങ്ങൾക്കിവിടുത്തെ ചത്ത് ചതഞ്ഞ തണുപ്പിലേ ജീവിക്കാൻ പറ്റൂ... യു ആർ എ ബ്ലഡി സാപ്രൊഫൈറ്റ്..!"
'സാപ്രൊഫൈറ്റ്..!' ഫോൺ വെച്ചതിനുശേഷം അയാൾ ഗൂഗിൾ എടുത്ത് തനിക്കത്ര സുപരിചിതമല്ലാത്ത അവൾ നൽകിയ പുതിയ വിശേഷണത്തിന്റെ നിർവചനങ്ങൾ പരതി.
'ചത്ത പ്രതലങ്ങളിൽ വസിക്കുന്ന പൂപ്പലുകൾ, സൂക്ഷ്മ ജീവികൾ മുതലായവ.'
"സാപ്രോഫൈറ്റ്!" മറന്നുപോവാതിരിക്കാൻ പല ആവർത്തി ഉരുവിട്ടുനോക്കി. തലച്ചോറ് ചെറുതായിട്ടൊന്ന് പുകയുന്നതുപോലും നിലവിലുള്ള ശരീരോഷ്മാവിനെ വർധിപ്പിച്ചേക്കാമെന്നു ഭയന്ന് ഒച്ചിനോടുള്ള അറപ്പ് മറികടന്ന് കുളിക്കാൻതന്നെ തീരുമാനിച്ചയാൾ ഒരിക്കൽക്കൂടി കുളിമുറിയിലേക്കുള്ള പ്രയാണമാരംഭിച്ചു. എന്നാൽ ബക്കറ്റിന്റെ വക്കും മൂലയും പിന്നീട് ശേഷിച്ചിടങ്ങളിലെല്ലാം പരതിയിട്ടും അത്തരത്തിലൊരു ജീവി അവിടെ ഉണ്ടായിരുന്നതിന്റെ യാതൊരു സൂചനകളും ലഭിച്ചില്ല. വേഷങ്ങൾ അഴിച്ചുവെച്ച് കല്ലിലിരുന്ന സോപ്പ്കട്ട കയ്യിലെടുത്തപ്പോഴാണ് വിയർത്തൊട്ടിയ പുറംകഴുത്തിലേക്ക് ഉത്തരത്തിൽ നിന്നെന്തോ വന്നു പതിച്ചത്. നനുത്ത് കൊഴുത്ത ശരീരം ആദ്യം അമർത്തിയും പിന്നീടയച്ചും ചെറിയ തരംഗ ഗതിയിൽ ഒരുമ്മിയൊരുമ്മി അത് പുറംകഴുത്തിൽനിന്നു തോളിനോട് ചേർന്ന മടക്കുകളിലേക്ക് ഇഴഞ്ഞു.
എപ്പോഴും ഉമിനീരു കിനിയുന്നവളുടെ വിടർന്ന ചുണ്ടുകൾ, ചന്ദനം മണക്കുന്ന മുലക്കണ്ണുകൾ, കുളിമെട കെട്ടിയ കൂന്തലറ്റത്തുനിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീണ് നനഞ്ഞുകിടക്കുന്ന കൊച്ചുപള്ളയും അടിവയറും... ഒരു ഞൊടിയിൽ ഓർമ്മകളിൽ ഇക്കിളിപ്പെട്ടയാളുടെ പുരുഷലിംഗം അയാൾപോലുമറിയാതെ എഴുന്നുനിന്നു. ജീവിതത്തിൽ അയാൾ പറ്റിയിരിക്കാൻ ആഗ്രഹിച്ച എല്ലാ ഈർപ്പവും അയാളുടെ ചർമ്മത്തിന്റെ ചൂടുപിടിച്ച ആഴങ്ങളിലേക്ക് കിനിഞ്ഞിറങ്ങി. അയാളതിനെ പുറംകഴുത്തിൽനിന്നെടുത്ത് ഉള്ളംകയ്യിൽവെച്ച് മൃദുവായി ചുംബിച്ചു. പിന്നീട് കുളിമുറിയിലെ എണ്ണയും മെഴുക്കുംപുരണ്ട കൊച്ചുമുക്കിൽ സ്ഥാപിച്ചു. ഇടത്തോട്ടും വലത്തോട്ടും പ്രത്യേകരീതിയിൽ കൊമ്പുകൾ ചലിപ്പിച്ചതയാളെ ഇടക്കണ്ണിട്ട് നോക്കികൊണ്ടിരുന്നു. ചുമരിനോട് ചേർന്ന് പണിഞ്ഞിരിക്കുന്ന അലക്കുകല്ലിൽ ചാരിയിരുന്ന് ഒച്ചിനെയും നോക്കി അന്നുമുഴുവനും അയാൾ കുളിമുറിയിൽ തന്നെ ചിലവഴിച്ചു. കാലിന്റെ വെള്ളയിൽ അലോസരപ്പെടുത്തുന്നവിധം ഉറുമ്പുകടിയേറ്റ് രാത്രിയിലെപ്പോഴോ മുറിഞ്ഞ ഉറക്കത്തിൽ നിന്നെണീറ്റയാൾ ചുറ്റിലും നോക്കി.
ഉറുമ്പുകൾ... ചുറ്റിലും കടിയനുറുമ്പുകൾ...
തിക്കിയും തിരക്കിയും വരിതെറ്റിച്ചും ധൃതിയിൽ ചലിച്ചിരുന്നവയുടെ മാർഗരേഖ പിന്തുടർന്നയാളുടെ ദൃഷ്ടി അരണ്ട മഞ്ഞവെളിച്ചത്തിൽ അത് കണ്ടു. വെള്ളം വറ്റി വരണ്ടനിലത്ത് ചത്തുമലച്ച് ഉണങ്ങി ചുരുണ്ടു കിടക്കുന്ന ഒച്ച്... തരിച്ചു നിന്നയാളുടെ കാൽപാദങ്ങളെ പിന്നെയും കടിയനുറുമ്പുകൾ ആക്രമിച്ചു. ഒരുവിധത്തിൽ പുറത്തുകടന്ന് മുറിയിലെ കിടക്കയിൽ നിവർന്നുകിടന്നു. ഒരു മൂലയിലായി രണ്ടാഴ്ച്ചകൾക്ക് മുൻപ് തറയിലെറിഞ്ഞു പൊട്ടിച്ച സ്മാർട്ട് ഫോൺ സ്ഥാനചലനം ഇല്ലാതെ അങ്ങനെതന്നെ കിടന്നു. അന്നേദിവസം അതിലൂടെ വന്നലച്ച അമ്മയുടെ വിതുമ്പലുകൾ ചോണനുറുമ്പുകളെപോലെ അയാളെ ഉറങ്ങാൻ അനുവദിക്കാതെ അമർത്തി കടിച്ചുകൊണ്ടിരുന്നു.
"മോനേ ഇതെത്ര ദിവസായി നീ ആരോടും ഒരു മിണ്ടാട്ടവുമില്ലാണ്ട് അവിടെ ഇങ്ങനെ... ഇനിയെങ്കിലും ഇങ്ങോട്ടു പോരാനുള്ള ഏർപ്പാട് നോക്ക്... നിന്നെ ഇനിയൊരു മുഴുപ്രാന്തനായിട്ട് കാണാനെനിക്ക് വയ്യ... എനിക്കും ഇവിടെ തനിച്ച് വയ്ക്കണില്ല... കണ്ണടച്ചാലും തുറന്നാലും മുന്നിലവളങ്ങനെ തൂങ്ങി നിക്കാ... എന്നാലും അവളെന്തിനാടാ ഈ കടുംകൈ കാണിച്ചേ... വല്ലാത്തൊരു വിധി ആയിപ്പോയല്ലോ എന്റെ കുട്ട്യേ... നിന്റെ... താലികെട്ട്യോളെ കുഴീൽ എട്ക്കണെന്റെ മുമ്പുംകൂടെ ഒന്ന് കാണാൻപറ്റാണ്ട്... മറക്കെന്നെ... എല്ലാം ഒരു ദുസ്വപ്നായി വിചാരിച്ചങ്ങട്ജീ വിക്കെന്നെ..!"
ചിലതൊന്നും സ്വപ്നമല്ലായിരുന്നെന്ന് സ്വയം ഓർമ്മിപ്പിച്ചുകൊണ്ടുമാത്രമാണ് താനിപ്പോഴും ജീവിക്കുന്നതെന്ന് അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്താനെന്തുകൊണ്ടോ അയാൾ അശക്തനായിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചറിവുകളിലേക്ക് ഞെട്ടിയുണർത്താൻ ഇനിയും ആ ഫോൺ ഒച്ചയിടരുതെന്നയാൾ ആഗ്രഹിച്ചു. പതിവുപോലെ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട സഹധർമ്മിണി അയാളോട് പരിഹാസ ഭാവത്തിൽ ചോദിച്ചു,
"ആദിയേട്ടൻ, 'സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്' എന്ന് കേട്ടിട്ടുണ്ടോ..?"
'സർവൈവൽ..!' തന്നോടതിജീവനത്തെപ്പറ്റി പറഞ്ഞുപറഞ്ഞ് ജീവനൊടുക്കിയവൾ... തന്നിലെ ഉഷ്ണജീവിക്ക് അത്യന്താപേക്ഷിതമായിരുന്ന ഇത്തിരി ഈർപ്പം തന്റെ ചുട്ടുപൊള്ളുന്ന വേനലുകളിൽ പെയ്യാതെ തോർന്നവൾ...
മുറിയിൽ ക്രമാതീതമായി ഉയർന്ന ചൂട് പിന്നെയും അയാളുടെ ഉള്ളുവേവിച്ചു. പാതിവഴിയിലെന്നോ ഉപേക്ഷിച്ച നോവലിന്റെ ഏടുകൾ തുറന്നയാൾ വ്യർത്ഥമായി കുത്തിക്കുറിച്ചു.
"തൊണ്ടനനയ്ക്കാൻ രണ്ടിറ്റുവെള്ളം മതിയെന്ന് ലോകത്തോടുറക്കെ വിളിച്ചുപറഞ്ഞ് പറഞ്ഞ് തുപ്പലം വറ്റി ചത്തവനാണ് ഞാൻ... 'സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്', അല്ല എനിക്ക് വേണ്ടത് അതിജീവനമല്ല... ജീവിച്ചിരിക്കാനുള്ളൊരു പ്രേരണ മാത്രമാണ്..."
കുളിമുറിയിൽ ചത്തുമലച്ച ഒച്ചിന്റെ ഓർമ്മത്തുണ്ടുകളുമായി കടിയനുറുമ്പുകൾ വരിവരിയായി വന്നു. ചത്തിട്ടും ചാവാതെ അത് പുറംകഴുത്തിൽ അവശേഷിപ്പിച്ച ഇത്തിരി ഈർപ്പത്തിൽ ഒട്ടിയൊട്ടി അയാളും ഇഴഞ്ഞു ജീവിച്ചു.