ഷമീറിന്റെ പുസ്തകം
സമയം ഏകദേശം രണ്ട് മണി കഴിഞ്ഞിരിക്കണം. ഓഖ്ലയുടെ തെരുവീഥികളിലൊന്നും വെട്ടമില്ല. താമസിക്കുന്ന അഞ്ചുനിലക്കെട്ടിടത്തിന്റെ ടെറസിലിരുന്നാൽ ഓഖ്ല ഹെഡിലെ സൊയമ്പൻ ഇറാനിചായ കിട്ടുന്നിടം മുതൽ അങ്ങകലെ യമുനയ്ക്കപ്പുറം നോയ്ഡയുടെ പ്രകാശഗോപുരങ്ങൾ വരെ കാണാം.

പൊതുവേ താപനില നന്നേ കൂടതലാണെങ്കിലും അർധരാത്രിയ്ക്കു ശേഷം ഫ്ളാറ്റിന്റെ മട്ടുപാവിൽ സുഖമുള്ള ഒരു തണുപ്പാണ്. ആ ചെറിയ വൃത്തത്തിൽ മറ്റേതോ ലോകത്തിന്റെ വലുതല്ലാത്ത ഒരു കഷ്ണം ആരോ ഒളിപ്പിച്ചുവെച്ചപോലെ. ചൂടു കാപ്പിയും, പുസ്തകങ്ങളും, സംഗീതവും
രാത്രിയെ പ്രണയിക്കുന്നവർക്കായി ആ ലോകത്തിന്റെ കവാടം മലർക്കെ തുറന്നുവെക്കുന്നു. ഓഖ്ലയുടെ ആകാശത്ത് ആരുടെയോ മുഖചിത്രം
വരയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പോലെ മേഘക്കൂമ്പാരങ്ങൾ ചുറ്റും പായുകയാണ്. ചന്ദ്രൻ അത്ര വ്യക്തമല്ല. മേഘങ്ങളുടെ തിരക്കിനിടയിൽപ്പെട്ട്
അദൃശ്യനായിരിക്കുന്നു. എങ്കിലും വെള്ളച്ചായം ഒരൽപ്പം കൂടുതൽ പുരണ്ടിരിക്കുന്ന ഇടത്താണ് ഒളിച്ചിരിക്കുന്നതെന്ന് ഊഹിക്കാം. ഇരുണ്ട ആകാശവും, വെളുത്ത മേഘപടലങ്ങളും, തൊട്ടടുത്തുള്ള എയർപോർട്ടിൽ നിന്നും പതിയെ മുകളിലോട്ട് ചാടുന്ന പ്ലെയിനുകൾ തീർക്കുന്ന ചുവന്ന മിന്നൽപ്പിണരുകളെല്ലാംകൂടി ആകാശത്ത് നെയ്തെടുത്ത ആ കരവിരുത് ഫത്തേഹ് അലി ഖാന്റെ അനിർവചനീയമായ ശബ്ദമാധുര്യത്തിന്റെ അകമ്പടിയോടെ ആസ്വദിക്കുകയായിരുന്നു ഞാൻ.
സമയം ഏകദേശം രണ്ട് മണി കഴിഞ്ഞിരിക്കണം. ഓഖ്ലയുടെ തെരുവീഥികളിലൊന്നും വെട്ടമില്ല. താമസിക്കുന്ന അഞ്ചുനിലക്കെട്ടിടത്തിന്റെ ടെറസിലിരുന്നാൽ ഓഖ്ല ഹെഡിലെ സൊയമ്പൻ ഇറാനിചായ കിട്ടുന്നിടം മുതൽ അങ്ങകലെ യമുനയ്ക്കപ്പുറം നോയ്ഡയുടെ പ്രകാശഗോപുരങ്ങൾ വരെ കാണാം. എന്നാൽ ഘടികാരസൂചി ഒരുമണി പിന്നിട്ടാൽ പിന്നെ ചുറ്റും നിശ്ചലമാണ്. നിലാവെളിച്ചം മാത്രമാണ് വെളിച്ചത്തിന്റെ ശ്രോതസ്സ്. അന്ന് നല്ല നിലാവുള്ളതായി ഞാൻ ഓർക്കുന്നു. അതുകൊണ്ടാവണം മങ്ങിയ വെളിച്ചത്തിൽ തൊട്ടടുത്ത ടെറസിലിരുന്നു ആർത്തിയോടെ പുസ്തകം വായിക്കുന്ന ഷമീറിന്റെ മുഖം അത്ര ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞത്. ഖാലിദ് ഹൊസൈനിയുടെ 'എ തൗസണ്ട് സ്പ്ലൻഡിഡ് സൺസാ'ണ് പുസ്തകമെന്നും മനസ്സിലായി. വെളിച്ചമൊന്നുമില്ലാതെ ഹെഡ്ഫോണിൽ പാട്ട് കേട്ട്, ഇടക്ക് കാപ്പി നുകരുന്ന എന്നെ അവൻ കണ്ടു കാണില്ല. അല്ലെങ്കിൽ ഹൊസൈനിയുടെ വാക്കുകളിൽ ലയിച്ചിരിക്കുമ്പോൾ അപ്രസക്തനായ ഈ അയൽവാസിയെ അവൻ ഗൗനിച്ചു കാണില്ല.. രണ്ടുമൂന്നു ദിവസമായി രാത്രികാലത്തെ ഈ മേലോട്ടുനോക്കിയിരുപ്പ് തുടങ്ങിയിട്ട്. ആദ്യമായാണ് പക്ഷെ ഈ അസമയത്ത് മറ്റൊരാത്മാവിനെ പുറത്ത് കാണുന്നത്. ഓരോ പേജ് മറയ്ക്കുമ്പോഴും അവന്റെ മുഖത്ത് വ്യത്യസ്തഭാവങ്ങൾ മിന്നിമറയുന്നത് ആ മങ്ങിയ മെഴുകുതിരി വെട്ടത്തിൽ പോലും വ്യക്തം. എന്നാൽ ഒരുപാട് സമയമെടുക്കുന്നുണ്ട് താളുകൾ മറിക്കപ്പെടാൻ. വാക്കുകൾ വായിക്കുന്നതോടൊപ്പം ചുണ്ടുകളും നിരന്തരം നൃത്തം ചെയ്യുന്നുണ്ട്. വായന തുടങ്ങിയിട്ട് അത്ര കാലമായിക്കാണില്ലെന്ന് ഞാൻ ഗ്രഹിച്ചു. ഫത്തേഹ് അലി ഖാനെ തത്കാലത്തേക്ക് മ്യൂട്ട് ചെയ്ത് ഞാൻ എന്റെ പരിപൂർണ ശ്രദ്ധ ആ അപരിചിതനായ ചെറുപ്പക്കാരന് നൽകി. മുഷിഞ്ഞ ഒരു വെള്ളബനിയനും ട്രാക്പാന്റുമാണ് വേഷം. താടിയും മീശയുമെല്ലാം കിളിർത്തു തുടങ്ങിയിട്ടേ ഉള്ളു. എങ്കിലും ഒരു പക്വത അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. നീണ്ട് മെലിഞ്ഞ ശരീരം, അവന്റെ വേഷവിധാനവും വായിക്കുന്ന പുസ്തകവും തമ്മിൽ ചേരാത്തതുപോലെ അനുഭവപ്പെട്ടു.
ഒരുപക്ഷെ എനിക്കത്ര പരിചിതമല്ലാത്ത സ്ഥലവും ആളുകളുമൊക്കെയായതു കൊണ്ടാകാം. നാലഞ്ച് മിനുട്ട് നേരം കഴിഞ്ഞപ്പോഴേക്കും എന്റെ ജിജ്ഞാസയടങ്ങി. വീണ്ടും ചന്ദ്രനും ആകാശവും ചുറ്റുമുള്ള ഇഷ്ടികക്കൂട്ടങ്ങളും, അങ്ങ് ദൂരെ കാണുന്ന കുഞ്ഞുമലകളുമെല്ലാമായി ചിന്തകൾ. ഏകദേശം മൂന്നു മണിയായപ്പോൾ അവനിരുന്ന ടെറസിൽനിന്നും ഒരു ശബ്ദം കേട്ടു. പുസ്തകമെല്ലാം അടച്ചുവെച്ച് മെഴുകുതിരി വെട്ടവുമണച്ച് എങ്ങോട്ടോ പോകാനൊരുങ്ങുകയാണ് അവനെന്ന് തോന്നുന്നു. ടെറസിലെ ഒരു കോണിൽ ചെറിയ ഒരു മുറി, തുണി വെച്ച് മറച്ചിരിക്കുന്നു. അവൻ അങ്ങോട്ട് കയറിപ്പോയി. കഷ്ടിച്ച് രണ്ടുപേർക്ക് കയറിക്കിടക്കാൻ പോന്ന വലുപ്പമൊക്കെയേ ആ മുറിക്കുണ്ടാവുകയുള്ളൂ. ആ മുറിയെ വീടെന്ന് വിളിക്കാൻ വിധിക്കപ്പെട്ടവനാണോ അവൻ? ഒരു മണിക്കൂർ മുൻപ് ജനിച്ച ജിജ്ഞാസ പൊടുന്നനെ സഹതാപവും ബഹുമാനവുമൊക്കെ ആയി പരിണമിച്ചു. അധികം വൈകാതെ മറനീക്കി പുറത്തുവന്ന അവൻ ധരിച്ച വസ്ത്രം ഏറെ പരിചിതമായി തോന്നി. ഞാൻ പഠിക്കുന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി സ്റ്റാഫാണ് കക്ഷി.
അന്നേ ദിവസം കോളേജിൽ നിന്നും മടങ്ങുന്ന നേരം വിദ്യാർത്ഥികളുടെ ഐഡികാർഡ് പ്രത്യക്ഷമായ വിരസതയോടെ പരിശോധിക്കുന്ന ആ യുവാവിനെ കോളേജ് കവാടത്തിന് മുന്നിൽ ഞാൻ വീണ്ടും കണ്ടു. മറ്റെല്ലാവരെയും പോലെ ഞാനും ഐഡികാർഡ് കാണിച്ച് ധൃതിയിൽ നടന്നകുന്നു. പക്ഷെ വലത്തെ പോക്കറ്റിനുമേൽ കറുത്ത പശ്ചാത്തലത്തിൽ ഇളംനീല നിറത്തിലെഴുതിയ അവന്റെ പേര് ഞാൻ വായിച്ചെടുത്തു. ഷമീർ...
ചന്ദ്രൻ വീണ്ടും നിലാവെളിച്ചം വീശിയപ്പോൾ ഇന്നലെക്കണ്ട അതേ ഭാവത്തിൽ അവിടെ തന്നെയിരിപ്പുണ്ട് ഷമീർ, അതേ പുസ്തകത്തിൽ മുഖമാഴ്ത്തിക്കൊണ്ട്. ഇത്തവണ പക്ഷേ അവനെന്നെ കണ്ടു. ഞാൻ ചിരിച്ചു. അവനും തിരിച്ച് മന്ദഹാസം തൂകി.
കൈകൾകൊണ്ട് പുസ്തകമെന്ന് ഞാൻ ആംഗ്യം കാട്ടി. അൽപ്പം ആലോചിച്ചതിന് ശേഷം, മനസ്സിലായെന്ന മട്ടിൽ അവൻ പുസ്തകമുയർത്തി, പുസ്തകത്തെ ചൂണ്ടി കൊള്ളാമെന്ന് ആംഗ്യം കാട്ടി. ഞാനും തിരിച്ചൊരു തംബ്സപ്പ് കൊടുത്തു. നിശബ്ദമായ ആ സംഭാഷണം അവിടെ അവസാനിച്ചു. അവൻ ഖാലിദ് ഹൊസ്സൈനിയ്ക്ക് ചെവികൊടുത്തു. ഞാൻ ഹാരി സ്റ്റൈല്സിനും.. തുടർച്ചയായി രണ്ടു മൂന്നു ദിവസങ്ങൾ ഞങ്ങൾ ഇങ്ങനെ പരസ്പരം ആംഗ്യഭാഷയിൽ സംവദിച്ചു. ഞാൻ കാതോർക്കുന്ന സംഗീതജ്ഞർ ഓരോ ദിവസവും മാറിക്കൊണ്ടിരുന്നപ്പോഴും ഷമീർ ഹൊസൈനിയുടെ തടവുകാരനായി തുടർന്നു. ആഴ്ചയൊന്ന് കടന്നുപോയി. തിരക്കുപിടിച്ച എന്റെ കോളേജ് ജീവിതവുമായി ഞാനും, അതിലും തിരക്കേറിയ അതേ കോളേജിലെ വ്യത്യസ്തമായ ഒരു ജീവിതവുമായി അവനും യാന്ത്രികമായി കലണ്ടർ കോളങ്ങൾ പിന്നിട്ടു.
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരം ഏഴ് മണിക്ക് നിർജീവമായ ആത്മാവിനെയും താങ്ങി എന്റെ ശരീരം പണിപ്പെട്ട് കോളേജ് കവാടം പിന്നിടുകയായിരുന്നു. അടുത്ത് ഒരാൾക്കൂട്ടമുണ്ട്. കുരിശ് കണ്ടോടുന്ന ഇംഗ്ലീഷ് സിനിമാപ്രേതങ്ങളെ പോലെ ഞാൻ എതിർവശത്തേക്ക് കുതിക്കാനൊരുങ്ങി. അപ്പോഴാണ് വഴിയരികിൽ ചോരപുരണ്ട ഒരു ഹാൻഡ്ബാഗിൽ നിന്നും പുറത്തേക്കെത്തിനോക്കുന്ന ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടത്. 'എ തൗസണ്ട് സ്പ്ലൻഡിഡ് സൺസ്'! ഇതവനായിരിക്കില്ല. കോടിക്കണക്കിനാളുകൾ വായിക്കുന്ന പുസ്തകമാണ്. ഇതവനായിരിക്കില്ല. ഞാൻ എന്നോട് തന്നെ പറഞ്ഞു. എങ്കിലും, അൽപ്പനേരം ആൾക്കൂട്ടത്തിനോടുള്ള ഭയവും അമർശവുമെല്ലാം മറന്ന് ഞാൻ തിരക്കിനിടയിലേക്ക് തള്ളിക്കയറി. തളംകെട്ടിനിൽക്കുന്ന ചോരയിൽനിന്ന് നാലഞ്ചുപേർ ചേർന്ന് കോരിയെടുക്കുന്ന ഷമീറിന്റെ ശരീരം കണ്ട് ഞാൻ നിശ്ചലനായി. പെട്ടെന്ന് തല ചുറ്റി തുടങ്ങി. ആഞ്ഞു വലിച്ചിട്ടും വായു ശ്വാസകോശത്തിലേക്കെത്താത്ത പോലെ. നിലത്ത് വീഴാതിരിക്കാൻ അവശേഷിച്ചിരുന്ന ബോധവുമായി ഞാൻ പതിയെ ഒരു പീടികത്തിണ്ണയുടെ ഓരം പറ്റി. കുറച്ചധികനേരം അവിടെ അങ്ങനെയിരുന്നു. പേടിച്ച പോലെ എന്റെ വിറങ്ങലിച്ച മുഖം കണ്ട് ആരും വന്ന് എന്താണ് പറ്റിയതെന്ന് ആരാഞ്ഞില്ല. എനിക്കതിന് മറുപടിയില്ലായിരുന്നു. മനുഷ്യനറിയാവുന്ന ഒരു ഭാഷയിലും.!
ചുറ്റുപാടും എന്നെപ്പോലെത്തന്നെ മറ്റെല്ലാവർക്കും ഇരുണ്ടുതുടങ്ങിയപ്പോൾ ഞാൻ മെല്ലെ മെട്രോസ്റ്റേഷനിലേക്ക് നടത്തമാരംഭിച്ചു. എന്തോ വെച്ചു മറന്നപോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോൾ ഷമീറിന്റെ പുസ്തകം വഴിയോരത്ത് അനാഥമായി കിടക്കുന്നു. തിരക്കെല്ലാമൊഴിഞ്ഞിരിക്കുന്നു. ഇവിടെ ഒരു മനുഷ്യ ജീവൻ പൊലിഞ്ഞതിന് അവശേഷിക്കുന്ന ഏകതെളിവായിരുന്നു ചോരക്കറയുള്ള ആ പുസ്തകം. അതെടുക്കാതെ പോരാൻ മനസ്സ് സമ്മതിച്ചില്ല. ശക്തമായ ആത്മസംഘർഷത്തിനൊടുവിൽ ഞാൻ ആ പുസ്തകമെടുത്ത് ബാഗിൽ വെച്ചു. അതെടുക്കാൻ എനിക്കെന്തവകാശമെന്ന് ആയിരം തവണ ഞാൻ എന്നോട് തന്നെ ചോദിച്ചു. ഉത്തരമൊന്നുമുണ്ടായില്ലെങ്കിലും പുസ്തകം തിരിച്ചുവെയ്ക്കാൻ മനസ്സ് കൂട്ടാക്കിയില്ല. റൂമിൽ ചെന്നതിന് ശേഷം അന്നാരോടും ഒന്നും മിണ്ടിയില്ല. മാനത്ത് നക്ഷത്രങ്ങൾ തെളിയാൻ കാത്തിരുന്നു. നിലാവെളിച്ചത്തിൽ മേഘങ്ങൾക്ക് നടുവിൽ നിന്ന് ഞാനവന്റെ രക്തം പുരണ്ട ആ പുസ്തകം തുറന്നു. കഥയവസാനിക്കുന്നതിന് രണ്ട് പേജ് പിന്നിലായി ഒരടയാളം വെച്ചിരിക്കുന്നു; ദൈവമേ, ഒരു രാവു കൂടി നിനക്കവന് ആയുസ്സ് നീട്ടി നൽകാമായിരുന്നു. ആ പുസ്തകം വായിച്ചു തീർക്കാൻ., ലൈലയുടെ ജീവിതം ഒടുക്കമെങ്ങനെ വസന്തത്തിലേക്ക് വഴിമാറിയെന്ന് വായിച്ചറിയാൻ...
ഷമീറിന് പകരം, വർഷങ്ങൾക്കപ്പുറം വായിച്ച ആ പുസ്തകത്തിന്റെ അവസാനപേജുകൾ ഈറനണിഞ്ഞ കണ്ണുകളുമായി ഞാൻ വീണ്ടും വായിച്ചു. ഇടക്ക് തൊട്ടടുത്ത ടെറസിൽ ഷമീർ പുതിയൊരു പുസ്തകം വായിക്കാനാരംഭിച്ചോ എന്ന് നോക്കാതിരുന്നില്ല.!