മരണങ്ങൾ: ഉമ്മയുടേയും സഖാവ് പി. കൃഷ്ണപിള്ളയുടേയും
ഉമ്മ മരിച്ചിട്ട് ഒരു വർഷമാകുന്നു. ആ ഞെട്ടലിൽ നിന്ന് മോചിതരായതിന് ശേഷം മാത്രമേ അവരുടെ ജീവിതം പോലെ മരണത്തെയും നമുക്ക് വിലയിരുത്താനാകൂ. ഇവിടെ, പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവുമില്ലാത്ത രണ്ടു മനുഷ്യരുടെ മരണങ്ങളെ മുൻനിർത്തി ഇരുവർക്കും അവരുടെ ജീവിതാദർശങ്ങൾ എത്ര പ്രധാനമായിരുന്നുവെന്നാണ് പരിശോധിക്കുന്നത്.

ഉമ്മ മരിച്ചിട്ട് ഒരു വർഷമാകുന്നു. വൈകാരികത മനുഷ്യൻ്റെ യുക്തിയെ പ്രവർത്തനക്ഷമമല്ലാതാക്കി തീർക്കുന്ന ഒരു സന്ദർഭമാണ് പ്രിയപ്പെട്ടവരുടെ മരണങ്ങൾ. ആ ഞെട്ടലിൽ നിന്ന് മോചിതരായതിന് ശേഷം മാത്രമേ അവരുടെ ജീവിതം പോലെ മരണത്തെയും നമുക്ക് വിലയിരുത്താനാകൂ. ഇവിടെ, പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവുമില്ലാത്ത രണ്ടു മനുഷ്യരുടെ മരണങ്ങളെ മുൻനിർത്തി ഇരുവർക്കും അവരുടെ ജീവിതാദർശങ്ങൾ എത്ര പ്രധാനമായിരുന്നുവെന്നാണ് പരിശോധിക്കുന്നത്.
പി. കൃഷ്ണപിള്ള: ജീവിതവും മരണവും
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒറ്റ സ്ഥാപക നേതാവേ ഉള്ളൂവെങ്കിൽ അത് സഖാവ് കൃഷ്ണപിള്ളയാണ് എന്ന് പറഞ്ഞത് ഇ.എം.എസ്സാണ്. ശൂന്യതയിൽ നിന്നാണ് കൃഷ്ണപിള്ള കേരളത്തിൽ പാർട്ടി ഉണ്ടാക്കിയത് എന്ന് പറഞ്ഞാൽ പോലും അതിശയോക്തിയാകില്ല. സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളും ജാതിവിരുദ്ധ മുന്നേറ്റങ്ങളുമുണ്ടാക്കിയ ആശയലോകം കേരളത്തിലുണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി പോലെ സുസംഘടിതമായ ഒരു സംഘടനാ സംവിധാനം സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല. കേരളം മുഴുവൻ ഏറെക്കുറേ നടന്ന് തന്നെയാണ് കൃഷ്ണപിള്ളയും സഖാക്കളും അത് സാധിച്ചെടുത്തത്. പരസ്പരമുള്ള ഹൃദയബന്ധവും ആശയദൃഢതയും മാത്രമായിരുന്നു അവരുടെ കൈമുതൽ. നന്നേ ദരിദ്രമായ പശ്ചാത്തലത്തിൽ ജനിച്ച് ചെറുപ്പത്തിൽ തന്നെ അനാഥനായി, ജീവിക്കാനായി പല തൊഴിലുകളും ചെയ്ത ഒരാളായിരുന്നു സഖാവ് കൃഷ്ണപിള്ള. ആദ്യം ദേശീയ പ്രസ്ഥാനത്തിലേക്കും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും ആകർഷിക്കപ്പെട്ട ആ മനുഷ്യൻ തൻ്റെ മരണം കൊണ്ട് താൻ കൂടി ചേർന്നുണ്ടാക്കിയ പ്രസ്ഥാനം തനിക്ക് എത്ര പ്രധാനമായിരുന്നുവെന്ന് എഴുതിവച്ചാണ് കടന്ന് പോയത്.

"എൻ്റെ കണ്ണിൽ ഇരുൾ വ്യാപിച്ച് വരുന്നു. എൻ്റെ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളെ മുന്നോട്ട്... ലാൽ സലാം..!!!"
പാമ്പ് കടിയേറ്റ് താൻ മരണപ്പെടും എന്ന് തിരിച്ചറിഞ്ഞ ഒരു മനുഷ്യൻ അവസാനമായി ധീരമായി എഴുതിയ വരികളാണിവ. "എന്തു സംഭവിക്കുമെന്ന് എനിക്കറിയാം'' എന്നതിൽ മരണം അയാൾ മുന്നിൽ കണ്ടുകഴിഞ്ഞു. അതുകൊണ്ടാണ് അടുത്ത വാചകം "സഖാക്കളെ മുന്നോട്ട്" എന്നാകുന്നത്. തൻ്റെ മൂവ്മെൻ്റും സംഘടനയും മുന്നോട്ട് പോകുക സഖാക്കളാലാണ് എന്ന തിരിച്ചറിവാണ് ആ വാചകം എഴുതാൻ പ്രേരകമായിട്ടുണ്ടാകുക. കാരണം, ഒരു മതവിശ്വാസിയല്ലാത്ത കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം തൻ്റെ ജീവിതം വിലയിരുത്തപ്പെടുക ചരിത്രത്തിൻ്റെ മീറ്ററിലാണ്. അവർക്ക് തൻ്റെ കർമങ്ങൾ വിലയിരുത്തി വിധി പറയാൻ ഒരു ദൈവവും കാത്തിരിക്കുന്നില്ല. ധാർമികത അവരുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. തങ്ങൾ സ്വന്തം ജീവിതത്തിൽ തോറ്റ് പോയാലും ചരിത്രം കുറ്റക്കാരായി തങ്ങളെ വിധിക്കില്ല എന്ന ബോധമാണ് അവരെ നയിക്കുന്നത്. തൻ്റെ ജീവിതം അവസാനിക്കുന്ന വേളയിൽ സഖാവ് കൃഷ്ണപിള്ള തൻ്റെ സഖാക്കളിൽ പ്രതീക്ഷ വെക്കുന്നത് ഈ ചരിത്രബോധത്തിൻ്റെ പിൻബലത്തിലാണ്.
ഉമ്മ: ജീവിതവും മരണവും
സഖാവ് പി. കൃഷ്ണപിള്ളയെ പോലെ ഒരു കാലത്തും പൊതുപ്രവർത്തനം നടത്തിയ ആളല്ല ഉമ്മ. പഴയ മുസ്ലീം കുടുംബത്തിലെ പതിമൂന്ന് മക്കളിൽ ഒരാൾ. റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്ന ഉമ്മയുടെ വാപ്പയുടെ മരണത്തോടെ കുടുംബത്തിൻ്റെ സമ്പദ്ഘടന താളം തെറ്റിയിരുന്നു. എറണാകുളത്തിൻ്റെ നഗര പശ്ചാത്തലത്തിൽ നിന്ന് വിവാഹത്തിന് ശേഷം കോട്ടയത്തെ ഒരു കുഗ്രാമത്തിലേക്കുള്ള മാറ്റം ഉമ്മക്ക് ഒരു ഷോക്ക് ആയിരുന്നു. അതിനെക്കുറിച്ച് ഇടക്കിടക്ക് പറയാറുണ്ടായിരുന്ന ഒരു കാര്യമുണ്ട്. "രാവിലെ എഴുന്നേൽക്കുമ്പോ, ഞാൻ ഇടക്കിടക്ക് സ്വയം നുള്ളി നോക്കും. ഇനി കല്യാണം കഴിഞ്ഞതൊക്കെ ഒരു സ്വപ്നമാണെങ്കിലോ..." അത്ര കുട്ടി ആയിരുന്നു ഉമ്മ മരണം വരെ. എന്നാൽ അചഞ്ചലമായ ഇസ്ലാം മതവിശ്വാസിയും. ഒരു നേരത്തെ നിസ്കാരം പോലും കളയാത്ത, ജീവിതത്തിലെ ഏല്ലാ പ്രവർത്തനങ്ങൾക്കു മുമ്പും പ്രാർത്ഥനയോടെ തുടങ്ങുന്ന, എല്ലാ നന്മകൾക്കും ദൈവം പ്രതിഫലം നൽകും എന്ന പ്രതീക്ഷയോടെയുള്ള ജീവിതം.
പള്ളിയിൽ നിസ്കരിക്കാൻ വരുന്ന അതിഥി തൊഴിലാളികളെ കുറിച്ച് വംശീയത കലർന്ന സംസാരം നടത്തിയ ഒരു മതവിശ്വാസിയോട്, നബിയെ കോട്ട് ചെയ്ത് ദൈവത്തിന് കറുത്തവനെന്നും വെളുത്തവനെന്നും വിവേചനമില്ല എന്ന് വാദിക്കാനുള്ള ധൈര്യമുണ്ടായിരുന്നു ഉമ്മക്ക്. തൻ്റെ ഇടതുപക്ഷാനുഭാവത്തെയും വി.എസ്സിനോടും കലാഭവൻ മണിയോടുമുള്ള ഇഷ്ടത്തിനുമൊക്കെ ഉമ്മയുടെ ഇസ്ലാമിൽ സ്ഥാനമുണ്ടായിരുന്നു. അവസാന ദിവസങ്ങളിൽ ഒരു പ്രസംഗം കേട്ടിരുന്ന എന്നോട് ഉമ്മ വന്ന് ചോദിച്ചത്, കേൾക്കുന്നത് യെച്ചൂരിയെ ആണോ എന്നായിരുന്നു. ഞാൻ കേട്ടിരുന്നത് സീതാറാം യെച്ചൂരിയെ തന്നെ ആയിരുന്നു. എന്നാൽ മരണത്തിന് ശേഷമുള്ള പരലോക ജീവിതത്തിലും അവിടെ ദൈവം പ്രഖ്യാപിക്കുന്ന നീതിയിലും ഉമ്മ അടിയുറച്ച് വിശ്വസിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 28 ന് പുലർച്ചെ അവസാന നിമിഷങ്ങളിൽ ഉമ്മ പറഞ്ഞ ഏക വാക്ക് 'അള്ളാ' എന്ന് മാത്രമാണ്. രണ്ടോ മൂന്നോ മിനിറ്റ് നീണ്ടു നിന്ന ഹൃദയാഘാതത്തിൻ്റെ വേദനയിൽ തൻ്റെ ദൈവത്തിൻ്റെ പേര് മാത്രം ഉച്ചരിക്കാൻ ഉമ്മക്ക് കഴിഞ്ഞത് സഖാവ് കൃഷ്ണപിള്ളയെ പോലെ തന്നെ മറ്റൊരു വിശ്വാസത്തിൻ്റെ ബലമാണെന്ന് തോന്നുന്നു. ഒരു പക്ഷെ, ഏതൊരു മതവിശ്വാസിക്കും സ്വപ്നമായ ദൈവത്തെ വിളിച്ച് കൊണ്ടുള്ള മരണം ഉമ്മ കാലങ്ങളായി കൊതിച്ച ഒന്നാകണം. തൻ്റെ ജീവിത ദൈന്യതയിൽ നിന്നും ഉമ്മ നീതി പ്രതീക്ഷിച്ചിരുന്നത് ദൈവത്തിൻ്റെ അടുത്ത് നിന്ന് മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റുകൾക്കത് സ്വയമോ തൻ്റെ പിന്നിൽ വരുന്ന സഖാക്കളോ നേടിയെടുക്കേണ്ടതാണ്. എങ്കിലും ജീവിതാവസാനത്തിൽ സ്വന്തം വിശ്വാസത്തിനും അവബോധത്തിനുമനുസരിച്ച് മരിക്കാൻ കഴിയുന്ന മനുഷ്യർ അവരുടെ ഉള്ളിലുള്ള ആശയങ്ങൾ എത്ര ദൃഡമാണ് എന്നാണ് കാണിച്ചു തരുന്നത്.