ശ്രദ്ധ കിട്ടാത്ത ജീവിതങ്ങൾ

കലാലയ ജീവിതത്തിന്റെ സുന്ദരമായ നിമിഷങ്ങൾ മനസ്സ് നിറക്കേണ്ട ഒരു കാലത്ത് തന്റെ സഹപാഠിയെ നഷ്ടപ്പെട്ട വേദനയിൽ വിങ്ങുന്ന പ്രിയ സഹോദരങ്ങളേ.....അവരുടെ രക്ഷിതാക്കളെ.....സംഭവിച്ചത് എന്തെന്ന് അറിയാതെ സ്തബധരായി നിൽക്കുന്ന അധ്യാപകരേ....സംഭവിച്ചതൊക്കെ വെള്ള പൂശാൻ ശ്രമിക്കുന്ന അധികാരികളേ... ഇത്രയും കാലം വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഓർത്തില്ലല്ലോ എന്ന് പറഞ്ഞ് മരിച്ചിട്ടും ആ കുഞ്ഞിനെ പഴി ചാരുന്ന മറ്റൊരുപറ്റം ജനങ്ങളെ.... നിങ്ങളിത് കേൾക്കുക:
“നിങ്ങൾ പടുത്തുയർത്തിയ മണിമാളിക പോലുള്ള, കെട്ടിടത്തിനുള്ളിൽ തേച്ച് നിവർത്തിയ വടിവൊത്ത യൂണിഫോമുമിട്ട്, പളപളാ തിളങ്ങുന്ന ബോർഡുകളിൽ പതിക്കുന്ന മുപ്പത്തിനായിരത്തിൻ്റെ ആ പ്രൊജക്ടറിന്റെ മുൻപിൽ നല്ല കളറുള്ള ഇരുമ്പ് കസേരയും താങ്ങി പിടിച്ചിരിക്കുന്ന ആ വിദ്യാർത്ഥിയുടെ ഉള്ളിൽ………. നിങ്ങളീ കാണുന്ന സുന്ദരസുരഭില കലാലയത്തിൻ്റെ HD ദൃശ്യമികവാർന്ന പരസ്യമല്ല ഓടുന്നത്. മറിച്ച് നിങ്ങളുണ്ടാക്കി കൊടുത്ത ആശങ്കകളുടെയും ആധിയുടെയും നേർചിത്രങ്ങളാണ്. “എനിക്കിനി ജീവിക്കണ്ട മരിച്ചാൽ മതി” എന്ന് വരെ ഒരു വിദ്യാർത്ഥിനിയെ തോന്നിപ്പിക്കാൻ കഴിവുള്ള ഭയമാണ്.”
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, കലാലയ വിദ്യാർത്ഥി ആയിരിക്കുക എന്നത് അതിലെ അക്കാദമിക ഭാരം കൊണ്ട് തന്നെ മാനസിക പിരിമുറുക്കങ്ങളുടെ ഒരു കാലഘട്ടമാണ് സമ്മാനിക്കുന്നത്. ഒപ്പം കൌമാരപ്രായത്തിൽ നിന്നും ഒരു പ്രായപൂർത്തിയായ വ്യക്തി എന്ന നിലയിലേക്കുള്ള മാറ്റവും കുട്ടികളിൽ കാര്യമായ മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പഠനം, ജോലി, വീടിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതി, മാതാപിതാക്കളുടെ ആരോഗ്യം, സമകാലിക ലോകത്തെ ട്രെൻഡിനൊപ്പമുള്ള ജീവിതം, തുടങ്ങി നിരവധി വിഷയങ്ങളും ഈ പ്രായത്തിലുള്ളവരെ നിരന്തരം ബാധിക്കുന്ന കാര്യങ്ങളാണ്. ഇവയ്ക്കെല്ലാം പുറമെയാണ് അക്കാദമിക ജീവിതത്തിലെ അനാവശ്യ ഈഗോയുടെയും സൂപ്പർ ഈഗോയുടെയും പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന് അനുഭവിക്കേണ്ടി വരുന്നത്.
ഒരു രാജ്യത്തിൻ്റെ ഉത്തമ പൗരനായി ഓരോ വ്യക്തിയെയും വാർത്തെടുക്കുന്നതിൽ കലാലയങ്ങളുടെ പങ്ക് വളരെ വലുതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഒരു വ്യക്തി എങ്ങനെയായിരിക്കണം എന്ന് പഠിക്കുന്ന ഒരു പ്രധാന സ്ഥലം കൂടിയാണത്. പാഠ്യവിഷയങ്ങളോടൊപ്പം തങ്ങളുടെ സർഗാന്മകത വളർത്താൻ കൂടിയുള്ള ഇടമാകണം കലാലയങ്ങൾ.
ഒരു വ്യക്തിയെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയിലേക്ക് നയിക്കേണ്ട, അല്ലെങ്കിൽ ഒരു പക്ഷെ അവയെ സന്തുലിതമാക്കേണ്ട, ഒരു സ്ഥലം തൻ്റെ ജീവിതം തന്നെ അവസാനിപ്പിച്ചുകളയാൻ തോന്നിക്കുന്ന കലുഷിതമായ ഒരിടമായി മാറുന്നത് എന്തുകൊണ്ടാണെന്ന് ആഴത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
ഒരു കുട്ടിയെ തങ്ങളുടെ സ്ഥാപനത്തിൽ ചേർത്താൽ ഉടൻ ആ വ്യക്തിയുടെ മുകളിൽ സവിശേഷമായ ഒരു അധികാരം കിട്ടിയതുപോലെയാണ് നമ്മുടെ അധ്യാപകസമൂഹത്തിലെ ഒരുകൂട്ടം ആളുകൾ പെരുമാറുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ നല്ല ഇമേജുള്ള, പാഠപുസ്തകം പഠിപ്പിക്കുന്നതിൽ അഗ്രഗണ്യരായ, പൊതുവെ പുരോഗമനം പറയുന്ന, തണ്ണീർ മത്തൻദിനങ്ങളിലെ രവി പദ്മനാഭനെ പോലെയുള്ള ഈ ജോലിക്ക് അനർഹരായ അധ്യാപകരും ഈ കൂട്ടത്തിൽ ഉണ്ട് എന്നത് അത്യന്തം സങ്കടകരമായ കാര്യമാണ്. എല്ലാ അധ്യാപകരും ഇങ്ങനെയാണന്നല്ല, മറിച്ച് വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ ഇതുപോലെ ഒരാളെയെങ്കിലും ഓരോ വിദ്യാർത്ഥിയും അഭിമുഖീകരിച്ചിട്ടുണ്ട് എന്നുള്ളതാണ് ഇത് ഇവിടെ ചർച്ച ചെയ്യുന്നതിൻ്റെ പ്രസക്തി.
“മറ്റുള്ള ഭാഷകള് കേവലം ധാത്രിമാര്! മര്ത്ത്യനു പെറ്റമ്മ തന്ഭാഷതാന്” എന്ന് പഠിപ്പിച്ചിട്ട് അടുത്ത ക്ലാസ്സിൽ മലയാളം സംസാരിച്ചതിന് ഫൈൻ അടിക്കുന്നതിൽ നിന്നും കോളേജുകളിലേക്ക് എത്തുമ്പോൾ “സ്വാതന്ത്രം എന്റെ ജന്മാവകാശമാണ്” എന്ന ലോകമാന്യതിലകൻ്റെ വരികൾ ഉദ്ധരിച്ച് അടുത്ത നിമിഷം എതിർലിംഗത്തിൽപ്പെട്ടവരോട് സംസാരിക്കാൻ പോലും പാടില്ല, എന്ന് പറയപ്പെടുന്ന പൊളിറ്റിക്കൽ സയൻസ് ക്ലാസ്സുകളിലേക്ക് വരെ എത്തിയന്നതല്ലാതെ, ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാജഭരണക്കാലത്തെ സമ്പ്രദായങ്ങളിൽ നിന്നും നാമൊട്ടും കരകേറിയിട്ടില്ല എന്നുള്ളതാണ് വസ്തുത. തിരിച്ച് ചോദ്യം ചോദിച്ചാലോ അധ്യാപകരുടെ ജാതീയമോ, സാമ്പത്തികമോ ആയ പക്ഷപാതങ്ങളെ ചൂണ്ടിക്കാണിച്ചാലോ “നിന്നെ ഞാൻ കാണിച്ചു തരാം” എന്ന് ഭീഷണിപ്പെടുത്തുന്ന, ഇൻ്റേർണൽ മാർക്ക് കുറച്ച് പ്രതികാരം വീട്ടുന്ന, അധികാരത്തിൻ്റെ ഹുങ്ക് കയ്യാളുന്ന ആളുകളുണ്ട് എന്ന് പറയാതെ വയ്യ. ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാതെ അയാളുടെ ബാഗുകളിലേക്കും ഫോണുകളിലേക്കും പോക്കറ്റുകളിലേക്കും നീളുന്ന അധികാരത്തിൻ്റെ കൈകൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഒന്ന് മൂത്രം ഒഴിക്കാൻ പോകാൻ, ഒരു കവിൾ വെള്ളം കുടിക്കാൻ, ഇന്നും അധികാരികളുടെ അനുവാദം മേടിക്കേണ്ടി വരുന്ന പ്രായപൂർത്തിയായ വിദ്യാർത്ഥികളുണ്ട്. ആർത്തവദിനങ്ങളിൽ കൂടെ കൂടെ ബാത്രൂം പോകാൻ ശ്രമിച്ച വിദ്യാർത്ഥിയെ slut shame ചെയ്ത അധ്യാപികയേ ഇപ്പോൾ ഓർക്കുന്നു. ഇവക്കെല്ലാം പുറമെ, ചില സമയങ്ങളിലൊക്കെ അധ്യാപകരുടെ വൈകാരിക ചവറ്റുകുട്ടകളായും വിദ്യാർത്ഥികൾക്ക് മാറേണ്ടി വരുന്നുണ്ട് എന്നുള്ളതാണ് ഇതിലേറെ സങ്കടകരമായ കാര്യം. അവരുടെ അധികാരപരിധിയിൽ വിധേയത്വത്തോടെ കേട്ടിരിക്കുന്ന വിദ്യാർത്ഥികളിലേക്ക് ഇതൊക്കെ കെട്ടഴിച്ചുവിടുന്നത് മനുഷ്യത്വമല്ല. നിരന്തരം ആരുടെയൊക്കെയോ നിരീക്ഷണത്തിന് കീഴിൽ ജീവിക്കേണ്ടി വരുന്ന, ചെയ്യുന്ന പ്രവർത്തികൾ എല്ലാം സോഷ്യൽ ഓഡിറ്റ് ചെയ്യപ്പെടുന്ന, സ്ഥാപനത്തിൻ്റെ സ്ഥാപിത മൂല്യങ്ങൾക്ക് മാത്രം വിലകൊടുക്കപ്പെടുന്ന ഒരു സ്ഥലത്ത് ഈ വിദ്യാർത്ഥികളുടെയൊക്കെ മാനസികാരോഗ്യം എത്രമാത്രം മോശമായിരിക്കും എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
പക്ഷെ, ഇവയെക്കാൾ ഒക്കെ ഭീകരമാണ് ഈ വിഷമങ്ങൾ ഒക്കെ തുറന്ന് പറയാൻ നമുക്ക് സുരക്ഷിതമായ ഇടങ്ങളില്ല എന്നത് . രക്ഷിതാക്കൾ വരെ പല സന്ദർഭങ്ങളിലും കുട്ടികളുടെ രക്ഷകർ ആകുന്നതിന് പകരം ഒരു വശം മാത്രം കേട്ട് പ്രതികരിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾക്ക് അവയുണ്ടാക്കുന്ന മാനസിക ആഘാതം വളരെ വലുതാണ്. ഓരോ വ്യക്തിയെയും പരസ്പരം ബഹുമാനിക്കുന്ന അവരുടെ മൂല്യങ്ങളെ വിലകല്പിക്കുന്ന, സ്വകാര്യതയെ മാനിക്കുന്ന, സ്വാതന്ത്ര്യമുള്ള, മനസ്സമാധാനമുള്ള വിശാലമായ ഇടങ്ങളായല്ലേ നമ്മുടെ കലാലയങ്ങൾ പ്രവർത്തിക്കേണ്ടത്?
വിദ്യാർത്ഥി ആത്മഹത്യകൾ വളരെയധികം ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ, ഒറ്റപ്പെട്ട സംഭവമെന്നും, അസാധാരണ സംഭവമെന്നും നാം വിളിക്കുന്ന ജീവത്യാഗങ്ങളൊക്കെ നമ്മളെപ്പോലെ സാധാരണമായൊരു ജീവിതം ജീവിക്കാൻ കൊതിച്ചവരുടേതായിരുന്നു. ചിറകടിച്ചു പറന്നുയരാൻ എന്നൊക്കെ കാവ്യാത്മകമായി വേണേൽ പറയാം. പക്ഷെ അതിനും മുൻപേ ചിറകരിഞ്ഞു കളഞ്ഞില്ലേ നമ്മുടെ വിദ്യാഭാസ കമ്പോളങ്ങൾ? ഈ സമ്മർദ്ദങ്ങളുടെ ഭാരം പേറുന്ന, താങ്ങാകുമെന്ന് കരുതിയ മാതാപിതാക്കൾ പോലും മനസ്സറിയാതെ തളർത്തി കളയുന്ന ഈ ജീവിതങ്ങൾ നാളെ തങ്ങളുടെ കുടുംബത്തിനും ഈ ലോകത്തിനും മുതൽക്കൂട്ടാവേണ്ടതായിരുന്നു എന്ന് ആര് മനസ്സിലാക്കാൻ?
ശ്രദ്ധ കിട്ടേണ്ട ഈ ജീവിതങ്ങൾക്ക് ഇനി കാര്യമായ കരുതൽ കൂടിയേ തീരൂ.
“ചോദ്യം ചോദിക്കുക ” എന്ന വിദ്യാർത്ഥിയുടെ അടിസ്ഥാന സ്വഭാവത്തെ ഭീഷണിപ്പെടുത്തുന്ന നിലപാടുകൾ ഇനി വേണ്ടെന്ന് വെക്കണം. ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്ന പ്രവണതകൾ വേണ്ടെന്ന് വെക്കണം.
ആത്മാഭിമാനമുള്ള ഒരു പൗരനെന്ന നിലയിൽ മാന്യമായി അഭിസംബോധന ചെയ്യപ്പെടാനുള്ള വിദ്യാർത്ഥിയുടെ അവകാശത്തെ വിലകുറച്ചുകാണുന്നത് അവസാനിപ്പിക്കണം. മനുഷ്യൻ്റെ സ്വാഭാവിക വികാരങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് അവരുടെ വിവാഹകമ്പോളത്തിലെ നിലവാരം ഉയർത്താൻ ശ്രമിക്കുന്ന സദാചാര നടപടികൾക്ക് കടിഞ്ഞാണിടണം.
അങ്ങനെ, യഥാർത്ഥ ലോകത്തിൻ്റെ സമ്മർദ്ദങ്ങളെ മറികടക്കാൻ പരിശീലിപ്പിക്കുന്നു എന്ന പേരിൽ വിദ്യാർത്ഥികളോട് ചെയ്യുന്ന ഈ ചൂഷണങ്ങളൊക്കെ അവസാനിപ്പിക്കണം. പകരം, മാറുന്ന ലോകത്ത് മാറ്റത്തിൻ്റെ വക്താക്കളാകണം. മനുഷ്യനൊപ്പം നിൽക്കണം. സഹാനുഭൂതിയുണ്ടാകണം. മാന്യമായി സംസാരിക്കണം. പരസ്പരം ബഹുമാനിക്കണം. മനസ്സറിഞ്ഞ് വളർത്തണം. മാനസികാരോഗ്യത്തെ മുറുകെപിടിക്കണം.