ചിന്താചരിത്രത്തെ മുറിച്ചുകടക്കുന്ന ആത്മവിമോചനത്തിന്റെ ഗാഢദ്രവത
മലയാള കവിതയുടെ മണ്ഡലം നിഷ്ക്കാസനങ്ങളും അശരണതയും 'പ്രമേയ'മാക്കിയ ദീർഘചരിത്രമുള്ള ഒന്നാണ്. മറിച്ച് അത് 'പ്രയോഗ'മാക്കിയ ഒന്നാണ് സനൽ അടങ്ങുന്ന ഈ ലോകം. എ.അയ്യപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും പാടിയിട്ടുള്ള 'ഉഷ്ണമേഖലാജനിതക'വും 'ജന്മദീർഘമായ ശവദാഹ'വും ഇന്ന് പലർക്കും വെറും കാവ്യാനുഭൂതിദായകങ്ങളായ പ്രമേയങ്ങൾ അല്ലാതായിരിക്കുന്നു. മറിച്ച് അവയുടെ അതിസൂക്ഷ്മമായ രാഷ്ട്രീയപാഠങ്ങളാണ് ഈ തലമുറയുടെ നിത്യജീവിതാനുഭവമാകുന്നത്. ജീവിതം അതിന്റെ എല്ലാ ഉടുപ്പും ഊരിപ്പറയുന്ന കവിതകളാണ് സനലിൻറേത്. എന്നാൽ അതിലെ കവിതയുടെ പുഴുക്കം മാത്രം പോയിട്ടില്ല.

(സനൽ ഹരിദാസിന്റെ കഥാർസിസ് എന്ന കവിതാ സമാഹാരത്തിന് കവിത ബാലകൃഷ്ണൻ എഴുതിയ അവതാരിക.)
ഒരു ആദർശസമൂഹത്തിന്റെ ഉള്ളിലെ വിരുദ്ധദിശാസഞ്ചാരങ്ങളുടെ ഭാരം മുഴുവൻ താങ്ങുന്ന ദാർശനികതയുടെ ചെല്ലപ്പേരാണോ മനുഷ്യൻ? പള്ളിയിൽ പോയി താലി കെട്ടേണ്ടിവരുന്ന യുക്തിവാദി, സർവ്വാഭരണവിഭൂഷിതയായി നിന്ന് കല്യാണം കഴിക്കേണ്ടിവരുന്ന സ്ത്രീവാദി, സഹോദരിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന് വീട്ടിൽ ബൈബിൾ പ്രാർത്ഥന നടത്തുന്ന കവി... ങാ, അവിടെ തിരുത്ത്: വാസ്തവത്തിൽ കവികൾക്ക് ആദർശജീവിതത്തിന്റെ ഭാരം താങ്ങാവതല്ല. കാരണം, ഒരു നിത്യസാധാരണ മനുഷ്യന്റെ ഉള്ളിൽത്തന്നെ, അയാളിലെ കവിയുടെ നിലനിൽപ്പ് വേറെ തരത്തിലാണ്. കവിയാകണം, പക്ഷേ തന്റെ മഹത്വത്തിന് സ്വാഭാവികമായ സംവരണം ഒന്നുമില്ല. ജാതിക്കും മതത്തിനും ലിംഗത്തിനുമുണ്ടത്. കവി പക്ഷേ അത്ര വേണ്ടപ്പെട്ടതല്ലത്രേ. ആദർശ-ദേശഭക്ത-റിപ്പബ്ലിക്കുകൾക്ക് ഒട്ടും ആവശ്യമില്ല. ജോലി വേണം, പക്ഷേ ചെയ്യാനിഷ്ടമല്ല. അതുണ്ടെങ്കിലും അതല്ല ചെയ്യേണ്ടതെന്നറിയാം. പണമില്ല, ചിലപ്പോൾ അതുള്ളതുപോലെ ജീവിക്കാൻ നിർബന്ധിതമാകുന്നു. രൊക്കം-കടം-പലിശ-നിയമങ്ങളനുസരിക്കാനാകാതെ വരുന്നു. ഇങ്ങനെയുള്ള തന്റെ ഒന്നുമില്ലായ്മയുടെ പരിപൂർണ്ണതയിലുള്ള വിശ്വാസമാണ് അയാളെ കവിയാക്കുന്നത്. കാരണം ആ വിശ്വാസം സ്വയമേവ മഹത്വമായി, ചെറുകൂട്ടരോടൊപ്പം ആഘോഷിക്കാനാകുന്ന ഒരൊറ്റ വഴിയേയുള്ളൂ, അത് കവിയുടെ വഴിയാണ്.
ആ ചെറുകൂട്ടവും നഷ്ടപ്പെടുന്ന ഒരു ആധി-വ്യാധികാലത്താണ് നമ്മൾ സനലിനെ വായിക്കുന്നത്. 'നശിച്ച പട്ടി' എന്ന പാസ്വേഡ് അവിടെ കവി തന്നെ തുറന്നുകാണിച്ചിട്ടുമുണ്ട്. ആദ്യം വായിച്ച കവിത കൊണ്ട് തന്നെ വായനക്കാർക്ക് ആളെ മനസ്സിലാകും. താൻ കടന്നുപോരുന്ന അശരണതയിലേക്ക് കൂടെ വന്നു നിൽക്കാനുള്ള ക്ഷണമാണ്. അപ്പോൾ അത് ചെയ്യുക തന്നെ. പക്ഷേ കൂടെനിൽക്കുമ്പോൾ യുക്തി കൊണ്ട്, സിദ്ധാന്തം കൊണ്ട്, ആദർശം കൊണ്ട് വിധിയെഴുതി കവിക്കുമേൽ മഹത്വം ചമയാനൊരു യോഗ്യതയും ആർക്കുമില്ല. അത്രമേൽ നിരാധാരമാണ് കവിയുടെയും കവിതയുടെയും ഇന്നത്തെ കാലം. 'അത്രമേൽ ജനാധിപത്യപരവും' എന്ന് ലേശം മേനിയോടെ വേണമെങ്കിൽ പറയാം. അങ്ങനെ നമ്മൾ പറയുക പതിവുമുണ്ടല്ലോ. കഥ, നോവൽ തുടങ്ങിയ ഇതര സാഹിത്യരൂപങ്ങൾക്ക് അവയുടെ രൂപത്തിൽത്തന്നെ ഈ നിരാധാരത്വം സ്വാംശീകരിക്കാൻ പ്രയാസമുണ്ട്. കാരണം അവ താരതമ്യേന വിപുലശരീരികളാണ്. എന്നാൽ നേർത്തു നേർത്തുവന്ന് ഭാഷാനിയമങ്ങളിൽനിന്നും വാക്യങ്ങളിൽ നിന്നും, എന്തിനധികം അർത്ഥങ്ങളിൽനിന്നു തന്നെ സ്വയം വിമോചിപ്പിക്കുന്ന ഒരുതരം ഗാഢദ്രവത, കവിതയെന്ന സർഗ്ഗാത്മകരൂപത്തിന് സാദ്ധ്യമാണ്. പക്ഷെ കവികളെല്ലാം അത് പരീക്ഷിക്കണമെന്നില്ല. അറിയണമെന്നില്ല. അതിൽ താത്പര്യപ്പെടണമെന്നുപോലുമില്ല. പലപ്പോഴും കാവ്യശരീരം പകരുന്ന സുഖോന്മാദങ്ങൾ, സ്വപ്നാടനങ്ങൾ തുടങ്ങിയവയുടെ സ്ഥുല്യം ആണ് കവിത്വം എന്ന് ഭൂരിപക്ഷം കവനകുതുകികളും കവികളും ധരിക്കുന്നുണ്ട്. കവിതയെന്ന സൗന്ദര്യരൂപത്തിന്റെ, കവിയെന്ന വ്യക്തിയുടെ, അയാളടങ്ങുന്ന ഭാഷയുടെ, ലോകത്തിന്റെയൊക്കെ സുനിശ്ചിതവ്യവസ്ഥയിൽനിന്നു മോചനം നേടുമ്പോഴേ കവിതയുടെ നിരാധാരത്വത്തിന്റെ രാഷ്ട്രീയ മാനങ്ങൾ തെളിയൂ. സുഖിക്കാൻ ആർക്കുവേണം കവിത എന്നു പോലുമപ്പോൾ തോന്നിയേക്കാം.
മലയാള കവിതയുടെ മണ്ഡലം നിഷ്ക്കാസനങ്ങളും അശരണതയും 'പ്രമേയ'മാക്കിയ ദീർഘചരിത്രമുള്ള ഒന്നാണ്. മറിച്ച് അത് 'പ്രയോഗ'മാക്കിയ ഒന്നാണ് സനൽ അടങ്ങുന്ന ഈ ലോകം. എ. അയ്യപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും പാടിയിട്ടുള്ള 'ഉഷ്ണമേഖലാജനിതക'വും 'ജന്മദീർഘമായ ശവദാഹ'വും ഇന്ന് പലർക്കും വെറും കാവ്യാനുഭൂതിദായകങ്ങളായ പ്രമേയങ്ങൾ അല്ലാതായിരിക്കുന്നു. മറിച്ച് അവയുടെ അതിസൂക്ഷ്മമായ രാഷ്ട്രീയപാഠങ്ങളാണ് ഈ തലമുറയുടെ നിത്യജീവിതാനുഭവമാകുന്നത്. ജീവിതം അതിന്റെ എല്ലാ ഉടുപ്പും ഊരിപ്പറയുന്ന കവിതകളാണ് സനലിൻറേത്. എന്നാൽ അതിലെ കവിതയുടെ പുഴുക്കം മാത്രം പോയിട്ടില്ല.
കുടുംബം, രാഷ്ട്രം, വ്യക്തി തുടങ്ങിയ സങ്കുചിതമായ ആധുനിക-ആദർശറിപ്പബ്ലിക്കുകൾ പൊളിഞ്ഞുവീഴുകയാണ്. ഇതിലൂടെ വളർന്നുവന്ന നമ്മൾ ആകെ ഓട്ടാമ്പൊളികളായി, വല്ലാത്ത ഇച്ഛാഭംഗത്തിന്റെ അവശിഷ്ടങ്ങളായി നിൽക്കുകയുമാണ്. അങ്ങനെയൊരു 'നിൽപ്പ്' നിന്ന അനുഭവമാണ് സനലിന്റെ കവിതകൾ പലപ്പോഴായി എനിക്ക് തന്നത്.
സനൽ ഈ കവിതകളിൽ ചെയ്യുമ്പോലെ വസ്തുതകളുടെ ഒരു അരണ്ട ലാഞ്ചനയിൽ ഇങ്ങനെ മനുഷ്യർ കവിതയുടെ അനുഭവം തപ്പിനടക്കാൻ തുടങ്ങിയതെപ്പോഴാണ്? എക്കാലത്തും വാക്കുകൾ നേരെ ഇടപെടാത്ത ലോകമാണ് കവിത. പക്ഷെ ഓരോ വാക്കും ഓരോ 'തത്സമയ പാഠ'മാകാൻ തുടങ്ങിയത് എന്നാണ് ? കവികൾ മാത്രമല്ല, മനുഷ്യരൊട്ടാകെത്തന്നെ കവികളാകാൻ തുടങ്ങിയത് എന്നാണ്? ഒന്നുറപ്പാണ്; വാക്ക് മറ്റൊന്നിന്റെ 'തത്സമയപാഠ'മാകാൻ തുടങ്ങിയത് ആധുനിക കവിതയിലൊന്നുമല്ല. കവിതയുടെ മഹാവംശാവലികളിൽ അതുണ്ട്. യുദ്ധപുസ്തകങ്ങളിൽനിന്നു വരെ കവിത കാലത്തിന്റെ പാഠം നിർമ്മിക്കുന്നുണ്ട്! ബിസി അഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് മിലിട്ടറി നിയമപുസ്തകമായിരുന്നു സുൻ സു (Sun Tzu) വിന്റെ ‘യുദ്ധത്തിന്റെ കല’. അതിൽനിന്നും പിൽക്കാലത്ത് യുദ്ധത്തിൻറെ സർഗ്ഗാത്മകതയെക്കുറിച്ച് പല പാഠങ്ങളും വിചിന്തനങ്ങളും ഉണ്ടായിട്ടുണ്ട്.
"അന്ന് നമ്മളെല്ലാവരും കടലിൽ ആയിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. ജീവിവംശങ്ങൾ, ലൈംഗികത, വർഗ്ഗങ്ങൾ: അന്ന് ഇപ്പറയുന്നവ ഒന്നുംതന്നെ എന്തെങ്കിലും അർത്ഥമുള്ള കാര്യങ്ങൾ ആയിരുന്നില്ല. രക്ഷിതാക്കളില്ല, കുട്ടികളില്ല, വെറുതെ, നമ്മൾ മാത്രം. വിഭജിക്കാനാകാത്ത സാഹോദര്യം, ഉന്മേഷമുള്ളത്, നനവുള്ളത്, ഒന്ന് മറ്റൊന്നിൽ നിന്നും വേർതിരിക്കാനാകാത്തത്, അത്യുദാത്തമാം വിധം ഒരു വിവേചിക്കാനാകായ്മ, നാനാവിധമായ ഒരു സങ്കരം. തലമുറകൾ ഇല്ല, ഭാവിയും ഭൂതവുമില്ല. ഉള്ളത് അനന്തമായ ഒരു ഭൂഭാഗമാണ്. സൂക്ഷ്മമായ കണികകളിൽ മിടിക്കുന്ന പരിമാണങ്ങളാണ്, പരസ്പരം ഇടപെടുന്ന ചേർപ്പുകകളാണ്, തൂവിപ്പോകലുകളാണ്, യോജിപ്പുകളാണ്. അവ നമ്മിലൂടെ നെയ്തുപോകുന്നവയാണ്. വിധേയപ്പെടാതെ, അനാവശ്യമായി, അശ്രദ്ധമായി, അലക്ഷ്യമായി, ശ്രമകരമായി ഓരോരുത്തരും പരസ്പരം വട്ടമിടുവിച്ചു കൊണ്ട് നമ്മുടെ മടക്കുകൾ, മടങ്ങലുകൾ, പെരുകലുകൾ, പെരുക്കലുകൾ, ആവർത്തിക്കൽ, പുനരാവർത്തിക്കൽ-നടക്കുന്നു.. നമുക്ക് നിർവ്വചനങ്ങൾ ഉണ്ടായിരുന്നില്ല. അർത്ഥകല്പ്പനയും. ഓരോ മുഹൂർത്തത്തിലും നമ്മൾ ആയിരിക്കുന്നത് എന്താണോ അതുതന്നെയാണ് നമ്മൾ. സ്വതന്ത്ര വ്യാപാരങ്ങൾ, ഭംഗിയായി ട്യൂൺ ചെയ്ത സൂക്ഷ്മവിശകലനങ്ങൾ. അതിർത്തികളും വരമ്പുകളുമൊന്നും ആലോചിക്കേണ്ടതില്ലാത്ത ബഹുരൂപിയായ കൈമാറ്റങ്ങൾ. ആശ്രയിക്കാൻ ഒന്നുമില്ലായിരുന്നു. ഒന്നും ഗ്രഹിക്കാനുമില്ലായിരുന്നു. ഒന്നിനെയും സംരക്ഷിക്കാനില്ല, ഒന്നും നമ്മെ സംരക്ഷിക്കാനുമില്ല. അന്തർഭാഗവും ബഹിർഭാഗവും എന്നൊന്നും ഇല്ല. അത്തരം കാര്യങ്ങളൊന്നും നമ്മൾ ചിന്തിച്ചില്ല. നമുക്ക് ചിന്ത തന്നെയില്ല. എല്ലാം എടുക്കാവുന്ന വിധം അവിടെയുണ്ടായിരുന്നു. പിന്നീട് നമ്മൾ ‘വർഷം’ എന്ന് വിളിച്ച ദശലക്ഷക്കണക്കിനു കാലങ്ങൾ ഇങ്ങനെയായിരുന്നു. അതൊന്ന് ഓർത്താൽ നമ്മൾ പറഞ്ഞേനെ, കാര്യങ്ങളെല്ലാം അങ്ങനെയങ്ങ് പോയാൽ മതിയായിരുന്നുവെന്ന്.
അങ്ങനെയിരിക്കെ നമുക്കിടയിലെന്തോ സംഭവിച്ചു. കാലാവസ്ഥ മാറി. നമുക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. ആകെ മരവിച്ചുപോയി. നമ്മൾ തൊട്ടതെല്ലാം വിഷമായി. നമ്മുടെ കടൽമേഖലകൾ നിറയെ കൊടും വിഷവാതകങ്ങൾ പരന്നു. ചിലർ പറഞ്ഞു, നമ്മൾ തന്നെയാണ് ഇതൊക്കെ കൊണ്ടുവന്നതും. നമ്മൾ ചെയ്തതൊക്കെ തിരിച്ചടിക്കുന്നു. നമ്മൾ പ്രകോപിപ്പിച്ച് വരുത്തിയ ഒരു അപകടം നമ്മുടെ പരിസ്ഥിതിയെ അലങ്കോലമാക്കി. അതോടെ ചതിയെപ്പറ്റിയും അട്ടിമറികളെപ്പറ്റിയും ഊഹങ്ങൾ പരന്നു. അന്യഗ്രഹജീവികളുടെ മന്ത്രണങ്ങളെപ്പറ്റിയും.
ഈ വിച്ഛേദത്തെ കുറച്ചുപേരേ അതിജീവിച്ചുള്ളൂ. ഒരുവിധം കടന്നുകൂടുന്നവർ പോലും ഒന്ന് മരിച്ചുകിട്ടിയെങ്കിൽ എന്നാഗ്രഹിച്ചു. മുൻപൊന്നും ചിന്തിക്കാൻ പറ്റാതിരുന്നവിധം, നമ്മൾ പരസ്പരം തിരിച്ചറിയാനാകാത്ത വിധം ഉൾപ്പരിവർത്തനം നടത്തപ്പെട്ടവരായി. നമുക്ക് ഗ്രഹിക്കാൻ ആകാത്തവിധം സങ്കീർണ്ണമായ ഏതൊക്കെയോ ക്രമങ്ങളുടെ ഉള്ളിൽ ഇരിക്കുന്ന ഘടകങ്ങൾ മാത്രമായി നമ്മൾ. നമ്മൾ ആ ക്രമങ്ങളുടെ പരാദങ്ങളായിരുന്നോ? അതോ ക്രമങ്ങൾ നമ്മുടെയോ? രണ്ടുവിധത്തിലും നമ്മൾ നമ്മുടെ തന്നെ തടവുകളുടെ ഭാഗമായിരിക്കുന്നു. എല്ലാ അർത്ഥത്തിലും നമ്മൾ അപ്രത്യക്ഷരായി. സൂക്ഷ്മമായി, സൂക്ഷ്മമായി, അവർ അദൃശ്യരായിരിക്കുന്നു. അദ്ഭുതകരം, അദ്ഭുതകരം, അവർ നിശബ്ദരായിരിക്കുന്നു, അങ്ങനെ അവർ അവരുടെ ശത്രുക്കളുടെ ‘വിധി’ ആയിരിക്കുന്നു.”
രണ്ടായിരത്തി അഞ്ഞൂറ് വർഷം മുൻപത്തെ യുദ്ധതന്ത്രചിന്തകളും വ്യാഖ്യാനങ്ങളും കൊടുത്ത കാലവിചാരങ്ങൾ എത്രമേൽ നമ്മുടെയും ഒരു യുഗപരിവർത്തന അനുഭവമാണ് എന്ന് നോക്കുക. ചരിത്രം ഒരു ഇരുട്ടാണ്. കവിയ്ക്ക് അത് അനുഭവിക്കുകയേ നിവൃത്തിയുള്ളൂ. അധികാരികൾക്കേ അത് തന്നിഷ്ടം പോലെ വെളുപ്പിച്ചെടുക്കേണ്ടു. അപ്പോൾ നമ്മൾ എങ്ങനെയൊക്കെയോ അങ്ങനെയിരിക്കെ, നമുക്കിടയിലെന്തോ സംഭവിച്ചതിനെയാകണം നമ്മൾ ആധുനികത എന്ന് വിളിച്ചത്. കാലാവസ്ഥ മാറിയതിനെയാകണം നമ്മൾ ആധുനികത എന്ന് വിളിച്ചത്. അതും വിവേചനങ്ങളുടെ കാലമായിരുന്നു. നമ്മുടെ ജാതിജീവിതം ഇരുട്ടിലും വെളിച്ചത്തിലുമായി കാണപ്പെട്ടു. വാമൊഴികൾ നഷ്ടപ്പെട്ട് വരമൊഴികൾ രഥങ്ങളേറി വന്നു. ആണെന്നും പെണ്ണെന്നും നമ്മൾ അകന്നു കനത്തു. ഉടലെന്നും മനസ്സെന്നുമായി വേർപിരിഞ്ഞു. നാടെന്നും നഗരമെന്നും പിരിഞ്ഞു. സത്യമെന്നും നുണയെന്നും, അതിലും ഇതിലുമായി കാണപ്പെടാൻ തുടങ്ങി.
പക്ഷെ 'സ്വതന്ത്ര വ്യാപാരങ്ങൾ, ഭംഗിയായി ട്യൂൺ ചെയ്ത സൂക്ഷ്മവിശകലനങ്ങൾ. അതിർത്തികളും വരമ്പുകളുമൊന്നും ആലോചിക്കേണ്ടതില്ലാത്ത ബഹുരൂപിയായ കൈമാറ്റങ്ങൾ' നമുക്കിടയിൽ നേർമ്മയായി നിലനിന്നു. അവയുടെ വാഹകർ കവികളായിരുന്നിരിക്കണം; നർത്തകരും പലവിധ രൂപങ്ങൾ മെനയുന്നവരും ആയിരുന്നിരിക്കണം; നാട്ടുശുശ്രൂഷകരും ഇന്ദ്രജാലക്കാരുമായിരുന്നിരിക്കണം. ഇവരിലൂടെയൊക്കെ പല കാലങ്ങളുടെ ഈടുവെപ്പായി, ഓർമ്മകളായി, പാഠപാഠാന്തരങ്ങളായി കവിത ജീവിച്ചിട്ടുണ്ട്. ആധുനികലോകത്തിനകത്തു തന്നെ അതിൽനിന്ന് വ്യത്യസ്തമായ പല ലോകങ്ങൾ കാണപ്പെടാൻ തുടങ്ങി. കടമ്മനിട്ടയുടെ കുറത്തിയെപ്പോലെ നിലം വിറപ്പിച്ച് ആധുനികമലയാളത്തിൽ മറുകാലങ്ങളുടെ ഓർമ്മകൾ വരാൻ തുടങ്ങിയതപ്പോഴാണ്. അപ്പോഴാണ് ഏതാണ്ട് അയ്യപ്പപ്പണിക്കരുടെ 'നേന്ത്രവാഴക്കൊലപാതകം' പോലെ, വാക്ക്, മലയാള കവിതയിൽ എഴുത്തിന്റെ ഒരു ചിത്രമാകാൻ തുടങ്ങിയത്. ജീവിതം ഇരുട്ടിലും വെളിച്ചത്തിലുമല്ലാതെ കാണപ്പെട്ടു. ആണിലും പെണ്ണിലുമല്ലാതെ, ഉടലിലും മനസ്സിലുമല്ലാതെ, നാട്ടിലും നഗരത്തിലുമല്ലാതെ, സത്യത്തിലും നുണയിലുമല്ലാതെ, അതിലും ഇതിലുമല്ലാതെ കവിത ജീവിതത്തിൽ ആധുനികോത്തരമായി കാണപ്പെടാൻ തുടങ്ങി. അതെല്ലാം സാംസ്ക്കാരിക വിഗ്രഹാരാധനകൾക്ക് പുറത്ത് അങ്ങിങ്ങായി ചെറുകൂട്ടരോടൊപ്പം ആഘോഷിക്കാനാകുന്ന കവികളുടെ അശരണമായ പാഠാന്തരങ്ങളോ തോന്നലുകളോ ആയിരുന്നുവെന്നും വരാം. കുലം ഇല്ലാതെ ജനിച്ച കവികൾക്ക് കവിത എന്ന അനുഭൂതിയിൽനിന്ന്, അലങ്കാരത്തിൽനിന്ന്, വരിയിൽ നിന്ന്, വാക്കിൽനിന്ന് വഴുതി, ലിപികളിലൂടെ ചിത്രങ്ങളിലൂടെ, ജീവിതത്തിലേക്ക് ഒരു കുതിക്കലുണ്ട്. ഇതൊരു തിരിച്ചുപോക്കല്ല, ഭാഷയ്ക്കും മുൻപുള്ള സാഹോദര്യത്തിന്റെ, ഓർമ്മകളുടെ, ഒരു തിരിച്ചുപിടിത്തമാണ്.
സനലിന്റെ കവിതകൾ വായിച്ചപ്പോൾ ഇത്തരത്തിലുള്ള ഒരു കുലരാഹിത്യത്തിൽ പിറന്നതാണ് ഇവ എന്നെനിക്ക് തോന്നി. ഇവ 'ടെക്സ്റ്റ് ബേസ്ഡ് ആർട്ട്' പോലെ 'ടെക്സ്റ്റ് ബേസ്ഡ് പോയട്രി' ആയി എനിക്കനുഭവപ്പെട്ടു. എളുപ്പമല്ലത്. കാരണം അത് ഭാഷാസാഹിത്യത്തിൽ കാലത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന 'സമകാലികതയുടെ' രാഷ്ട്രീയ കണ്ടുപിടുത്തത്തിന്റെ ഭാഗമാണ്. പല വഴിയിൽ അത് ചെയ്യുന്നവരുണ്ട്. കെ.ജി.ശങ്കരപ്പിള്ള ഒരുപക്ഷെ ആ വഴിക്ക് മലയാളത്തിൽ ആദ്യം സഞ്ചരിച്ച ഒരാളാകാം. പി എൻ ഗോപീകൃഷ്ണൻ, സുധീഷ് കോട്ടേമ്പ്രം, ഡോണ മയൂര തുടങ്ങി കുറേ പേർ മനുഷ്യാനുഭവത്തിന്റെ നിരാധാരത്വത്തെ മൗലികമായ വഴിയിൽ സമീപിക്കുന്നുണ്ടിന്ന്. എന്നാൽ ഈ ഭാവുകത്വത്തിന് ഒരു ഒറ്റപ്പേരില്ല. കുലം ഇല്ല.
തീസിസ് എന്ന കവിതയിൽ കവികളുടെ വംശാവലിയെ കണ്ടെത്താനെന്നോണം സനൽ ഒരു പ്രശ്നപരിസരം നിർമ്മിക്കുന്നതിങ്ങനെ. 'അന്യവീട്ടിലെ ഫ്രീസറിൽനിന്നു ഐസ് ക്യൂബുകൾ അകത്താക്കാൻ കിട്ടിയ കുട്ടികളിലെ ഇരുതരക്കാർ'. ഇതിൽ 'കവി, കുഴിവെട്ടുകാർ, കലാപകാരി' എന്നിങ്ങനെയുള്ളവരെ വൈവിധ്യമാർന്ന തകർച്ചകളുടെ രണ്ടാംനമ്പറുകാരായി ആ തീസിസ് കണ്ടെത്തുന്നുണ്ട്. കവിതയെയും കവിയെയും കുറിച്ചുള്ള ഇത്തരം കവിതകൾ പലതുണ്ട്. 'വർഗ്ഗാവബോധം', 'പരിണാമ ശരാശരി', 'പ്രതിബിംബഭീതി' എന്നിങ്ങനെ പേരുമായി, കവിതകൾ പലതും ബോധപൂർവ്വം വാചോടോപത്തിന്റെയും സൈദ്ധാന്തികതയുടെയും ഫുട്ട്നോട്ടുകളുടെയും പ്രതിഭാഷയാകുന്നു. അനുഭവങ്ങൾക്കെല്ലാം ഒരൊറ്റവാക്ക് പരത്തുന്ന സോഷ്യൽ അബ്സ്ട്രാക്ഷന്റെ പരിമിതികൾ അതിലെല്ലാം പല്ലിളിക്കുന്നു. 'പ്രതിബിംബഭീതി' തുടങ്ങുന്നത് ഭരണാധിപന്റെയും (ആരും കാണാനില്ലാത്തപ്പോൾ പ്രജാപതി എന്തുചെയ്യുകയായിരിക്കും?) അത് ഒടുങ്ങുന്നത് പ്രതിരോധകരുടെയും (പ്രതിഷേധങ്ങൾക്കൊടുവിൽ ആരും കാണാനില്ലാത്തപ്പോൾ നിങ്ങളെന്തൊക്കെയാകാം ചെയ്യുന്നത്?) ഏകാന്തതയെ വലിച്ചിട്ടുകൊണ്ടാണ്.
ഈ കവിതകളിലെല്ലാം ഒരു ആണവസ്ഥ, മനുഷ്യാവസ്ഥയെന്നോണം കുടുങ്ങിനിൽപ്പുണ്ട് അത് പഴയ കാലത്തെപ്പോലെ സ്വയം കണ്ണാടി നോക്കി അഭിനന്ദിച്ചുകൊണ്ട് അദൃശ്യമായി നിൽക്കുകയല്ല. അതുകൊണ്ടു ഇങ്ങനെയുള്ള ആണുങ്ങൾക്കും കുലമില്ല.
കുലമില്ലാത്തവർ അവർക്ക് നിഷേധിക്കപ്പെട്ട പൊതുവിടം പിടിച്ചടക്കുംപോലെ സനലിന്റെ കവിതകൾ എല്ലാം ഔട്ട് ഡോറിലാണ് സ്വയം പ്രദർശിപ്പിക്കുന്നത്. സാധാരണ കവിതകൾ പോലെ ഒരു 'ഇൻ ഡോർ ഗെയി'മല്ല. വാക്കുകൾ തെറിച്ചു നിൽക്കുന്നു. അതുകൊണ്ട് എനിക്ക് പലപ്പോഴും വാചകങ്ങൾ മുഴുമിപ്പിക്കണമെന്നുപോലും തോന്നിയില്ല. ഓരോന്നായി വായിച്ചു മുറിച്ചു. അപ്പോൾ വാക്കുകൾ മനുഷ്യരെപ്പോലെ ആയി. 'അച്ഛൻ വാരിത്തന്ന കനൽ' എന്ന് വായിച്ചതും, പൊള്ളി. 'തൊണ്ട പഴുത്ത കുഞ്ഞിന്റെ നിരാഹാര ദിനങ്ങൾ' എന്ന് വായിച്ചതും നിന്നുപോയി. 'പോലെയിതാ ഭൂതകാലം' എന്നത് വിശ്വസിച്ചില്ല. ഇത് സമകാലം. വായനക്കാരിക്ക് കവിയെ വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്.
നമുക്കിത്രയും കവികൾ വേണ്ടെന്നു പറഞ്ഞത് ചാഴ്സ് ബുക്കോവ്സ്കിയാണ്. അയാളും ഈ കവിയ്ക്ക് ഫുട്ട്നോട്ടാകുന്നു (‘വിശദീകരണത്തിന്റെ ചുരുക്കെഴുത്ത്’).
സനലിന്റെ കവിതകൾ വലിയ പോസ്റ്ററുകൾ പോലെ നിൽക്കുന്നതായി തോന്നാം. പൊതുമണ്ഡലത്തിൽ ഉയർന്നുനിൽക്കുന്ന വാക്കുകളും ആശയങ്ങളും യഥാർത്ഥത്തിൽ ഒരുതരം ഇടം കൈവശപ്പെടുത്തലിന്റെ ആംഗ്യങ്ങൾ കൂടിയാണ്. ചരക്കുകളും ചരക്കുൽപ്പന്നങ്ങളും അധികാരവും ആധികാരികോൽപ്പന്നങ്ങളും ഇത്തരം ആംഗ്യങ്ങൾ കൊണ്ടാണ് നിലനിൽക്കുന്നത്. പക്ഷെ കവികളും കലാകാരരുമത് ചെയ്യുമ്പോൾ വാക്കുകൾ വെറും മനുഷ്യരെപ്പോലെ ചുമച്ചും തുപ്പിയും രോഷം കൊണ്ടും കാറിയും കേണും കാണപ്പെടും. വാക്കുകളിൽ അവ മുഴുമിപ്പിക്കും മുൻപേ തന്നെ കാലവും ജീവിതാവസ്ഥകളും ഉടലെടുക്കുന്നതു കൊണ്ടാണത്. ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ പന്ത്രണ്ട് മീറ്റർ നീളത്തിലും ആറുമീറ്റർ വീതിയിലും തെളിഞ്ഞു കത്തിയ ജെന്നി ഹോൾസറിന്റെ ഇലക്ട്രോണിക് പാനൽ പറഞ്ഞതിങ്ങനെ 'Protect me from what I want, from Survival'! ഭീമാകാരമായ നഗരകലാകേന്ദ്രത്തിൽ ഗറില്ലാ ഗേൾസ് എന്ന ഫെമിനിസ്റ്റ് കളക്ടീവ് കാണിച്ച പോസ്റ്ററുകളിലൊന്നു ചോദിച്ചു, “Do women have to be naked to ഗെറ്റ് into the Met. Museum?” അമേരിക്കയിലെ ഗർഭച്ഛിദ്രാവകാശ സമരങ്ങളുടെ പോസ്റ്ററുകളിൽ ബാർബറ ക്രൂഗർ ഉയർത്തിയ 'Your body is a battleground' എന്ന മുദ്രാവാക്യം പിന്നീടും പലതവണ പലയിടങ്ങളിൽ പ്രതിദ്ധ്വനിച്ചിട്ടുണ്ട്. ഇങ്ങനെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞ് പലതവണ എഴുന്നേറ്റു വരുന്ന ഒരു കാലത്തിന്റെ കവിതാപുസ്തകമാണിത്.